Advertisment

ശ്രീലങ്കന്‍ പാര്‍ലമെന്‍റ് മരവിപ്പിച്ചതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന

New Update

Advertisment

ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പാര്‍ലമെന്‍റ് മരവിപ്പിച്ചതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന. മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സെക്രട്ടറി സമന്‍ ഏകനായകെയും മറ്റ് ഉദ്യോഗസ്ഥരരെയും സിരിസേന പുറത്താക്കി. ശ്രീലങ്കന്‍ ഔദ്യോഗീക വാര്‍ത്താവിനിമയ ഏജന്‍സിയുടെ തലവനായി സിരിസേനയുടെ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകനെ നിയമിച്ചു.

അടുത്ത മാസം 16 വരെയാണ് പാര്‍ലമെന്‍റിന്‍റെ സമ്മേളന നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെയാണ് പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ നീക്കം. പാര്‍ലമെന്‍റ് തിങ്കളാഴ്ച ചേരേണ്ടതായിരുന്നു.

എന്നാല്‍ താന്‍ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും സിരിസേനയുടെ തീരുമാനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും റെനില്‍ വിക്രമസിംഗെ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ ഇപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷി വിക്രമ സിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി തന്നെയാണ്. രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ സിരിസേനയുടെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രീഡം അലയന്‍‌സ് പാര്‍‌ട്ടിക്ക് ഏകപക്ഷീയമായി ഭരണകക്ഷിക്കുളള പിന്തുണ പിന്‍വലിക്കാനോ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനോ നിയമപരമായി കഴിയില്ല എന്നാണ് വിക്രമ സിംഗെയുടെ വാദം. അടിയന്തരമായി പാര്‍ലമെന്‍റ് വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണമെന്നും  വിക്രമസിംഗെ ആവശ്യപ്പെട്ടു.

Advertisment