Advertisment

കൊല്ലം കടക്കൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് പകരം രാത്രി ഷിഫ്റ്റിൽ അപരൻ ഡോക്ടർ ; പരിശോധനക്കായി ആരോഗ്യ വകുപ്പ് വിജിലൻസ്‌ സംഘം എത്തിയതോടെ അപരൻ ഡോക്ടർ മുങ്ങി ; ഡ്യൂട്ടിയിൽ വീഴ്ച്ച വരുത്തിയ സർക്കാർ ഡോക്ടർക്ക് എതിരെ നടപടി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ഡ്യൂട്ടി ഡോക്ടർക്ക് പകരം രാത്രി ഷിഫ്റ്റിൽ അപരൻ ഡോക്ടർ. പരിശോധനക്കായി ആരോഗ്യ വകുപ്പ് വിജിലൻസ്‌ സംഘം എത്തിയതോടെ അപരൻ ഡോക്ടർ മുങ്ങി. ഡ്യൂട്ടിയിൽ വീഴ്ച്ച വരുത്തിയ സർക്കാർ ഡോക്ടർക്ക് എതിരെ നടപടി ഉണ്ടായേക്കും .

Advertisment

കടക്കൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം. രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന ഡോ. എസ് എസ് സുരേഷ് ഡ്യൂട്ടിക്കെത്തിയില്ല. എന്നാൽ, രേഖകളിൽ എല്ലാം ഡോ. സുരേഷ് തന്നെ ആയിരുന്നു രാത്രി ചുമതലയുള്ള ഡോക്ടർ.

publive-image

സുരേഷിന് പകരം മുൻപ് ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ എൻ എച്ച് എം വഴി ജോലി ചെയ്തിരുന്ന ഡോ. അൽ ഷർഫിൻ ആണ് രാത്രി ഡ്യൂട്ടി എടുത്തത്. പുലർച്ചെ വരെ രോഗികളേയും പരിശോധിച്ചു. ഇതിനിടയിലാണ് ആരോഗ്യ വകുപ്പ് വിജിലൻസ് സംഘം ആശുപത്രിയിൽ എത്തിയത്. വിജിലൻസ് സംഘത്തെ കണ്ട അൽ ഷർഫിൻ മുങ്ങി. ഇതോടെ അത്യാഹിത വിഭാഗമടക്കം സ്തംഭിച്ചു.

തുടർന്ന് വിജിലൻസ് സംഘം സൂപ്രണ്ട് അടക്കം മറ്റ് ഡോക്ടർമാരെ വിളിച്ചു വരുത്തി ആശുപത്രി പ്രവർത്തനം പുനരാരംഭിച്ചു. കഴിഞ്ഞ ഒരു മാസമായി ഡോ. സുരേഷ് രാത്രി ഡ്യൂട്ടി എടുക്കാറില്ല എന്ന് പരാതി ഉണ്ട്. ആശുപത്രിയിൽ ജോലി ഇല്ലാത്ത ഡോക്ടറെ പകരം കൊണ്ടുവന്ന ശേഷം രാത്രി ഡ്യൂട്ടിയിൽ നിന്ന് മാറി നിൽക്കുകയാണെന്ന പരാതിയും ആരോഗ്യവകുപ്പിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ആൾമാറാട്ടം കയ്യോടെ പിടികൂടിയതിനാൽ ഡോക്ടർ സുരേഷിനെതിരെ നടപടിയ്ക്ക് സാധ്യതയുണ്ട്.

ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു എന്ന് പറയുന്ന പല ഡോക്ടർമാരും ഹാജർ ബുക്കിൽ ഒപ്പിട്ടിരുന്നില്ല എന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് രാത്രി ഡ്യൂട്ടി കൊടുക്കുന്നതിനാൽ പകൽ സമയങ്ങളിൽ ഒ പികളിൽ ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയും ആശുപത്രിയിൽ ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി.

Advertisment