Advertisment

ഗജ ചുഴലിക്കാറ്റില്‍ വേളാങ്കണ്ണി പള്ളിയുടെ മിനാരങ്ങള്‍ തകര്‍ന്നു; ക്രിസ്തുവിന്റെ പ്രതിമയ്ക്കും നാശനഷ്ടം

New Update

Advertisment

ഗജ ചുഴലിക്കാറ്റില്‍ അഗോള തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിക്കും കേടുപാടുകള്‍. പള്ളിയുടെ മിനാരങ്ങള്‍ക്ക് മുകളിലെ മകുടവും ക്രിസ്തുവിന്റെ പ്രതിമയും കാറ്റില്‍ തകര്‍ന്നു. വലിയ പള്ളിക്കും കാറ്റില്‍ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പള്ളിയുടെ പരിസരത്തു നില്‍ക്കുന്ന വലിയ മരങ്ങളും കാറ്റില്‍ കടപുഴകി വീണിട്ടുണ്ട്.

ചുഴലിക്കാറ്റ് വീശിയടിക്കുന്ന സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ കടപുഴകി കിടക്കുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളിലെല്ലാം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടിരിക്കുന്നത് നാഗപട്ടണത്താണ്. അതുപോലെ പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളില്‍ വീടുകളും വൃക്ഷങ്ങളും ഈ ചുഴലിക്കാറ്റില്‍ നശിച്ചിരുന്നു. മണിക്കൂറില്‍ നൂറിനും നൂറ്റിപ്പത്തിനും ഇടയില്‍ വേഗതയിലാണ് ഈ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇത് 120 വരെ ആകാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ആളുകളെ അവരുടെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായി ഇവര്‍ അറിയിച്ചു. നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂര്‍ എന്നീ പ്രദേശങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. നാഗപട്ടണത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisment