പരാജയമറിയാതെ 39 മത്സരങ്ങള്‍ ! ബാഴ്സലോണയ്ക്ക് ലോക റെക്കോഡ്‌

സ്പോര്‍ട്സ് ഡസ്ക്
Saturday, April 14, 2018

മഡ്രിഡ്:  ബാഴ്സലോണ സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ പുതിയ റെക്കോഡിട്ടു. ലാലിഗയില്‍ പരാജയമറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പിന്നിടുകയെന്ന റെക്കോഡ് ഇനി കറ്റാലന്‍ ക്ലബ്ബിന് സ്വന്തം. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബാഴ്സ (2-1)ന് വലന്‍സിയയെ തോല്‍പ്പിച്ചതോടെയാണിത്.

ലൂയി സുവാരസ് (15), സാമുവല്‍ ഉംറ്റീറ്റി (51) എന്നിവരുടെ വകയായിരുന്നു വിജയികളുടെ ഗോള്‍. പെനാല്‍ട്ടിയിലൂടെ ഡാനിയേല്‍ പരേയോ (87) വലന്‍സിയയുടെ ഗോള്‍ കണ്ടെത്തി.

ഇതോടെ ലാലിഗയില്‍ ബാഴ്സയുടെ പരാജയമറിയാതെയുള്ള കുതിപ്പ് 39 പിന്നിട്ടു. 1980-ല്‍ 38 മത്സരങ്ങള്‍ പരാജയമറിയാതെ കുതിച്ച റയല്‍ സോസിഡാഡിനെയാണ് ബാഴ്സ മറികടന്നത്.

ജയത്തോടെ ബാഴ്സ ലാലിഗ കിരീടപ്രതീക്ഷ സജീവമാക്കുകയും ചെയ്തു. 32 മത്സരങ്ങളില്‍ 82 പോയന്റാണ് അവരുടെ സമ്പാദ്യം. 31 മത്സരങ്ങളില്‍ 68 പോയന്റുള്ള അത്ലറ്റിക്കോ മഡ്രിഡാണ് ലീഗില്‍ രണ്ടാമത്. വലന്‍സിയ (65) മൂന്നാമതും റയല്‍ മഡ്രിഡ് (64) നാലാമതുമാണ്. ലീഗിലെ മറ്റൊരു മത്സരത്തില്‍ സെവിയ (2-2) വിയ്യാറയലുമായി സമനിലയില്‍ പിരിഞ്ഞു

×