Advertisment

എബിയുടെ ഒറ്റയാള് പോരാട്ടം; രണ്ടു രാജ്യങ്ങളിലെ മദ്യക്കുപ്പികളില്നിന്നും ഗാന്ധിജിക്ക് മോചനം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ: ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളില്‍ അച്ചടിച്ചത് രണ്ടു മാസത്തിനിടെ പിന്‍വലിച്ചത് രണ്ടു രാജ്യങ്ങള്‍. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായിട്ടാണ് ഈ നടപടികള്‍.

Advertisment

ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളായ ഇസ്രായേല്‍, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിലായിരുന്നു ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

publive-image

ഇസ്രായേലില്‍ ജോലി ചെയ്യുന്ന മനു എന്ന മലയാളിയാണ് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിള്ളില്‍ അച്ചടിച്ചിരിക്കുന്ന വിവരം ടിക് ടോക്ക് വീഡിയോ വഴി പുറത്തുവിട്ടത്. വാട്ട്സ്ആപ്പില്‍ അയച്ചു കിട്ടിയ ഈ ടിക് ടോക്ക് വീഡിയോയിലൂടെയാണ് ഇസ്രായേലില്‍ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പിയില്‍ പതിപ്പിച്ചിട്ടുണ്ടെന്ന വിവരം എബി അറിയുന്നത്.

ഇസ്രായേലിലെ ഭാഷയായ ഹീബ്രുവിലായിരുന്നു മദ്യക്കുപ്പിയില്‍ എഴുതിയിരുന്നത്. ഗൂഗിള്‍ ട്രാന്സ് ലേറ്റ് ഉപയോഗിച്ചു ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ച മദ്യം ഉദ്പാദിപ്പിക്കുന്ന കമ്പനിയെ കണ്ടു പിടിച്ചു. മാല്‍ക്ക എന്ന കമ്പനിയുടേതായിരുന്നു മദ്യം.

ഇസ്രായേലിന്റെ 70 മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇസ്രായേലിലെ മറ്റ് നാല് ചരിത്ര നേതാക്കളുടെ ചിത്രത്തിനൊപ്പം ലിമിറ്റഡ് എഡീഷനായി പുറത്തിറക്കിയ മദ്യക്കുപ്പികളിലാണ് ഗാന്ധിജിയുടെ ചിത്രം ചേര്ത്തിരുന്നത്.

കോട്ടും ബനിയനും കൂളിംഗ് ഗ്ലാസും ധരിപ്പിച്ചു ഗാന്ധിജിയെ കോമാളിയാക്കിയ നിലയിലുള്ള ചിത്രമായിരുന്നു മദ്യക്കുപ്പികളില്‍ അച്ചടിച്ചിരുന്നത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ അമിത് ഷിമോണി എന്നയാളാണ് ചിത്രം വരച്ചതെന്നും കണ്ടെത്തി.

നാല്പ്പത്തിഎട്ടു മണിക്കൂറിനുള്ളില്‍ ഇസ്രായേലില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. തുടര്ന്നു മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യന്‍ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളില്‍ ചേര്ത്തത് അനാദരവാണെന്നു ചൂണ്ടിക്കാട്ടി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ക്ക് എബി പരാതി അയച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ട ആം ആദ്മി പാര്ട്ടി എം. പി. ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിച്ചു.

സംഭവത്തില്‍ രാജ്യസഭ ഒന്നടങ്കം പ്രതിഷേധിച്ചു. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അടിയന്തിര നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് നിര്ദ്ദേശം നല്കി. ഇതേത്തുടര്‍ന്ന്‍ ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലിലൂടെ ഇസ്രായേല്‍ മദ്യകമ്പനി ഖേദം പ്രകടിപ്പിച്ചു ചിത്രം പിന്‍വലിക്കുകയായിരുന്നു.

