Advertisment

'അന്നാ പെസഹാ' രചിച്ച വൈദീകന്‍ ഫാ.ജി.റ്റി. ഊന്നുകല്ലില്‍ അന്തരിച്ചു: സംസ്‌കാരം തിങ്കളാഴ്ച

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചങ്ങനാശ്ശേരി: അന്നാ പെസഹാ' രചിച്ച് ഭക്തിഗാന രംഗത്ത് ശ്രദ്ധനേടിയ വൈദീകന്‍ ഫാ.ജി.റ്റി.ഊന്നുകല്ലില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ 9.30 ന് തടിയൂര്‍ സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌കാരം നടക്കുക.

Advertisment

publive-image

വിശുദ്ധ കുര്‍ബാനയുടെ പ്രാരംഭ ഗീതമായ അന്നാ പെസഹാ തിരുനാളില്‍... തുടങ്ങി സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ നിരവധി ഗീതങ്ങളും യാമപ്രാര്‍ത്ഥനാ ഗീതങ്ങളും ഉള്‍പ്പെടെ മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. പാരിജാത മലരേ.... പാപത്തിന്‍ പാഴ്മണ്ണില്‍ പൊട്ടി വിടര്‍ന്ന പാരിജാത മലരേ ദൈവ മാതാവേ....എന്ന മരിയന്‍ ഭക്തിഗാനവും ഫാ.ജി.റ്റി.ഊന്നുകല്ലിന്റെ തൂലികയില്‍ പിറന്നതാണ്.

മികച്ച ഗായകന്‍ കൂടിയായ അദ്ദേഹം കാല്‍നൂറ്റാണ്ടോളം ആകാശവാണിയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംഗീത രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ചങ്ങനാശ്ശേരി മാര്‍ത്തോമ്മാ വിദ്യാനികേതന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. അച്ചന്റെ എട്ടു സഹോദരങ്ങളില്‍ ജേഷ്ഠ സഹോദരി സിസ്റ്റര്‍ മൈക്കിള്‍ സിഎംസി ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രധാന അധ്യാപികയായിരുന്നു. ഈ സ്‌കൂളിന്റെ ജൂബിലി ഗാനവും മാര്‍ച്ച് ഫാസ്റ്റ് ഗാനവും അച്ചന്‍ സംഭാവന ചെയ്ത വരികളാണ്.

fr.oonnukallil
Advertisment