കുറവിലങ്ങാട്‌ സ്വദേശിയായ യുവ വൈദികന്‍ ഭോപ്പാലില്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍. ജോലി വാക്ദാനം ചെയ്ത് പള്ളിമുറിയില്‍ പീഡിപ്പിച്ചെന്ന് യുവതി

സുഭാഷ് ടി ആര്‍
Monday, August 13, 2018

കോട്ടയം: വിവാഹമോചിതയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പള്ളിമുറിയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച കേസില്‍ കോട്ടയം പാല സ്വദേശിയായ ഭോപ്പാല്‍ രൂപതാ വൈദികന്‍ അറസ്റ്റില്‍. ഇദ്ഗ ഹില്‍സിലെ സെന്റ് ജോസഫ് പള്ളി വികാരിയായ ഫാ.ജോര്‍ജ് ജേക്കബ് (52) ആണ് അറസ്റ്റിലായത്. ബലാത്സംഗ കുറ്റം ചുമത്തിയ വൈദികനെ കോടതി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ് .

മുംബൈ സ്വദേശിനിയും വിവാഹമോചിതയുമായ 30 കാരിയാണ് പരാതിക്കാരി. അശോക് ഗാര്‍ഡനിലാണ് ഇവര്‍ നിലവില്‍ താമസിക്കുന്നത്. മുംബൈ എംപി നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ജോലി അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതോടെയാണ് ഒരു സുഹൃത്ത് വഴി ജോലി തേടി ഇവര്‍ ഫാ.ജോര്‍ജിനെ സമീപിച്ചത്.

വൈദികന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാജെഹാനാബാദ് പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ച പരാതിപ്പെടുകയായിരുന്നു. വൈദികനെതിരെ ഐപിസി 376 പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അശോക് കുമാര്‍ ഉപാധ്യായ അറിയിച്ചു.

അതേസമയം, വൈദികനെതിരായ പരാതി വ്യാജമാണെന്ന നിലപാടിലാണ് സഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വൈദികന് വൈദ്യപരിശോധനയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്നും ഇവര്‍ പറയുന്നു. വൈദികന് ‘ലൈംഗികശേഷി’ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് ഇവരുടെ വാദം. ഇതിനോട് പോലീസ് പ്രതികരിച്ചിട്ടില്ല. വൈദ്യപരിശോധന റിപ്പോര്‍ട്ടും അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ഇവരുടെ നിലപാട്.

പാലാ കുറവിലങ്ങാട് സ്വദേശിയാണ് വൈദികന്‍. ഭോപ്പാല്‍ രൂപതയ്ക്കു വേണ്ടി മിഷണറി പ്രവര്‍ത്തനത്തിനായാണ്‌ ഇദ്ദേഹം ഭോപ്പാലില്‍ എത്തിയത് .

×