Advertisment

മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധി; അധിക ബാച്ചുകൾ തന്നെയാണ് പരിഹാരം: ഫ്രറ്റേണിറ്റി മൂവ്മെൻറ്

New Update

publive-image

Advertisment

മലപ്പുറം: 2020-21 അധ്യയന വർഷത്തെ പത്താം ക്ലാസ് റിസൾട്ട് വന്നിരിക്കുകയാണ്. കോവിസ് രണ്ടാം തരംഗത്തിന് ശേഷം വരുന്ന റിസൾട്ട് എന്ന അർത്ഥത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ ഉണ്ടായ വർദ്ധനവ് പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയും വിദ്യാrഥികളുടെയും ആശങ്കയും വർദ്ധിപ്പിക്കുന്നു.

പത്ത് വർഷത്തിലേറെയായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധികളിൽ മുഖ്യമായതാണ് ഹയർ സെക്കൻ്ററി ബാച്ചുകളുടെ പരിമിതി. ഓരോ വർഷവും കാൽ ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് വിദ്യാലയങ്ങളിൽ റഗുലർ പoനസൗകര്യമില്ലാത്തതിൻ്റെ പേരിൽ ജില്ലയിൽ പുറത്ത് നിൽക്കേണ്ടി വരുന്നത്.

70 ശതമാനം മാർക്ക് നേടി ഉന്നത വിജയം നേടിയവർക്ക് പോലും സീറ്റില്ലാത്തതിൻ്റെ പേരിൽ പ്രൈവറ്റ് സംവിധാനത്തെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഒരു വിദ്യാർഥിയും അഡ്മിഷനില്ലാതെ തെക്കൻ ജില്ലകളിൽ ബാച്ചുകൾ തന്നെ കാലിയായി കിടക്കുമ്പോഴാണ് മലപ്പുറത്തെ ഉന്നത വിജയം നേടിയ വിദ്യാർഥികൾ വർഷങ്ങളായി ഈ അനീതിക്കിരയാവുന്നത്.

തെക്കൻ ജില്ലകളിൽ ഒരു എ പ്ലസ് പോലും ലഭിക്കാത്ത വിദ്യാർഥിക്ക് പോലും ഇഷ്ടമുള്ള സ്കൂളിൽ താൽപ്പര്യമുള്ള കോഴ്സ് തെരഞ്ഞെടുക്കാനവസരമുണ്ട്. മിനിമം ഗ്രേഡ് യോഗ്യത നേടി വിജയിച്ച അവസാന വിദ്യാർഥിക്കും അവിടെ പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കുന്നു.

എന്നാൽ വേണ്ടത്ര ബാച്ചുകളില്ലാത്തതിനാൽ മലപ്പുറത്ത് ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥിക്ക് പോലും ഇഷ്ടമുള്ള കോഴ്സോ സ്കൂളോ ലഭിക്കുന്നില്ല. എഴുപത് ശതമാനം സ്കോർ ചെയ്ത വിദ്യാർഥികൾക്ക് പോലും ജില്ലയിൽ ഹയർസെക്കൻ്ററി സീറ്റ് ലഭ്യമല്ല.

ഈ വർഷം 75554 വിദ്യാർഥികളാണ് മലപ്പുറം ജില്ലയിൽ എസ്എസ്എല്‍സി പാസായത്. ഇതിന് പുറമെ സിബിഎസ്ഇ സ്കീമിൽ നിന്നും ഐസിഎസ്ഇ സ്കീമിൽ നിന്നും പത്താം ക്ലാസ് വിജയിച്ച് വരുന്ന വിദ്യാർഥികൾ കൂടി ഉൾപ്പെടുന്നു.

നിലവിൽ മലപ്പുറം ജില്ലയിൽ 85 ഗവ.ഹയർ സെക്കൻ്ററികളിലും 88 എയ്ഡഡ് ഹയർസെക്കൻ്ററികളിലുമായി 41200 പ്ലസ് വൺ സീറ്റുകളാണുള്ളത്. 34354 വിദ്യാർഥികൾക്ക് പ്ലസ് വൺ പഠനം ലഭ്യമല്ലെന്നർഥം. ജില്ലയിലെ മറ്റ് ഉപരിപoന സാധ്യതകളായ പോളിടെക്നിക്, വി എച്ച് എസ് ഇ, ഐ ടി ഐ എന്നിവയിൽ ആകെ 5057 സീറ്റുകളാണുള്ളത്. ഇവ കൂട്ടിയാലും 29297 വിദ്യാർഥികൾ പെരുവഴിയിൽ തന്നെയായിരിക്കും.

