മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച് ഫ്രാന്‍സ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, March 15, 2019

ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിനെതിരെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍. തങ്ങളുടെ രാജ്യത്ത് മസൂദ് അസറിനുള്ള സ്വത്തുവകകള്‍ മരവിപ്പിക്കുന്നതായി ഫ്രാന്‍സ് അറിയിച്ചു. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയം ചൈന എതിര്‍ത്തതിനു പിന്നാലെയാണ് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നടപടി. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലിലെ 15 ല്‍ 14 അംഗങ്ങളും രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്നെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

ഫ്രാന്‍സിലെ മസൂദ് അസറിന്റെ സ്വത്തുകള്‍ മരവിപ്പിച്ചു കൊണ്ടാണ് ഫ്രാന്‍സ് വിഷയത്തെ സമീപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കുന്ന ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരുടെ പട്ടികയില്‍ മസൂദ് അസ്ഹറിന്റെ പേരുള്‍പെടുത്താനും ഫ്രാന്‍സിന് ആലോചനയുണ്ട്. മസൂദിനൊപ്പം നില്‍ക്കുന്ന സമീപനം ചൈന തുടരുകയാണെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമാകുമെന്ന് നയതന്ത്ര പ്രതിനിധികളും വ്യക്തമാക്കിയിരുന്നു.

അതേ സമയം, സുരക്ഷാ കൗണ്‍സിലിലെ 5 സ്ഥിരാഗംങ്ങള്‍ ഉള്‍പ്പെടെ 15 ല്‍ പതിനാലു രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിന്നെന്നും, ഇത് ഇന്ത്യന്‍ നയതന്ത്ര വിജയമാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. 2009 ല്‍ സമാന വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ചപ്പോള്‍ രാജ്യം ഒറ്റക്കായിരുന്നുവെന്നും, ഇപ്പോള്‍ രാജ്യത്തിനു ലോകരാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.അതേ സമയം മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ നാലാം തവണയും എതിര്‍ത്ത ചൈനയ്‌ക്കെതിരെ കടുത്ത അതൃപ്തിയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന ഭീകരസംഘടനാ നേതാക്കളെ നിയമത്തിനു മുന്നിലെത്താനുളള പോരാട്ടം തുടരുമെന്നും ഇന്ത്യ അറിയിച്ചു.

×