Advertisment

ജമാൽ ഖശോഗി വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ബന്ധമില്ലെന്ന് അമേരിക്ക

author-image
admin
New Update

റിയാദ് - ജമാൽ ഖശോഗി വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ബന്ധമില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു. ഖശോഗി വധത്തിൽ കിരീടാവകാശിക്ക് ബന്ധമുണ്ട് എന്ന നിലക്ക് പ്രചരിപ്പിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ല. സംഭവത്തിൽ കിരീടാവകാശിക്ക് ഒരു പങ്കുമില്ലെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു

Advertisment

publive-image

കേസ് നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഖശോഗി വധത്തിൽ കിരീടാവകാശിക്കുള്ള ബന്ധം വ്യക്തമാക്കുന്നതായി വാദിക്കുന്ന ഓഡിയോ റെക്കോർഡിംഗ് താൻ നേരിട്ട് കേട്ടിട്ടില്ല. ഖശോഗി വധം നിരാകരിക്കുന്നതാണ് സൗദി ഭരണകൂടത്തിന്റെ നിലപാടെന്നും ജോൺ ബോൾട്ടൻ പറഞ്ഞു.

ഒക്‌ടോബർ രണ്ടിന് ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വെച്ച് ജമാൽ ഖശോഗി കൊല്ലപ്പെട്ട സംഭവത്തിൽ സൗദി ഭരണാധികാരികൾക്ക് പങ്കുണ്ടെന്ന വാദം ശരിയല്ല. ഖശോഗി വധക്കേസുമായി ബന്ധപ്പെട്ട് തുർക്കിയുടെ പക്കലുള്ള റെക്കോർഡിംഗുകൾ ശ്രവിച്ചവർ കിരീടാവകാശിക്ക് സംഭവത്തിൽ പങ്കുള്ളതിന് സൂചനകളൊന്നും റെക്കോർഡിംഗുകളിലില്ല എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

സൗദി കിരീടാവകാശിക്ക് ഖശോഗി സംഭവത്തിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ചില സംഘടനകളും രാജ്യങ്ങളും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കിരീടാവകാശിക്ക് സംഭവവുമായുള്ള ബന്ധം തെളിയിക്കുന്ന ഓഡിയോ റെക്കോർഡിംഗുകൾ തുർക്കിയുടെ പക്കലുണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ കിരീടാവകാശിക്ക് സംഭവത്തിൽ ബന്ധമുള്ളത് തെളിയിക്കുന്ന സൂചനകളൊന്നും റെക്കോർഡിംഗുകളിലില്ല എന്ന കാര്യം അമേരിക്കൻ അന്വേഷണോദ്യോഗസ്ഥർ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഖശോഗി വധത്തിൽ പങ്കുള്ള പതിനെട്ടു പേരെ സൗദി സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പങ്കുള്ള മുഴുവൻ പേരെയും സൗദിയിൽ വിചാരണ ചെയ്യുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വ്യക്തമാക്കിയിട്ടുണ്ട്. ഖശോഗി വധം സൗദിക്കെതിരെ ശത്രുക്കള്‍ ആയുധമാക്കുകയാണെന്നും രാജ്യത്തെ കരിവാരിതെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും നേരത്തെ സൗദി പ്രഖ്യാപിച്ചിരുന്നു.

Advertisment