Advertisment

നിലവിലുള്ള നിയമങ്ങള്‍ എല്ലാവരും അനുസരിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും അറബി കടലില്‍ താഴ്ത്തിയാലും പ്രകൃതി സംരക്ഷിക്കപ്പെടും ; കാശ്മീരിലും, മഹാരാഷ്ട്രയിലും ഒക്കെ വെള്ളപ്പൊക്കം ഉണ്ടായതും, ലോകത്താകെ സുനാമി ഉണ്ടാകുന്നതും, കത്രീന, ഓഖി തുടങ്ങി വിചിത്രമായ പേരുകളിലുള്ള കൊടുങ്കാറ്റ് വീശിയതുമെല്ലാം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതു കൊണ്ടാണോ? ; അഡ്വ. എസ് അശോകന്‍ എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ : അതിവര്‍ഷവും പ്രകൃതി ദുരന്തങ്ങളും, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോഴും പ്രകൃതിയുടെ സംഹാരതാണ്ഡവം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

Advertisment

ഓരോ പെരുമഴക്കാലത്തും മാധവ് ഗാഡ്ഗിലിന്റേയും കസ്തുരിരംഗന്റേയും പേരില്‍ ചാനല്‍ ചര്‍ച്ചകളും പത്രത്താളുകളും കൊഴുപ്പിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണ്.

publive-image

ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് പഞ്ചായത്തിലാണ് അമ്മയുടെ സഹോദരിയുടെ വീട്. 1967-ല്‍ ആണ് ആദ്യമായി അവിടെ പോകുന്നത്. അഴുകിയ തൊണ്ടിന്റെയും, തെങ്ങോലയുടേയും മണത്തിനൊപ്പം, മത്സ്യ ഗന്ധവും കൂടി ചേര്‍ന്നാല്‍ അത് പട്ടണക്കാടിന്റെ തനത് മണമാകും. ദൂഷ്യം പറയരുതല്ലോ ആലപ്പുഴ ജില്ലയിലെ ഏതൊരു പഞ്ചായത്തും പോലെ പട്ടണക്കാട് പഞ്ചായത്തിനും അക്കാലത്ത് അതിന്റേതായ ഒരു രസക്കാഴ്ച്ചയുണ്ടായിരുന്നു.

പറമ്പുകളായ പറമ്പുകളിലെല്ലാം ഒന്നിലേറെ കുളങ്ങള്‍. തലങ്ങും വിലങ്ങും ഒഴുകുന്ന തോടുകള്‍, തോടുകളിലെ തെളിഞ്ഞ വെള്ളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തത്തി കളിക്കുന്ന വിവിധ ഇനം മത്സ്യങ്ങള്‍. കുളങ്ങളിലെ വെള്ളമാണ് മിക്കവരും കുടിക്കുന്നത്. അപൂര്‍വ്വം പറമ്പുകളില്‍ മാത്രമാണ് കിണറുകള്‍ ഉള്ളത്. വര്‍ഷാ വര്‍ഷം കുളങ്ങളെല്ലാം പ്രത്യേകതരം തൂമ്പാകൊണ്ട് വെട്ടി സിമിന്റിട്ട് പോലെ തേച്ചു മിനുക്കി പായലൊക്കെ കോരിക്കളഞ്ഞ് വൃത്തിയാക്കും .

കുളങ്ങള്‍ക്കിടയില്‍ കായ്ച്ചു കുലച്ചു തലയുയര്‍ത്തി നില്‍ക്കുന്ന ആരോഗ്യമുള്ള തെങ്ങുകള്‍ .40 ദിവസം കൂടുമ്പോഴുള്ള ഓരോ ഇടീലിനും പറമ്പ് നിറയെ വീഴുന്ന തേങ്ങ. കമ്മ്യുണിസത്തിന്റെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ലെങ്കിലും സമ്പന്നന്‍മാരെ പരസ്യമായി മൊതലാളന്‍ എന്നു വിളിച്ചു ബഹുമാനിക്കുന്ന കുടിയാന്മാര്‍. താളലയത്തില്‍ തൊണ്ടു തല്ലി കൈകൊണ്ട് കയര്‍ പിരിച്ച് ഉപജീവനം ചെയ്യുന്ന തൊഴിലാളികള്‍.

