Advertisment

അക്രമരാഷ്ട്രീയത്തിന് റിക്രൂട്ടിംഗ് ഏജൻസികൾ ആയി ഇടത്-വലത് വിദ്യാർത്ഥിസംഘടനകൾ അധപ്പതിച്ചു ഹമീദ് വാണിയമ്പലം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

അക്കിക്കാവ് (തൃശൂർ): പൊതു രാഷ്ട്രീയ മണ്ഡലത്തിൽ വ്യവസ്ഥാപിതമാക്കപ്പെട്ട അക്രമ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റുകളായാണ് കേരളത്തിലെ പരമ്പരാഗത ഇടതു വലതു വിദ്യാർത്ഥി സംഘടനകൾ കാമ്പസുകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. മാർച്ച് 2, 3 തിയ്യതികളിലായി തൃശൂർ അക്കിക്കാവ് ആസിഫ് റിയാസ് നഗറിൽ നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

മൊയ്യാരത് ശങ്കരൻ, വാടിക്കൽ രാമകൃഷ്ണൻ വാദങ്ങളിലൂടെ ഇപ്പോൾ കാസർഗോഡെ കൃപേഷ്, ശരത് ലാൽ ഇരട്ടക്കൊലപാതകങ്ങളിൽ എത്തി നിൽക്കുന്ന ഉത്തര മലബാറിലെ അക്രമ രാഷ്ട്രീയ പ്രവർത്തന സംസ്കാരത്തിന് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് മാത്രം പരിഹാരമാകില്ല. അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാർട്ടി നേതാക്കളുടെ സമാധാന ആഹ്വാനങ്ങൾ സ്വാഗതാർഹമാണെങ്കിലും ഫലപ്രദമായി പ്രയോഗത്തിൽ വരണമെങ്കിൽ പ്രവർത്തന ശൈലിയിൽ കാതലായ മാറ്റങ്ങൾ അനിവാര്യമാണ്.

ഇടതു വലതു വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ തങ്ങൾക്കാധിപത്യമുള്ള ക്യാമ്പസുകളിൽ നടപ്പിലാക്കുന്നത് ഈ ഹിംസാത്മക രാഷ്ട്രീയമാണ്. കുടിപ്പകയും പ്രതികാര ബുദ്ധിയും അപര വിദ്വേഷവും സ്വാഭാവികവത്കരിച്ച രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ബാലപാഠങ്ങൾ ക്യാമ്പസുകളിൽ നിന്നാണ് കുത്തി വെക്കപ്പെടുന്നത്.

സഹനവും സംവാദവും സാഹോദര്യ ബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ളടക്കമായിട്ടുള്ള പുതിയ രാഷ്ട്രീയ സംസ്കാരം ക്യാമ്പസുകളിൽ നിന്ന് തന്നെ ഉയിരിടുത്തു വളരേണ്ടതുണ്ട്. തെറ്റുകളെയും അബദ്ധങ്ങളെയും ന്യായീകരിക്കുന്നതിനു പകരം തുറന്ന സമീപനം സ്വീകരിക്കുന്നതും നിഗൂഡതകൾക്കു പകരം സുതാര്യതയെ ഉയർത്തിപ്പിടിക്കുന്നതുമായ രാഷ്ട്രീയ പ്രവർത്തന ശൈലിയെ വിപുലീകരിക്കാൻ വിദ്യാർത്ഥി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന ജനറൽ കൗൺസിൽ നാളെ സമാപിക്കും. പുതിയ പ്രവർത്തന കാലയളവിലേക്കുള്ള സംസ്ഥാന കമ്മിറ്റിയെയും കേരളത്തിൽ നിന്നുള്ള ദേശീയ ജനറൽ കൗൺസിൽ അംഗങ്ങളെയും നാളെ പ്രഖ്യാപിക്കും.

പരിപാടിയിൽ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് എസ് ഇർഷാദ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഡോ. അൻസാർ അബൂബക്കർ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ജോസഫ് ജോൺ, എം കെ അസ്‌ലം, പ്രദീപ് നെന്മാറ, കെ വി സഫീർഷാ, നജ്‌ദ റൈഹാൻ തുടങ്ങിയവർ സംസാരിച്ചു.

Advertisment