Advertisment

ഇന്ധന വില വർദ്ധനവിൽ പരിധി നിശ്ചയിച്ച് സൗദി; അടിസ്ഥാനം ജൂൺ മാസ വില; അധികം വരുന്ന വില സർക്കാർ വഹിക്കും

New Update

publive-image

Advertisment

ജിദ്ദ: ജനതാല്പര്യത്തിൽ അധിഷ്ഠിതമായ സൗദിയിലെ ഭരണം അസ്ഥിരമായ ഇന്ധന വിലയിലും പൊതുജനങ്ങൾക്ക് അനുഗ്രഹമാവുന്നു. ഇന്ധനത്തിന്റെ വില മാസാന്തം പരിഷ്കരിക്കുമ്പോൾ പൊതുജനം നൽകേണ്ടത് 2021 ജൂണിലെ വില മാത്രമാണെന്ന് വില നിർണയ സമിതി അറിയിച്ചു. ഇനിയുള്ള മാസങ്ങളിലും ജൂൺ വില മാത്രമാണ് ജനങ്ങൾ നൽകേണ്ടത്. അതിലധികം വരുന്ന സംഖ്യ സർക്കാർ വഹിക്കും. ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് ഇത്.

ജൂലൈയിൽ ജനം നൽകേണ്ടത് ജൂണിലെ വില മാത്രം. അത് ഇങ്ങിനെയാണ്: 91 ഇനം പെട്രോൾ ലിറ്ററിന് 2.18 റിയാൽ; 95 ഇനം പെട്രോൾ ലിറ്ററിന് 2.33 റിയാൽ. അതേസമയം,മാസാന്ത വില പരിഷ്കരണം അനുസരിച്ച് ജൂലൈ മാസത്തെ വില ഇപ്രകാരമാണ്: 91 ഇനം പെട്രോൾ ലിറ്ററിന് 2.28 റിയാൽ; 95 ഇനം പെട്രോൾ ലിറ്ററിന് 2.44 റിയാൽ.

സ്വദേശികൾക്കും പ്രവാസികൾക്കും ജീവിത ചിലവിൽ ആശ്വാസം പകരൽ, പൊതുതാൽപര്യം പരിഗണിക്കാൽ, രാജ്യത്തെ സാമ്പത്തിക നീക്കങ്ങളെ പിന്തുണക്കൽ തുടങ്ങിയവയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് ഊർജ, ജല ഉൽപന്ന എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി.

സൗദിയിൽ മാസത്തിൽ ഒരിക്കൽ പത്താം തിയതിയാണ് ഇന്ധന വില പരിഷ്കരിക്കുക. അത് പ്രകാരം ചിലപ്പോൾ കൂടിയും കുറഞ്ഞും വരും. അതേസമയം, അന്താരാഷ്‌ട്ര മാർകെറ്റിൽ ഇന്ധന വില കുറയുമ്പോൾ പോലും ദിവസവും എന്ന തോതിൽ അവയുടെ വില വർദ്ധിപ്പിക്കുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഭരണാധികാരികൾക്ക് രാജാധിപത്യം നിലനിൽക്കുന്ന സൗദിയിലെ ഭരണാധികാരികൾ കാണിക്കുന്ന ജനാശ്വാസ നടപടികൾ മാതൃകയായെങ്കിൽ എന്നാണ് ഇവിടുത്തെ ഇന്ത്യൻ സമൂഹത്തിന്റെ അഭിലാഷം.

Advertisment