പിരിച്ച കയര്‍ വിറ്റു കിട്ടിയ തുഛമായ കാശും കൊണ്ട് അത്തെ ഭക്ഷണത്തിനാവശ്യമായ അരിയും പലവ്യജ്ഞനങ്ങളും, പിടക്കുന്ന അയലയും, മത്തിയും ഒക്കെ വാങ്ങി വീടു പറ്റി ഉള്ളതു കൊണ്ട് ഓണം പോലെ കഴിയുന്ന സാധാരണക്കാര്‍. ഇതായിരുന്നു ആലപ്പുഴ ജില്ലയിലെ ഏതൊരു പഞ്ചായത്തിലേയും പതിവ് കാഴ്ച്ച.

പഴയ ഓര്‍മകളുമായി പട്ടണക്കാട് ചെന്നാല്‍ ഞെട്ടും. കുടിയാന്മാരൊക്കെ കൊച്ചു മൊതലാളന്‍മാരായി മാറിയിരിക്കുന്നു. തൊണ്ടു തല്ലി കൈ കൊണ്ട് കയര്‍ പിരിക്കുന്ന തൊഴിലാളികളെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല. എല്ലാം മാറിയിരിക്കുന്നു, പ്രകൃതിയും, മനുഷ്യരും അവിശ്വസിനീയമാം വിധം..!

കുളങ്ങളൊക്കെ നികത്തപ്പെട്ടിരിക്കുന്നു. എന്നാലും എല്ലാവര്‍ക്കും വീടു വെയ്ക്കാന്‍ സ്ഥലം പോരാ!. തോടുകള്‍ പലതും അപ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്ന തോടുകളില്‍ കുറുകുറാ കൊഴുത്തു കെട്ടിക്കിടക്കു കറുത്ത മലിനജലം. അതില്‍ മീന്‍ പോയിട്ട് ക്ഷുദ്ര ജീവികള്‍ പോലും വാഴില്ല.

തെങ്ങുകളൊക്കെ ശോഷിച്ച് മച്ചിങ്ങ പോലും പിടിക്കാത്ത കുലകളും പേറി മഞ്ഞ നിറമുള്ള വളര്‍ച്ച മുരടിച്ച ഓലകളും ചൂടി പേക്കോലം പോലെ.. തെങ്ങും തെങ്ങോലയും ചീഞ്ഞ പഴയ പട്ടണക്കാടന്‍ ഗന്ധത്തിനു പകരം അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന ചുറ്റുപാടുകള്‍. പട്ടണക്കാട് ഇപ്പോഴിങ്ങിനെയാണ്. ആലപ്പുഴ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

ആരാണ് ഈ മാറ്റത്തിന് ഉത്തരവാദികള്‍

അങ്ങകലെ മല മുകളില്‍ വനം വെട്ടിവെളുപ്പിച്ചതും, പാറ ഖനനം പൊടിപൊടിച്ചതും കൊണ്ടാണോ?. പാറ പൊട്ടിക്കുമ്പോഴുള്ള പ്രകമ്പനം കൊണ്ടാണോ എല്ലാം മാറി മറിഞ്ഞത്?. അല്ലേയല്ല അതിരു വിട്ട പരിസ്ഥിതി മലിനീകരണവും പ്രകൃതിക്കിണങ്ങാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ജനസംഖ്യാ വര്‍ദ്ധനയും ഒക്കെയാണ് പ്രകൃതിയുടെ താളം തെറ്റിച്ചത്.

പാറ ഖനനം ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ആണ് ഉരുള്‍പൊട്ടലുകള്‍ക്ക് വഴിവെച്ചതെന്നു പറയുന്നതിന്റെ ശരിയും ശരികേടും ശാസ്ത്രമാണ് കല്‍പ്പിക്കേണ്ടത്.

മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ആരോഗ്യപരമായ താളമാണ് പ്രകൃതിയെ ഇക്കാലമത്രയും പോറല്‍ ഏല്‍ക്കാതെ നിലനിര്‍ത്തിയത്. ആ താളമാണ് തകര്‍ക്കപ്പെടുന്നത്. അതിന് കാടെന്നോ, നാടെന്നോ, കടലെന്നോ, കായലെന്നോ, പുഴയെന്നോ വ്യത്യാസമില്ല. പരിസ്ഥിതി ആഘാതം ഒരു പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു.