ഇനി സാധാരണക്കാർക്ക് പ്രയാസകരമായ ഉയർന്ന ഫീസ് കൊടുത്ത് പഠിക്കേണ്ട അൺ എയ്ഡഡ് സംവിധാനങ്ങളാണ് ബാക്കിയുള്ളത്.12025 സീറ്റുകളാണിങ്ങനെ മലപ്പുറം ജില്ലയിലുള്ളത്. കാശ് കൊടുത്ത് അവിടെ ചേരാൻ തയാറായാൽ പോലും 17272 പേർക്ക് അപ്പോഴും പഠിക്കാനാവില്ലെന്ന് ചുരുക്കം.

ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞ വർഷങ്ങളിലും ഉന്നയിക്കപ്പെട്ടപ്പോൾ 20 ശതമാനം താൽക്കാലിക സീറ്റുവർധനവാണ് സർക്കാർ നടത്തിയത്.ആ വർധനവ് വന്ന ശേഷവും പതിനായിരങ്ങൾ പുറത്തു തന്നെയായിരുന്നു. സീറ്റുവർധനവ് സ്ഥിരം പരിഹാരമേയല്ലെന്നതാണ് അനുഭവ യാഥാർഥ്യം.

50 പേർക്കിരിക്കാവുന്ന ഒരു ക്ലാസിൽ അറുപതിലധികം കുട്ടികൾ തിങ്ങിനിറഞ്ഞിരിക്കേണ്ടയവസ്ഥ അതുണ്ടാക്കുന്നു. ഒരു വർഷം കഴിഞ്ഞാൽ അടുത്ത വർഷം പ്രശ്നം അതുപോലെ ആവർത്തിക്കുകയും ചെയ്യുന്നു. അതിനാൽ ജില്ലയിലെ 85 ഗവ.ഹയർ സെക്കൻ്ററികളിലും പുതിയ ഹയർ സെക്കൻ്ററി ബാച്ചുകൾ അനുവദിച്ച് മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കുകയുള്ളു.

11 നിയമസഭാ മണ്ഡലങ്ങളിലായി മലപ്പുറം ജില്ലയിൽ താഴെ പറയുന്ന 20 ഗവ.ഹൈസ്കൂളുകളിൽ ഇപ്പോഴും ഹയർസെക്കൻ്ററിയില്ല.

മങ്കട

ജി.എച്ച്.എസ്.ചേരിയം (മങ്കട പഞ്ചായത്ത് )

കൊണ്ടോട്ടി

ജി.എച്ച്.എസ്. ചാലിപ്പുറം, എടവണ്ണപ്പാറ (വാഴക്കാട് പഞ്ചായത്ത്)

മഞ്ചേരി

ജി.എച്ച്.എസ്. എടപ്പറ്റ (എടപ്പറ്റ പഞ്ചായത്ത്)

താനൂർ

ജി.എച്ച്.എസ്. മീനാടത്തൂർ (താനാളൂർ പഞ്ചായത്ത്)

പെരിന്തൽമണ്ണ

ജി.എച്ച്.എസ് കാപ്പ്, തലേക്കാട് (വെട്ടത്തൂർ പഞ്ചായത്ത്)

വേങ്ങര

ജി.എച്ച്.എസ്. കുറുക (വേങ്ങര പഞ്ചായത്ത്)

ജി .എച്ച്.എസ്. കൊളപ്പുറം (എ.ആർ നഗർ പഞ്ചായത്ത്)

തിരൂരങ്ങാടി

ജി.എച്ച്.എസ്. തൃക്കുളം (തിരൂരങ്ങാടി മുൻസിപ്പാലിറ്റി)

ജി.എച്ച്.എസ്. നെടുവ ( പരപ്പനങ്ങാടി മുൻസിപ്പാലിറ്റി)

തിരൂർ

ജി.എം.എച്ച്.എസ്. കരിപ്പോൾ (ആതവനാട് പഞ്ചായത്ത്)

