Advertisment

ജോസ് കെ മാണിയെ പുറത്താക്കിയത് കോട്ടയത്ത് നേട്ടമായോ കോട്ടമായോ എന്ന് രാഹുലും വിലയിരുത്തും ! നിലവില്‍ ഉറപ്പുള്ളത് കോട്ടയവും പുതുപ്പള്ളിയും മാത്രം ! നാലിടത്ത് പ്രതീക്ഷയും ! ജില്ലയില്‍ ഏറ്റവും അനുകൂല ഘടകങ്ങളുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി പിടിച്ചെടുക്കുക ജോസഫ് വാഴയ്ക്കന് അഭിമാന പോരാട്ടം തന്നെ. പൂഞ്ഞാറില്‍ കല്ലാനി നേരിട്ടത് സ്വന്തം പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യത്തെ ! കേരള കോണ്‍ഗ്രസുകള്‍ തമ്മിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായും ഏറ്റുമുട്ടിയ രണ്ട് വീതം മണ്ഡലങ്ങള്‍ ശ്രദ്ധാകേന്ദ്രമാകുമോ ! 42000 ഭൂരിപക്ഷം നേടിയ കടുത്തുരുത്തിയില്‍ മോന്‍സിന്‍റെ പോരാട്ടവും നിര്‍ണായകം !

New Update

publive-image

Advertisment

തിരുവനന്തപുരം: യുഡിഎഫിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏറ്റവും നിര്‍ണായകമാകുന്നത് കോട്ടയം ജില്ലയില്‍. കേരള കോണ്‍ഗ്രസ് - എമ്മിനെ പുറത്താക്കിയാല്‍ അത് ജില്ലയില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടമായിരിക്കും എന്ന് ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പ് ശരിയാകുമോയെന്ന് ഉറ്റുനോക്കുകയാണ് എഐസിസി.

വോട്ടെടുപ്പ് ദിവസം എഐസിസി നടത്തിയ വിലയിരുത്തലില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള സൂചനകള്‍ ആശാവഹമല്ല. കഴിഞ്ഞ തവണ 9 -ല്‍ ആറും പിടിച്ചെടുത്ത യുഡിഎഫിന് ഇത്തവണ അതിനടുത്തെങ്കിലും ഫലം ഉണ്ടാക്കാനായില്ലെങ്കില്‍ അത് കനത്ത തിരിച്ചടിയാകും. മാത്രമല്ല, തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ മുന്നണിയിലെ പ്രധാന ഘടകകക്ഷിയെ പുറത്താക്കിയതിന്‍റെ പാപ ഭാരത്തില്‍ നിന്നും ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ക്കെങ്കിലും പറഞ്ഞൊഴിയുക ബുദ്ധിമുട്ടായിരിക്കും. ഭരണം കിട്ടാത്ത സാഹചര്യം കൂടി ഉണ്ടായാല്‍ ഈ നേതാക്കള്‍ അതിന് കനത്ത വില നല്‍കേണ്ടിയും വരും.

എഐസിസി വോട്ടെടുപ്പ് ദിവസം 140 മണ്ഡലങ്ങള്‍ തോറും സ്വകാര്യ ഏജന്‍സി വഴി നടത്തിയ വിലയിരുത്തലില്‍ കോട്ടയത്ത് ഉറപ്പുള്ള മണ്ഡലങ്ങളായി കണ്ടെത്തിയത് പുതുപ്പള്ളിയും കോട്ടയവും മാത്രമാണ്. പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ സാധ്യതാ ലിസ്റ്റിലാണ്.

publive-image

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ഇത്തവണ പുറത്താക്കിയ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലായിരുന്നു. ഈ മണ്ഡലങ്ങളുടെ കാര്യത്തില്‍ എഐസിസി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ചങ്ങനാശേരിയിലും കടുത്തുരുത്തിയിലും കേരള കോണ്‍ഗ്രസ് ജോസ് - ജോസഫ് പക്ഷങ്ങള്‍ പരസ്പരമായിരുന്നു ഏറ്റുമുട്ടിയത്.