പ്രകൃതിയോട് മല്ലടിക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് മനുഷ്യന്‍ പഠിക്കേണ്ടത്. എവിടെയൊക്കെ എന്തൊക്കെ ആകാം എന്തൊക്കെ പാടില്ല എന്നൊക്കെ തിരിച്ചറിയുവര്‍ ആകണം പൊതു സമൂഹം. എവിടെ വീടു വെച്ചു താമസിക്കാം, എവിടെ വീടു വയ്ക്കരുത്, ഏതു കൃഷി, എവിടെ ചെയ്യാം, എവിടെ ചെയ്യരുത് എന്നൊക്കെ ആരെങ്കിലും ആരോടെങ്കിലും പറയാറുണ്ടോ?. പാലിക്കാറുണ്ടോ?.

മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലയാണ് ഏതു കൃഷി ചെയ്യണമെന്ന് തീരുമാനത്തെ സ്വാധീനിക്കുന്നത്. ഏലം കൃഷിക്കു മാത്രം ഇണങ്ങിയ മലമുകളില്‍ ഏലത്തിന് വിലകുറയുമ്പോള്‍ മരങ്ങളെല്ലാം രസം പുരട്ടിയും തീയിട്ടും നശിപ്പിച്ച് ഇതര കൃഷി ചെയ്യുന്നവരും അതു കണ്ടില്ലെന്നു നടിക്കുന്ന അധികാരികളും വരും തലമുറകളോട് ചെയ്യുന്നത് കൊടിയ അപരാധം തന്നെയാണ്.

പുഴകളും തോടുകളും, കായലുകളും എല്ലാം കയ്യേറുന്നതും നെല്‍പാടങ്ങളും, കാനകളും, ഓടകളും, കുളങ്ങളും, ചതുപ്പുകളും, മണ്ണിട്ടു നികത്തി കെട്ടിടങ്ങളും, ഫ്‌ളാറ്റുകളും നിര്‍മ്മിച്ചതും എല്ലാം പട്ടണങ്ങളില്‍ പ്രളയം സൃഷ്ടിക്കുന്നതില്‍ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.

നാടു മുഴുക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും റോഡുകള്‍ നിര്‍മ്മിക്കാനും കരിങ്കല്ലും മെറ്റലും മണലും എല്ലാം കൂടിയേ തീരു. േറാഡും, പാലവും, വീടുകളും, ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും, വിമാനത്താവളങ്ങളും, തുറമുഖങ്ങളും, റെയിലും, മെട്രോ റെയിലും ഒക്കെ കെട്ടി പൊക്കാന്‍ പിന്നെന്തു ചെയ്യും. പാറ പൊട്ടിക്കേണ്ടി വരും, ഖനനം ചെയ്യേണ്ടിയും വരും. ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുന്നതു വരെ ഇതൊക്കെ അനിവാര്യമാണ്. പാറ പൊട്ടിക്കരുതെന്നു പറയുന്നവര്‍ ആ യാഥാര്‍ത്ഥ്യം കണ്ടില്ലെ്ന്ന് നടിച്ചിട്ട് ഒരു കാര്യവുമില്ല.

പശ്ചിമഘട്ട പര്‍വ്വത നിരകളിലെ പരിസ്ഥിതി ആഘാതത്തെ പറ്റി പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. മാധവ് ഗാഡ്ഗില്‍ പ്രകൃതി സംരക്ഷിക്കണമെന്ന് പറഞ്ഞതിനെ ആരും എതിര്‍ക്കേണ്ട കാര്യമില്ല. ആരും എതിര്‍ക്കാനും പാടില്ല. റിപ്പോര്‍ട്ടിലെ അപ്രായോഗികമായ നിര്‍ദ്ദേശങ്ങളോടേ എതിര്‍പ്പിന് കാര്യമുള്ളു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം താലൂക്കുകള്‍ ആണ് ഇന്ന എസ് എയുടെ അടിസ്ഥാന യുണിറ്റ്. പിന്നെ പത്തു കിലോമീറ്റര്‍ വിസ്തൃതിയില്‍ ബഫര്‍ സോ. ഒരു താലൂക്കില്‍ എവിടെയെങ്കിലും ഒരു മൂലയില്‍ കാടും പാറയും ഉണ്ടെങ്കില്‍ ആ താലൂക്ക് മൊത്തമായി ഇ എസ് എ ആയി കണക്കാക്കണമെന്നു പറയുതിന്റെ ലോജിക്ക് ആര്‍ക്കും പിടികിട്ടില്ല.

