Advertisment

ഗജ ചുഴലിക്കാറ്റ് കേരളത്തില്‍; മൂന്നു ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്ന് മുന്നറിയപ്പ്

author-image
admin
New Update

Advertisment

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്നു വൈകിട്ടു മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും നിര്‍ദേശിച്ചു.

അതേസമയം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നവംബര്‍ 16 വൈകുന്നേരം മുതല്‍ നവംബര്‍ 20 വരെ തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും ഒരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനോടകം ഈ മേഖലയില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്ക് ഈ വിവരം അറിയിക്കുകയും നവംബര്‍ 16 ന് വൈകീട്ടോട് കൂടി അടുത്തുള്ള സുരക്ഷിതമായ തീരത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.

ഈ മുന്നറിയിപ്പ് മുഴുവന്‍ മത്സ്യ ബന്ധനഗ്രാമങ്ങളിലും തുറമുഖങ്ങളിലും ഹാര്‍ബറുകളിലും വിളിച്ചറിയിക്കാന്‍ ഫിഷറീസ് വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് എല്ലാവരിലേക്കും എത്തിയെന്ന് ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പിനോട് നിര്‍ദേശിച്ചു.

കോസ്റ്റ് ഗാര്‍ഡ്, നേവി എന്നീ ഫോഴ്സുകള്‍ ഡോണിയര്‍ ഉപയോഗിച്ചും അവരവരുടെ കടലിലുള്ള കപ്പലുകള്‍ ഉപയോഗിച്ചും മത്സ്യതൊഴിലാളികളെ ഈ മുന്നറിയിപ്പ് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment