Advertisment

ബലാക്കോട്ട് വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്, അതിന്റെ ക്രെഡിറ്റ് എടുക്കാനും ആരും ശ്രമിക്കരുത് ; അതൊരു തെരഞ്ഞെടുപ്പു വിഷയമല്ലെന്ന് ഗഡ്കരി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ രാഷ്ട്രീയ  വത്കരിക്കാനോ അതിന്റെ ക്രെഡിറ്റ് എടുക്കാനോ ആരും ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി.

Advertisment

publive-image

ബലാക്കോട്ട് വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്. അതിന്റെ ക്രെഡിറ്റ് എടുക്കാനും ആരും ശ്രമിക്കരുത്. അതൊരു തെരഞ്ഞെടുപ്പു വിഷയമല്ലെന്ന് ഗഡ്കരി പറഞ്ഞു.

ബലാക്കോട്ട് ആക്രമണം ബിജെപി തെരഞ്ഞെടുപ്പു വിഷയമാക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍ സുരക്ഷ തങ്ങള്‍ക്കു പ്രധാനമാണെന്നായിരുന്നു ഗ്ഡ്കരിയുടെ പ്രതികരണം. എന്നാല്‍ ആരും ഇതു രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുതെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒറ്റക്കെട്ടായാണ് അഭിപ്രായം പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുമെന്ന വാര്‍ത്തകള്‍ ഗഡ്കരി തള്ളി. തനിക്കോ ആര്‍എസ്എസിനോ അങ്ങനെയൊരു ആലോചനയില്ല. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. താന്‍ ഒരു പദവിക്കും വേണ്ടിയുള്ള മത്സരത്തിനില്ല. 2014ല്‍ നേടിയതിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്ന് ഗഡ്കരി പറഞ്ഞു.

മോദിക്കെതിരായ പ്രതിപക്ഷ സഖ്യം ഫലം കാണില്ല. രാഷ്ട്രീയത്തില്‍ എപ്പോഴും രണ്ടും രണ്ടും കൂട്ടിയാല്‍ നാലു കിട്ടില്ല. ബിജെപിക്കു സീറ്റുകള്‍ നഷ്ടമാവും എന്ന വിലയിരുത്തലുകള്‍ ഒന്നും ശരിയാവില്ല. 1971ല്‍ ഇന്ദിരാ ഗാന്ധിക്കെതിരെ ഇത്തരമൊരു സഖ്യം ഉണ്ടായിരുന്നു. അതിനെ പരാജയപ്പെടുത്തി ഇന്ദിര ഭരണത്തിലെത്തിയെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി.

മോദിയാണ് ബിജെപി എന്ന പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതാണെന്ന് ഗഡ്കരി കുറ്റപ്പെടുത്തി. ബിജെപി ഒരിക്കലും ഇത്തരമൊരു പ്രചാരണം നടത്തില്ല. കൃത്യമായ ഒരു ആശയ ധാരയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അവിടെ വാജ്‌പേയിയെന്നോ അഡ്വാനിയെന്നോ മോദിയെന്നോ നേതാക്കള്‍ക്കു പ്രാമുഖ്യമൊന്നുമില്ലെന്ന് ഗഡ്ഗരി അഭിപ്രായപ്പെട്ടു.

Advertisment