ജി.എച്ച്.എസ്. ആതവനാട്, പരിത്തി(ആതവനാട് പഞ്ചായത്ത്)

നിലമ്പൂർ

ജി.എച്ച്.എസ്. മരുത ( വഴിക്കടവ് പഞ്ചായത്ത്)

ജി.എച്ച്.എസ്. മുണ്ടേരി (പോത്തുക്കൽ പഞ്ചായത്ത്)

വണ്ടൂർ

ജി.എച്ച്.എസ്. കാപ്പിൽ കാരാട്( വണ്ടൂർ പഞ്ചായത്ത്)

ജി.എച്ച്.എസ്. നീലാഞ്ചേരി (തുവ്വൂർ പഞ്ചായത്ത്)

ജി.എച്ച്.എസ്. അഞ്ചച്ചവടി (കാളികാവ് പഞ്ചായത്ത്)

ഏറനാട്

ജി.എച്ച്. എസ്. പന്നിപ്പാറ, (എടവണ്ണ പഞ്ചായത്ത്)

ജി.എച്ച്.എസ്. വെറ്റിലപ്പാറ (ഊർങ്ങാട്ടിരി പഞ്ചായത്ത്)

ജി.എച്ച്.എസ്. വടശ്ശേരി (കാവനൂർ പഞ്ചായത്ത്)

ജി.എച്ച്.എസ്. പെരകമണ്ണ ( എടവണ്ണ പഞ്ചായത്ത്)

ഇവയെ ഹയർസെക്കൻ്ററിയായി അപ്ഗ്രേഡ് ചെയ്യാനും നടപടിയുണ്ടാക്കണം. ഐ ടി ഐ, പോളിടെക്നിക് ,വി എച്ച് എസ് ഇ സംവിധാനങ്ങളും വർധിപ്പിച്ചും പരിഹാരശ്രമങ്ങൾ നടത്താം.

രണ്ടാം LDF സർക്കാറിൻ്റെ പ്രകടന പത്രികയിൽ സ്പെഷ്യൽ പാക്കേജ് ഇനത്തിൽ മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കാൻ പഠന കമ്മീഷനെ നിയമിക്കുമെന്നും പുതിയ കോളേജുകളും പുതിയ കോഴ്സുകളും അധിക ബാച്ചുകളും അനുവദിക്കും എന്നതിനെ മലബാറിലെ വിദ്യാർഥികൾ വിശിഷ്യാ മലപ്പുറത്തെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതീക്ഷയോടെയാണ് കാണുന്നത്.

ഈ വർഷത്തെ ഹയർ സെക്കൻ്ററി അഡ്മിഷൻ ആരംഭിക്കുന്നതിന് മുമ്പേ തന്നെ മലപ്പുറത്തെ ഹയർ സെക്കൻ്ററി മേഖലയിൽ ഉള്ള പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറത്തിനായി LDF സർക്കാർ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് നടപ്പിലാക്കാനുള്ള നടപടികൾ ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.മലബാറിലെയും മലപ്പുറത്തെയും വളർന്ന് വരുന്ന തലമുറയോട് ചെയ്യുന്ന നിതീയായിരിക്കും ഇത്.

കാലങ്ങളയി മലപ്പുറം ജില്ല അനുഭവിക്കുന്ന വിവേചന ഭീകരക്ക് അറുതി വരുത്താൻ കേരള സർക്കാർ ഉടൻ നടപടി എടുക്കണം. അല്ലാത്തപക്ഷം പൊതുജനങ്ങളെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ശക്തമായ ജനകീയ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല കമ്മിറ്റി നേതൃത്യം നൽകും.

ഷമീമ സക്കീർ (ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെൻറ്, മലപ്പുറം), ഷരീഫ് സി.പി

(വൈസ് പ്രസിഡൻ്റ്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ്, മലപ്പുറം), അജ്മൽ തോട്ടോളി (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെൻറ്, മലപ്പുറം), അജ്മൽ കോഡൂർ (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെൻറ്, മലപ്പുറം), ഷബീർ പി.കെ (സെക്രട്ടേറിയേറ്റംഗം, ഫ്രറ്റേണിറ്റി മൂവ്മെൻറ്, മലപ്പുറം) എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

fraternity movement
Advertisment