ആര്‍ക്കും ശരിയെന്ന് പറയാനും കഴിയില്ല. ഇ എസ് എയില്‍ പെടുത്തിയ താലൂക്കുകള്‍ക്കു ചുറ്റുമുള്ള ബഫര്‍ സോണും കൂടി ഒഴിവാക്കിയാല്‍ പിന്നീട് ബാക്കിയുള്ളിടത്താണ് തീരദേശങ്ങളും പട്ടണക്കാട് പോലുള്ള പഞ്ചായത്തുകളും. അവിടെയൊക്കെ ഉണ്ടായ ഗുരുതരമായ പരിസ്ഥിതി ആഘാതത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് നേരത്തെ പറഞ്ഞത്.

മൊട്ടക്കുന്നുകളുടെ നാടായ വാഗമണ്‍ പ്രദേശം ഇ എസ് എയില്‍ പെടില്ലാ എന്ന് കണ്ടെത്തിയവരാണ് വിദഗ്ദ്ധ സമിതികള്‍. സാറ്റലൈറ്റ് ക്യാമറകള്‍ കാടായി കണ്ടത് ഇ എസ് എയിലും കാടായി കാണാത്തത് ഇ എസ് എ അല്ലെന്നും എഴുതി പിടിപ്പിച്ച റിപ്പോര്‍ട്ടുകളിലെ അപ്രായോഗികക്കെതിരെ പ്രതികരിച്ചവരെ പ്രകൃതി വിരുദ്ധരാക്കുന്നത് അന്യായമാണ്. അത്തരം അപ്രായോഗികതകള്‍ക്കെതിരെ യാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ പ്രകൃതി സംരക്ഷണത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങളോടുള്ള എല്ലാ ആദരവും നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ ഈ റിപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ലെങ്കിലും പ്രകൃതി സംരക്ഷിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ പാസാക്കിയ 1986-ലെ പ്രകൃതി സംരക്ഷണ നിയമവും അനുബന്ധമായ മറ്റ് നിയമ നിര്‍മ്മാണങ്ങളും എല്ലാം കാറ്റില്‍ പറത്തിയ ഭരണകൂടങ്ങളും പൊതു സമൂഹവുമാണ് പ്രകൃതിക്ക് ഭീഷണി ആയത്.

നിയമങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണെ് ജനങ്ങള്‍ തിരിച്ചറിയണം. നിയമം നടപ്പാക്കാനുള്ളതാണെ് ഭരണകൂടങ്ങള്‍ക്കും തോന്നണം. നിലവിലുള്ള നിയമങ്ങള്‍ എല്ലാവരും അനുസരിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും അറബി കടലില്‍ താഴ്ത്തിയാലും പ്രകൃതി സംരക്ഷിക്കപ്പെടും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കരടു വിജ്ഞാപനം ഇറക്കിയത് 1986-ലെ പ്രകൃതി സംരക്ഷണ നിയമ പ്രകാരമാണെ് എത്ര പേര്‍ക്കറിയാം?.

ന്യുനമര്‍ദ്ദം ഉണ്ടാകുമ്പോള്‍ രൂപപ്പെടുന്ന മഴമേഘങ്ങള്‍ കാറ്റിന്റെ ഗതി അനുസരിച്ച് എത്തിപ്പെടുന്നിടത്തെല്ലാം കൊടുങ്കാറ്റും, പേമാരിയും ഉണ്ടാകുന്നതും പാറ ഖനനവും ആയി എന്ത് ബന്ധമാണുള്ളത്?. എല്ലാ ദുരന്തങ്ങള്‍ക്കും കാരണം ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും നടപ്പാക്കാത്തതാണെന്ന് വലിയ വായില്‍ വിളിച്ചു കൂവുന്നത് ശുദ്ധ അസംബന്ധമാണ്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രായോഗികമാണെന്ന് കണ്ടെത്തിയതു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഡോ. കസ്തുരിരംഗന്‍ ചെയര്‍മാനായുള്ള ഉതാധികാര സമിതിയെ നിയോഗിച്ചത്. ജനവാസ കേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായിട്ടാണ് തീരുമാനിച്ചത്. അബദ്ധ പഞ്ചാംഗമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ശഠിക്കുന്നവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല.

