Advertisment

കേരളത്തിലെ സംഘ്പരിവാർ ഏജന്റായി ഇടതുപക്ഷം പ്രവർത്തിക്കുന്നു - സജീദ് ഖാലിദ്

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാറിന്റെ അജണ്ട ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഏജന്റായി പിണറായിയുടെ നേതൃത്വത്തിലെ ഇടതുപക്ഷ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. താഹ ഫസലിന് ജാമ്യം നിഷേധിച്ച കോടതി നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിക്ക് വേണ്ടി ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഇസ്ലാമോഫോബിയ പടർത്തുന്ന ആർഎസ്എസ് സർക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തിൽ ആർഎസ്എസിൻ്റെ താൽപര്യങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അലനെയും താഹയെയും യുഎപിഎ ചാർത്തി ഹിന്ദുത്വ ഫാസിസത്തിന് കേരളത്തിലേക്ക് ഇടതുപക്ഷം വഴിയൊരുക്കിയത്.

എൻഐഎയുടെ സഹായത്തോടെ മുസ്ലിം ദളിത് ആദിവാസി സമൂഹങ്ങളിലെ ചെറുപ്പക്കാരെ ഭീകരവാദ മുദ്ര ചാർത്തി ജയിലിലടക്കാനും കൊലപ്പെടുത്താനും ഗൂഢാലോചന നടത്തുന്ന ഹിന്ദുത്വ ശക്തികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ചുട്ടെടുത്ത യുഎപിഎ കേരളത്തിൽ ഇടതു സർക്കാറിന്റെ നേതൃത്വത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്.

സിപിഎം പ്രവർത്തകരായ അലനും താഹയും ലഘുലേഖയും പുസ്തകങ്ങളും കൈവശം വെച്ചതിനും വ്യത്യസ്ത ആശയങ്ങളെ പഠന പഠനവിധേയമാക്കുന്നു എന്നതിനാലാണ് സർക്കാർ യുഎപിഎ ചുമത്തിയത്. സെപ്റ്റംബർ മാസത്തിൽ രണ്ടു പേരും ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും കഴിഞ്ഞദിവസം അലനു മാത്രം ജാമ്യം തുടർന്നും അനുവദിക്കുകയും താഹയ്ക്ക് നിഷേധിക്കുകയും ചെയ്തത് തികച്ചും പക്ഷപാതപരമാണ്.

താഹക്ക് ജാമ്യം നിഷേധിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണം എത്തിനിൽക്കുന്നത് സർക്കാറിന്റേയും കോടതിയുടെയും ഇസ്ലാം പേടിയിലാണ്. കേരളത്തിലെ മുസ്ലീങ്ങൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്ന ഭരണകൂടഭീകരത ഉയർത്തിയാണ് സിപിഎം സംഘപരിവാറിന് കേരളത്തിലേക്ക് വഴിയൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആദിൽ അബ്ദുൽ റഹീം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യ പ്രവർത്തകൻ എ.എസ്.അജിത് കുമാർ സംസാരിച്ചു . ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രട്ടറി ഇമാദ് വക്കം സമാപനം നിർവഹിച്ചു .

fraternity movement
Advertisment