ഈ സംഭവം പുറത്തു വന്നതോടെ ചെക്ക് റിപ്പബ്ളിക്കില്‍ വിനോദസഞ്ചാരത്തിനു പോയ മലയാളികള്‍ അവിടെയും മദ്യക്കുപ്പികളില്‍ ഗാന്ധിജിയുടെ ചിത്രവും പേരും ഉപയോഗിക്കുന്നത് കണ്ടു.

publive-image

ഇക്കാര്യം അവര്‍ എബി ജെ. ജോസിനെ അറിയിച്ചു. തുടര്‍ന്ന്‍ ചെക്ക് റിപ്പബ്ളിക്കില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് ചെക്ക് റിപ്പബ്ളിക് പ്രധാനമന്ത്രി ആന്ഡ്രെജ് ബാബെയ്സ് ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളില്‍ അച്ചടിച്ച് പിവോവര്‍ ക്രിക് എന്ന കമ്പനി അനാദരിച്ചതായി കാണിച്ച് പരാതി നല്കി.

പിന്നീട് എബി ജെ. ജോസ് ഡല്ഹിയിലെ ചെക്ക് റിപ്പബ്ളിക് എംബസിയുമായി നിരന്തരം സമ്പര്ക്കം പുലര്ത്തി ചെക്ക് റിപ്പബ്ളിക്കിലെ വിദേശകാര്യ മന്ത്രാലയം വഴി നടപടി എടുപ്പിക്കുകയായിരുന്നു.

ഗാന്ധിക്കയുടെ ചിത്രത്തോടുകൂടിയ മദ്യത്തിന്റെ ഉത്പാദനം നിര്ത്തിവച്ചതായും വിപണിയിലുള്ളവ ആഗസ്റ്റ് 31നകം പിന്‍വലിച്ച് വില്പ്പന അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ചെക്ക് എംബസി കോണ്സുലാര്‍ മിലന്‍ ദോസ്താല്‍ എബി ജെ. ജോസിനെ ഫോണില്‍ വിളിച്ചും ഇ മെയില് സന്ദേശം വഴിയും അറിയിക്കുകയായിരുന്നു.

എബി ജെ. ജോസിന്റെ അവസരോചിതവും കൃത്യവുമായ ഇടപെടലിലൂടെയാണ് രണ്ടു മാസത്തിനിടെ രണ്ടു രാജ്യങ്ങളില്‍ മദ്യക്കുപ്പിയില്‍ പ്രദര്ശിപ്പിച്ചിരുന്ന ഗാന്ധിജിയുടെ ചിത്രങ്ങള്‍ ഒഴിവാക്കാനായത്.

ഗാന്ധി നിന്ദയെക്കെതിരെ നിരവധി ഒറ്റയാള്‍ പോരാട്ടങ്ങള്‍ എബി നടത്തിയിട്ടുണ്ട്. ട്വന്റി 20 എന്ന സിനിമയില്‍ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമരത്തെയും അവഹേളിക്കുന്ന രംഗം ഉള്‍പ്പെടുത്തിയിരുന്നത് എബി നല്കിയ പരാതിയെത്തുടര്‍ന്ന്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റിയിരുന്നു.

അരുന്ധതി റോയ് ഗാന്ധിജിയെ അധിഷേപിച്ചതിനെതിരെ പരാതി നല്കിയതും എബിയാണ്. പൂജ ശകുൻ പാണ്ഡെ ഗാന്ധിജിയുടെ ഫോട്ടോയില്‍ പ്രതീകാത്മമായി വെടിയുതിര്‍ത്ത് രക്തം ഒഴുക്കിയതിനെതിരെയും എബി ഒറ്റയാള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

ഗാന്ധിജി വിമര്ശനത്തിനതീതനല്ല എന്നഭിപ്രായപ്പെടുന്ന എബി വസ്തുതാപരമായ ഗാന്ധിവിമര്ശനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഗാന്ധിജിയെ അവമതിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും വ്യക്തമാക്കുന്നു.

ഗാന്ധിജിയുടെ 150 - )൦ ജന്മവാര്ഷികത്തോടനുബന്ധിച്ച് പാലായില് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിക്ക് ആദരവൊരുക്കാന്‍ ഗാന്ധിസ്ക്വയറും പ്രതിമയും നിര്മ്മിക്കാനുള്ള പ്രവര്ത്തനങ്ങളിലാണ് എബി ഇപ്പോള്‍. ഇതിനാവശ്യമായ സ്ഥലം മൂന്നാനിയില്‍ പാലാ നഗരസഭ അനുവദിച്ചിട്ടുണ്ട്.

Advertisment