പ്രകൃതി ദുരന്തങ്ങള്‍ ലോകത്താകെ സര്‍വ്വ സാധാരണമാണ്. കാശ്മീരിലും, മഹാരാഷ്ട്രയിലും, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒക്കെ വെള്ളപ്പൊക്കം ഉണ്ടായതും, ലോകത്താകെ സുനാമി ഉണ്ടാകുന്നതും, കത്രീന, ഓഖി തുടങ്ങി വിചിത്രമായ പേരുകളിലുള്ള കൊടുങ്കാറ്റ് വീശിയതുമെല്ലാം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതു കൊണ്ടാണോ?,

പശ്ചിമഘട്ടം നേരിടുന്ന ഗുരുതരമായ പരിസ്ഥിതി ആഘാതത്തെ പറ്റി ഗൗരവമായി ചിന്തിപ്പിക്കുവാന്‍ ഗാഡ്ഗില്‍ കസ്തുരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ സഹായകമായിട്ടുണ്ട് എന്നു പറയാതെ വയ്യ. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതുമൂലമാണ് അതി വര്‍ഷവും, പേമാരിയും, ഉരുള്‍പൊട്ടലും, കൊടുങ്കാറ്റും മേഘ വിസ്‌ഫോടനവും മറ്റും ഉണ്ടായതെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്.

പശ്ചിമഘട്ട പര്‍വ്വത നിരകളിലെ കുടിയേറ്റക്കാരില്‍ സര്‍ക്കാര്‍ കുടിയിരുത്തിയവരും, കാലാകാലങ്ങളില്‍ സര്‍ക്കാരുകളും രാഷ്ടീയക്കാരും പ്രേരിപ്പിച്ച് കുടിയേറ്റിയവരും, മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ കുടിയേറിയ സാധുക്കളും എല്ലാം ഉണ്ട്.

അവരെല്ലാവരും കൂടി വെട്ടിത്തെളിച്ച വനഭൂമിയുടെ അളവിന്റെ എത്രയോ ഇരട്ടിയാണ് ഡാമുകള്‍ നിര്‍മ്മിക്കാനും, വിവിധ പദ്ധതി ആവശ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ വെട്ടിവെളുപ്പിച്ച വനഭൂമിയുടെ വിസ്തീര്‍ണ്ണം?. പശ്ചിമഘട്ട പര്‍വ്വതനിരകള്‍ക്ക് ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക ആഘാതം ഏല്‍പ്പിച്ചത് സര്‍ക്കാരാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും 56 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇടുക്കി ജലാശയവും, ''ജലബോംബ്'' എന്ന് പരിസ്ഥിതി വാദികള്‍ പേരിട്ട മുല്ലപെരിയാര്‍ അണക്കെട്ട'ും, കേരളത്തിലെ മഹാഭൂരിപക്ഷം മറ്റ് അണക്കെട്ടുക്കളും എല്ലാം പശ്ചിമഘട്ട പര്‍വ്വത നിരകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

നിലങ്ങളും, ചതുപ്പുകളും, മണ്ണിട്ട് നികത്തി നിര്‍മ്മിച്ചിരിക്കുന്ന ബഹുനില മന്ദിരങ്ങളിലെ ശീതീകരിച്ച മുറികളിലിരുന്ന് ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ക്ക് എല്ലാ കുറ്റങ്ങളും പശ്ചിമഘട്ട പര്‍വ്വത നിരകളിലെ ലക്ഷോപലക്ഷം കുടിയേറ്റ കര്‍ഷകരുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ഒരുളുപ്പുമില്ല.

ഇടുക്കി വൈദ്യുതി നിലയത്തില്‍ നിന്നും എത്തു വൈദ്യുതി ഉപയോഗിച്ചാണ് ചാനല്‍ ചര്‍ച്ചകള്‍ നടത്തുന്ന മുറികള്‍ ശീതീകരിച്ചതെന്ന കാര്യം ആരും മറക്കരുത്. പശ്ചിമഘട്ട പര്‍വ്വത നിരകളിലെ കുടിയേറ്റ കര്‍ഷകരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രകൃതി സംരക്ഷണം അപ്രായോഗികമാണ്.

അവര്‍ക്കേ പശ്ചിമഘട്ട പര്‍വ്വത നിരകളെ പരിസ്ഥിതി ആഘാതത്തില്‍ നിന്നും സംരക്ഷിക്കാനാവു. അതിനാവശ്യമായ പിന്തുണയും അടിസ്ഥാന സൗകര്യവും ഒരുക്കുകയാണ് സര്‍ക്കാരിന്റെ ചുമതല.

Advertisment