കഴിഞ്ഞ തവണ മോന്‍സ് ജോസഫ് 42000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മത്സരിച്ച കടുത്തുരുത്തിയിലെ ഫലമായിരിക്കും ഏറ്റവും ശ്രദ്ധിക്കപ്പെടുക. കേരളത്തില്‍ തന്നെ യുഡിഎഫിന് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണിത്. മുമ്പ് രണ്ടു തവണ മോന്‍സിനോട് പരാജയപ്പെട്ട സ്റ്റീഫന്‍ ജോര്‍ജിനെ തന്നെ വീണ്ടും മോന്‍സിനെതിരെ രംഗത്തിറക്കി ജോസ് കെ മാണി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

publive-image

സഭയുടെയും എന്‍എസ്എസിന്‍റെയും നിര്‍ലോഭ പിന്തുണയോടെയായിരുന്നു ചങ്ങനാശേരിയില്‍ ഇത്തവണയും യുഡിഎഫിന്‍റെ പോരാട്ടം. ജോസഫ് വിഭാഗത്തിലെ വിജെ ലാലിയും ജോസ് പക്ഷത്തെ ജോസ് മൈക്കിളും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടിയത്. കടുത്തുരുത്തിയിലെയും ചങ്ങനാശേരിയിലെയും വിജയം ജോസ് - ജോസഫ് പക്ഷങ്ങള്‍ക്ക് അഭിമാന പോരാട്ടമാണ്. രണ്ട് മണ്ഡലങ്ങളും എഐസിസിയുടെ കണക്കില്‍ സാധ്യതാ ലിസ്റ്റിലാണ്.

പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്ന മണ്ഡലങ്ങള്‍ തന്നെ. ജില്ലയില്‍ ഏറ്റവും അനുകൂല സാഹചര്യം ഉണ്ടെന്ന് വിലയിരുത്തിയ മണ്ഡലം കാഞ്ഞിരപ്പള്ളിയാണ്. ഇവിടെ സിറ്റിംങ്ങ് എംഎല്‍എ ഡോ. എന്‍ ജയരാജിനെതിരെ മണ്ഡലത്തില്‍ വലിയ വികാരം തന്നെയുണ്ടായിരുന്നുവെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. വികസന മുരടിപ്പ്, മുന്നണി മാറല്‍, സിപിഐയ്ക്ക് സ്വാധീനമുള്ള മണ്ഡലം എന്നീ ഘടകങ്ങള്‍ ജയരാജിനെ പ്രതിസന്ധിയിലാക്കി. അത് മുതലെടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ജോസഫ് വാഴയ്ക്കനെ കാഞ്ഞിരപ്പള്ളിയിലേക്ക് നിയോഗിച്ചത്.

മൂവാറ്റുപുഴ കൈവിട്ടപ്പോള്‍ വാഴയ്ക്കന്‍ തന്നെയാണ് കാഞ്ഞിരപ്പള്ളിക്കായി വാശിപിടിച്ചത്. കാഞ്ഞിരപ്പള്ളിക്കാരനായ യുവനേതാവിനെയും കെസി ജോസഫിനെയും തഴഞ്ഞാണ് ഒടുവില്‍ കെപിസിസി നേതൃത്വം ഇവിടെ വാഴയ്ക്കനു തന്നെ ടിക്കറ്റ് നല്‍കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ വാഴയ്ക്കനു കഴിഞ്ഞോ എന്നതാണ് നേതൃത്വം ഉറ്റുനോക്കുന്നത്. അദ്ദേഹം കൂടി ഉറപ്പു നല്‍കി പുറത്താക്കിയ കേരള കോണ്‍ഗ്രസിലെ നേതാവിനോടുതന്നെ തോല്‍ക്കേണ്ടിവന്നാല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുതന്നെ നാണക്കേടാകും.

പൂഞ്ഞാറില്‍ അഡ്വ. ടോമി കല്ലാനിയും കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജനപക്ഷ സ്ഥാനാര്‍ഥി പിസി ജോര്‍ജും തമ്മിലായിരുന്നു മത്സരം. മൂന്നു പേരും നേര്‍ക്കുനേര്‍ കനത്ത മത്സരം തന്നെയാണിവിടെ കാഴ്ചവച്ചത്. പക്ഷേ സിറ്റിംങ്ങ് എംഎല്‍എ പിസി ജോര്‍ജിന് നേരിയ മുന്‍തൂക്കം ഇവിടെ നേടാനായോ എന്ന് സംശയമുണ്ട്. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം ജില്ലയില്‍ തന്നെ ഏറ്റവും ശുഷ്കമായ മണ്ഡലമാണ് പൂഞ്ഞാര്‍. അതിന്‍റെ കുറവ് കല്ലാനിയും അനുഭവിക്കേണ്ടിവന്നേക്കാം.

udf trivandrum news
Advertisment