Advertisment

വയസ്സ് 52 ആയിട്ടും കല്യാണം കഴിഞ്ഞില്ല; എല്ലാ ദോഷങ്ങളും അകറ്റി കല്യാണം റെഡിയാക്കാമെന്ന് വിശ്വസിപ്പിച്ച് 'ജ്യോതിഷികളും ഋഷികളും' ചേര്‍ന്ന് തട്ടിയെടുത്തത് 97 ലക്ഷം രൂപ; വഡോദരയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറ്റിയ അമളി ഇങ്ങനെ....

New Update

വഡോദര: വ്യാജ ജ്യോത്സ്യന്മാരുടെ തട്ടിപ്പിനിരയായി സർക്കാര്‍ ഉദ്യോഗസ്ഥന് നഷ്ടമായത് ഒരു കോടിയോളം രൂപ. എല്ലാവിധ പ്രശ്നങ്ങളും തീരാന്‍ മാർഗങ്ങൾ ഉണ്ടെന്ന് വാഗ്ദാനം ചെയ്ത് 96.8 ലക്ഷം രൂപയാണ് വിവിധ കാലയളവിലായി വ്യാജജ്യോത്സന്മാരുടെ സംഘം ഇയാളിൽ നിന്നും തട്ടിയെടുത്തത്. ഡൽഹിയിൽ നിന്നുള്ള സംഘമാണ് ഗുജറാത്ത് സുബാൻപുര സ്വദേശിയായ 52 കാരനെ തട്ടിപ്പിനിരയാക്കിയത്.

Advertisment

publive-image

അൻപത് വയസ് പിന്നിട്ടിട്ടും വിവാഹം ഒന്നും ശരിയാകാത്ത നിരാശയിലായിരുന്നു ഉദ്യോഗസ്ഥൻ. ഇയാൾ പറയുന്നതനുസരിച്ച് 2018 ജനുവരിയിലണ് തട്ടിപ്പു സംഘത്തിന്‍റെ ആദ്യ കോൾ ഇദ്ദേഹത്തെ തേടിയെത്തിയത്. അയോധ്യ രാമജന്മഭൂമിയിൽ നിന്നുള്ള ജ്യോതിഷി ആണെന്നായിരുന്നു വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. ഉദ്യോഗസ്ഥനോട് ജോലിവിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ഇയാൾ, എന്ത് പ്രശ്നം ഉണ്ടെങ്കിലും പങ്കുവയ്ക്കാനും ആവശ്യപ്പെട്ടു.

ജ്യോത്സരുടെ വാക്ക് വിശ്വസിച്ചയാൾ തന്‍റെ സങ്കടങ്ങള്‍ തുറന്നു പറഞ്ഞു. ഇതുവരെ വിവാഹിതനായിട്ടില്ലെന്നും ഒറ്റയ്ക്കാണ് കഴിയുന്നതെന്നും വെളിപ്പെടുത്തി. ഇതുകേട്ട ജ്യോത്സൻ ഇയാളോട് ജനനത്തീയതി ചോദിച്ചറിഞ്ഞു. 35-40 വയസിന് ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുമായി വിവാഹം ഉടൻ തന്നെ നടക്കുമെന്നും ഒരു മകൻ ജനിക്കുമെന്നും പ്രവചിക്കുകയും ചെയ്തു. ഇത് കേട്ടതോടെ ജ്യോത്സനിലുള്ള വിശ്വാസം ഇരട്ടിയായി. ഇതോടെയാണ് തട്ടിപ്പ് സംഘം മുതലെടുപ്പ് തുടങ്ങിയത്.

ഉദ്യോഗസ്ഥന്‍റെ കുടുംബം ദുരാത്മാക്കളുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചനം നേടാൻ ഒരു എരുമയെ ബലികൊടുക്കണമെന്നുമാണ് ആദ്യം അറിയിച്ചത്. അതുപോലെ മരിച്ചു പോയ മാതാപിതാക്കളുടെ ശാന്തിക്കായും വീട്ടിൽ അഭിവൃദ്ധിയുണ്ടാകാനും നിരവധി അനുഷ്ഠാന കര്‍മ്മങ്ങളും വേണ്ടി വരുമെന്നും അതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന് വേണ്ടി പശുക്കളെ ദാനം ചെയ്യുമെന്നും രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ പ്രാർഥന നടത്തുമെന്നും കൂടി വ്യക്തമാക്കിയ ശേഷമായിരുന്നു പണം ആവശ്യപ്പെട്ടത്.

'ഇതിന് പിന്നാലെ തന്നെ ഇരയ്ക്ക് ഒരേ സംഘത്തിൽ നിന്നുള്ള വ്യത്യസ്ത ആളുകളിൽ നിന്നും കോളുകള്‍ വരാൻ തുടങ്ങി. 'ജ്യോതിഷി', ഋഷി എന്നൊക്കെ പരിചയപ്പെടുത്തിയായിരുന്നു കോളുകൾ' എന്നാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എൻ കെ വ്യാസ് അറിയിച്ചത്. ഓരോ തവണ ഓരോ ആളുകളും വിളിച്ച് ആവശ്യപ്പെടുന്ന തുക ഇയാൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫർ ചെയ്തു കൊടുക്കുകയായിരുന്നു പതിവ്.

ഒടുവിൽ തട്ടിപ്പ് മനസിലാക്കി വന്നപ്പോഴേക്കും ഏറെ വൈകി. 97 ലക്ഷത്തോളം രൂപ അപ്പോഴേക്കും അയാൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു.

fraud case
Advertisment