Advertisment

ഗജ കൊടുങ്കാറ്റ് തമിഴ്‌നാട്ടില്‍ താണ്ഡവം തുടങ്ങി; അവധി പ്രഖ്യാപിച്ചു , ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; തമിഴ്‌നാടിനെ സ്തംഭിപ്പിച്ച കൊടുങ്കാറ്റും പേമാരിയും കേരളത്തിലെ തെക്കന്‍ ജില്ലകളേയും ബാധിച്ചേക്കും

New Update

Image result for tamil nadu jaja rain

Advertisment

ചെന്നൈ: ശക്തമായ മഴയും പേമാരിയുമായി ഗജ ചുഴലിക്കാറ്റ് കഴിഞ്ഞ കുറേ മണിക്കൂറുകളായി തമിഴ്‌നാട്ടില്‍ സംഹാര താണ്ഡവം തുടരുകയാണ്. ഇവിടെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കല്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത നാശമാണ് ഗജ വിതച്ചിരിക്കുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കനത്ത നാശം സംഭവിച്ചു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്.

തമിഴ്‌നാട്ടിലെ മിക്ക സ്ഥലങ്ങളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. വ്യാഴാഴ്‌ച്ച അര്‍ധരാത്രി 12.30 തോടെയാണ് ഗജ സംഹാര താണ്ഡവം ആരംഭിച്ചത്.ആദ്യം രണ്ട് മണിക്കൂറിലേറെയാണ് കാറ്റ് നാശം വിതച്ചത്.

ഇതിന് പിന്നാലെ ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളിലും തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകളിലും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇന്നലെ മുതല്‍ കേരളത്തിലും മഴ ശക്തമായിരിക്കുകയാണ്. രാത്രി ആരംഭിച്ച മഴ ചിലയിടങ്ങളില്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

തമിഴ്‌നാട്ടില്‍ ഗജ സംഹാര താണ്ഡവം ആരംഭിച്ചതിന് പിന്നാലെ കേരളത്തിനും മുന്നറിയിപ്പ് ലഭിച്ചിരുന്നു. സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച്‌ മണിക്കൂറുകള്‍ക്കകം മഴ ശക്തമായി.

ചെന്നൈയില്‍നിന്ന് 925 കിലോ മീറ്ററോളം അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരാഴ്‌ച്ച മുന്‍പാണ് 'ഗജ' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്‌നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ വീശുമെന്നായിരുന്നു ആദ്യ പ്രവചനം. പിന്നീട് കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂര്‍ തീരത്തേക്ക് നീങ്ങി.

ബുധനാഴ്ച വൈകീട്ട് നാഗപട്ടണത്തില്‍ നിന്ന് 510 കിലോമീറ്റര്‍ അകലെ എത്തിച്ചേര്‍ന്ന കാറ്റ് വ്യാഴാഴ്ച പകല്‍ കരുത്താര്‍ജിക്കുകയായിരുന്നു. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലായിരുന്ന കാറ്റിന്റെ ശക്തി 25 കിലോമീറ്ററിലെത്തി. വൈകുന്നേരം തീരത്തിന് 135 കിലോമീറ്റര്‍ അടുത്തെത്തിയതോടെ മഴ കനത്തു. വേഗം കുറഞ്ഞും കൂടിയും നിന്നതിന് ശേഷം അര്‍ധരാത്രിക്കുശേഷം കരയിലേക്ക് വീശുകയായിരുന്നു.

നാഗപട്ടണം അടക്കം കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത് ദുരിതത്തിന്റെ തീവ്രത കുറച്ചു. ദേശീയ ദുരന്തര നിവാരണസേനയും സംസ്ഥാന റവന്യൂ, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളും മുന്‍ കരുതല്‍ നടപടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ആര്‍.ബി. ഉദയകുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകട സാധ്യത മുന്‍കൂട്ടിക്കണ്ട് 63,203 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

നാഗപട്ടണം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചത് കൂടാതെ സ്വകാര്യകമ്ബനികള്‍ അടക്കം എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ വൈകീട്ടോടെ വീടുകളിലേക്ക് മടങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. വാഹനഗതാഗതവും നിര്‍ത്തിവെച്ചു.

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാമനാഥപുരം, കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുക്കോട്ട ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ കാരയ്്ക്കലിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അണ്ണാ സര്‍വകലാശാല, തിരുവാരൂര്‍ കേന്ദ്ര സര്‍വകലാശാല, ചിദംബരം അണ്ണാമലൈ സര്‍വകാശാല, തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലകള്‍ എന്നിവ ഈ ദിവസം നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്തെ പോളിടെക്നിക് പരീക്ഷകളും മാറ്റി.

Advertisment