Advertisment

പാലാരിവട്ടം പാലം; സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ജി സുധാകരന്‍, മേല്‍നോട്ട ചുമതല ഇ ശ്രീധരന്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മേല്‍നോട്ട ചുമതല ഇ ശ്രീധരന് നല്‍കും. ഒന്‍പത് മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

'ഒരു കൂട്ടം റിട്ടയേര്‍ഡ് എന്‍ജിനീയര്‍മാരും സ്വകാര്യ എന്‍ജിനീയര്‍മാരും ചേര്‍ന്ന് എറണാകുളത്ത് അവിശുദ്ധ ബന്ധമുണ്ട്. നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നത് ഇവരുടെ പതിവായിരിക്കുകയാണ്. അവരാണ് ഹൈക്കോടതിയില്‍  പരാതി നല്‍കിയത്. സ്വാഭാവികമായി പാലം നിര്‍മ്മിച്ച ആര്‍ഡിഎക്‌സ് അവരുടെ നിലനില്‍പ്പിനായി പെറ്റീഷനുമായി മുന്നോട്ടുപോയി.

അവരെ കുറ്റപ്പെടുത്തുന്നില്ല. അവരോടൊപ്പം ഇവരും കൂടി ചേര്‍ന്നിട്ടാണ് വാദിച്ചത്. അന്ന് സിംഗിള്‍ ബെഞ്ച് ഇത് ചെയ്തില്ലായിരുന്നെങ്കില്‍ ശ്രീധരന് പാലം പണി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് മാസം മതിയായിരുന്നു. എറണാകുളത്ത് പൊതു നിര്‍മ്മിതികളെ എതിര്‍ക്കുന്ന ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇക്കാര്യം വിജിലന്‍സോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കേണ്ടതാണ്'- സുധാകരന്‍ പറഞ്ഞു.

പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തിരമായി ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം പുതിയ പാലം പണിയാമെന്നുള്ള നടപടികളിലേക്ക് കടക്കാമെന്നും ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ചെന്നൈ ഐഐടിയുടെ പഠനം, ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം.

പാലത്തില്‍ അറ്റകുറ്റപ്പണി നടത്തിയാല്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്നും, പൊളിച്ചുപണിയുന്നതാണ് അഭികാമ്യമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹാജരായി.

എന്നാല്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളെ പാലം നിര്‍മ്മാണത്തിലെ കണ്‍സള്‍ട്ടന്‍സിയായിരുന്ന കിറ്റ്കോ എതിര്‍ത്തിരുന്നു. രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ് പാലം പൊളിച്ചുകളയണമെന്ന് നിര്‍ദേശിക്കുന്നതെന്നും, ഭാര പരിശോധന നടത്തി പാലത്തിന്റെ ശേഷി പരിശോധിക്കണമെന്നുമാണ് കിറ്റ്കോ ആവശ്യപ്പെട്ടത്.

എന്നാല്‍ പാലാരിവട്ടം പാലത്തിന്റേത് പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സര്‍ക്കാര്‍ വാദിച്ചു.  കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോള്‍, പാലാരിവട്ടം പാലം അടഞ്ഞുകിടക്കുന്നതുവഴി കൊച്ചി നഗരത്തിലും വന്‍ ഗതാഗതകുരുക്കിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഉടന്‍ ഉത്തരവ് വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

g sudhakaran
Advertisment