കേന്ദ്രസര്‍ക്കാരിനെ പാട്ടുപാടി പരിഹസിക്കുന്നത് തുടരുമോ ?; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിയങ്ക ചതുര്‍വേദിയുടെ മറുപടി ഇങ്ങനെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, April 20, 2019

ഡല്‍ഹി : കോണ്‍ഗ്രസ് വക്താവായിരിക്കെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും വാര്‍ത്താ സമ്മേളനങ്ങളില്‍ പാട്ടുപാടിയും മറ്റും നേതാക്കളെ പരിഹസിക്കുകയും ചെയ്യുന്ന രീതിയായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടേത്.

അടുത്തിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോള്‍ ഒരു പാരഡി ഗാനം പാടിക്കൊണ്ടായിരുന്നു പ്രിയങ്ക ചതുര്‍വേദി സ്മൃതി ഇറാനിയെ പരിഹസിച്ചത്.

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ശിവസേനയില്‍ ചേര്‍ന്നതോടെ ഇനി കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക എത്തുമോ എന്ന ചോദ്യമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

കേന്ദ്രസര്‍ക്കാരിനെ പാട്ടുപാടി പരിഹസിക്കുന്നത് തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തെറ്റായ എന്ത് നടപടികള്‍ വന്നാലും താന്‍ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും പാടുന്നത് തുടരുമെന്നും ആയിരുന്നു പ്രിയങ്കയുടെ മറുപടി.

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി പാര്‍ട്ടി വിട്ടത്. പിന്നാലെ തന്നെ അവര്‍ ശിവസേനയില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു.

×