Advertisment

ഇന്നും തിരിച്ചറിയാത്ത ആ നല്ല മനുഷ്യൻ കണ്ടെത്തി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നത് സാക്ഷാൽ സഖാവ് പി കൃഷ്ണപിള്ളയെയും ശിഷ്യൻ എൻ ഇ ബാലറാമിനെയും” ; കാട്ടിൽ പശുവിനെ മേയ്ക്കാൻ പോയ ആ അജ്ഞാതൻ പൊലീസിന്റെ കണ്ണു വെട്ടിച്ചോടി തളർന്ന് ബോധമറ്റു കിടന്ന ആ രണ്ടു പേരെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്താവുമായിരുന്നു…!! 

New Update

കാട്ടിൽ പശുവിനെ മേയ്ക്കാൻ പോയ ആ അജ്ഞാതൻ പൊലീസിന്റെ കണ്ണു വെട്ടിച്ചോടി തളർന്ന് ബോധമറ്റു കിടന്ന ആ രണ്ടു പേരെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എന്താവുമായിരുന്നു… ഇന്നും തിരിച്ചറിയാത്ത ആ നല്ല മനുഷ്യൻ കണ്ടെത്തി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നത് സാക്ഷാൽ സഖാവ് പി കൃഷ്ണപിള്ളയെയും ശിഷ്യൻ എൻ ഇ ബാലറാമിനെയും.”

Advertisment

publive-image

കമ്മ്യൂണിസ്റ്റ് മഹർഷി’. ഞാലിൽ ഇടവലത്ത് ബാലറാം എന്ന എൻ ഇ ബാലറാമിനെ മകൾ ഗീത നസീർ വിശേഷിപ്പിക്കുന്നത് ഇങ്ങനെ.

ഗീത നസീർ എഴുതിയ ‘ബാലറാം എന്ന മനുഷ്യൻ’ നവംബർ 20ന് പ്രകാശനം ചെയ്യും. ജീവിച്ചിരുന്നെങ്കിൽ ബാലറാമിന് 100 വയസ് തികയുമായിരുന്ന ദിനം എന്നതും മകളും ജീവചരിത്രകാരിയുമായ ഗീതയുടെ ജൻമദിനം മറ്റൊരു നവംബർ 20 ആണെന്നതും ചടങ്ങിനു കൗതുകം നൽകുന്നു.

പത്തു വാല്യങ്ങളായി എൻ ഇ ബാലറാമിന്റെ സമ്പൂർണ കൃതികൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുതൽ ഹിന്ദുത്വ സങ്കൽപ്പത്തിന്റെ അകവും പുറവും വരെ എണ്ണമറ്റ കൃതികളുടെ സ്രഷ്ടാവ് സ്വന്തം ജീവിതസഞ്ചാരത്തെ കുറിച്ച് എഴുതിയിട്ടില്ല. മറന്നു പോയതല്ല. മനപൂർവം. അതായിരുന്നു ബാലറാം. വ്യക്തിക്കു പ്രസക്തി കൽപ്പിക്കാത്ത സന്ന്യാസതുല്യമായ നിർമമത.

പുതിയ തലമുറയ്ക്ക് ഏറെക്കുറെ അപരിചിതമായ ആ മനുഷ്യനെയും കർമപഥത്തെയും പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് മകളും പത്രപ്രവർത്തകയുമായ ഗീത നസീർ.

പാർട്ടി പിളരും വരെ എവിടെയായാലും എ കെ ജി അച്ഛന് എഴുത്തയയ്ക്കും. രാഷ്ട്രീയ കാര്യങ്ങളും കുടുംബകാര്യങ്ങളും ഒക്കെ ഉൾപ്പെടുന്ന കത്തുകൾ…. പക്ഷേ മാർഗത്തിൽ ഭിന്നത വന്നതോടെ അവരിൽ പലരും അവസാനിപ്പിച്ചത് ഭൂതകാലത്തെ ത്യാഗവും പ്രവർത്തനവും അനുഭവവും നൽകിയ ഓർമകളും കൂടിയാണ്. പ്രത്യേകിച്ചും ഞങ്ങൾ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഒരു രൂപവും കിട്ടിയിരുന്നില്ല.

നിത്യസന്ദർശകർ വരാതായി. പരസ്പരം കണ്ടുമുട്ടിയാൽ ശത്രുക്കളെപ്പോലെ പെരുമാറി. വരുന്ന സഖാക്കൾ മ്ലാനരും അസ്വസ്ഥരുമായിരുന്നു. ഒരു വല്ലാത്ത മൂകതയും അസ്വസ്ഥതയും തളം കെട്ടിയ വീട്ടുവരാന്തയിൽ എ കെ ജിയുടെ ചാരുകസേര ആരെയോ പ്രതീക്ഷിച്ചെന്ന പോലെ പൊടി പിടിച്ചു കിടന്നു (എ കെ ജിക്ക് നടുവേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ ബാലറാം പണിയിപ്പിച്ച ചാരുകസേര). മരണവീടു പോലെ എല്ലാം ദുഖസാന്ദ്രം.”

“കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കാരായി തുടങ്ങി പാറപ്രം സമ്മേളനത്തോടെ കമ്മ്യൂണിസ്റ്റുകാരായി മാറി എണ്ണമറ്റ കർഷകസമരങ്ങളും മറ്റു പോരാട്ടങ്ങളും നടത്തി ഒളിവിലും ജയിലിലും ഒത്തൊരുമിച്ച് ജീവിതം പങ്കിട്ട ഒരു വൻനിര പ്രവർത്തകരുള്ള മലബാറിൽ പിളർപ്പ് രൂക്ഷമാവാൻ കാരണം സി പി എമ്മിന് ചുക്കാൻ പിടിച്ചവർ എ കെ ജിയും ഇ എം എസ്സുമൊക്കെയാണെന്നതാണ്. ഇവരോടെല്ലാം ഏറ്റവും അടുത്ത് ദീർഘകാലം പ്രവർത്തിച്ച അച്ഛനടക്കമുള്ളവർക്ക് ഈ വേർപിരിയൽതാങ്ങാനാവുന്നതിലുമപ്പുറമാണ്.

വൈരാഗ്യത്തിന്റെ അല്പത്തരം കൂടുതൽ ബോധ്യപ്പെട്ടത് എ കെ ജി അടക്കമുള്ളവർ ആത്മകഥയെഴുതിയപ്പോൾ അച്ഛനെ വാശിയോടെ വിട്ടു കളഞ്ഞപ്പോഴാണ്.

പിന്നീടൊരിക്കൽ എ കെ ജിയെ കാണാൻ പോയപ്പോൾ എനിക്കു കിട്ടിയ തണുത്ത പ്രതികരണം മനസിനെ വേദനിപ്പിച്ചു. സുശീലേടത്തിയും കൂടെയുണ്ടായിരുന്നു. ചൈനീസ് ചേരിയോടൊപ്പം നിന്നുകൊണ്ട് ജനകീയ ജനാധിപത്യ വിപ്ലവം നയിക്കാൻ സി പി എമ്മും സോവിയറ്റ് ചേരിയോടൊപ്പം നിന്ന് ദേശീയ ജനാധിപത്യ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് സി പി ഐയും നിന്നപ്പോൾ ഇവർക്കിടയിൽ സംവാദത്തിന്റെ സാധ്യതയില്ലാതായി…”

ബഹുജനസമരത്തിലും പാർലമെന്ററി രാഷ്ട്രീയത്തിലും മാത്രം ഒതുക്കി നിർത്താവുന്നതിലും എത്രയോ വിപുലമായിരുന്നു ബാലറാം എന്ന ധിഷണാശാലിയുടെ സഞ്ചാരം. സ്റ്റീഫൻ ഹോക്കിങ്ങിനെ അറിയാൻ ക്വാണ്ടം ഫിസിക്സ് പഠിച്ചു. പിന്നെ എഴുതി – സഹജസ്വഭാവമായ ചലനത്തോടെയാണ് പ്രകൃതി സ്വയംവൃത്തി നടത്തുന്നതെന്ന് ഭൂമിയിൽ ആദ്യം പറഞ്ഞത് സാംഖ്യാചാര്യനായ കപിലനാണ്. സ്റ്റീഫന്റെ മുറ്റത്തു നിന്നും കപിലാശ്രമത്തിലെത്താൻ ദൂരം അധികമുണ്ടെങ്കിലും സമയം കുറവേയുള്ളൂ. പ്രപഞ്ചസൃഷ്ടിക്കും പ്രപഞ്ചവൃത്തിക്കും ദാർശനികൻമാർ കുത്തിക്കുത്തി ചോദിച്ചിട്ടും ഒരു ദൈവത്തിന്റെ ആവശ്യമില്ലെന്നാണ് സ്റ്റീഫൻ പ്രഖ്യാപിക്കുന്നത്.

“ഈ ഒരൊറ്റ താരതമ്യത്തിലൂടെ അച്ഛൻ തകർത്തത് പരിണാമസിദ്ധാന്തത്തിനെതിരേ പ്രതിലോമകാരികളും വർഗീയവാദികളുമായ ആർ എസ് എസ്സുകാർ ഉയർത്തുന്ന കോലാഹലങ്ങളുടെ വികൃതമുഖത്തെയാണ്. “

സംസ്കൃതം, ഭഗവത് ഗീത, വേദങ്ങൾ, ബുദ്ധമതം, ബ്ളാക്ക്ഹോൾ, പാലി, ബംഗാളി, അറബി ഭാഷ, ഉത്ഖനനം, സിനിമ, സാഹിത്യം, ശാസ്ത്രീയസംഗീതം, ഞെരളത്ത് രാമപ്പൊതുവാളുമൊത്ത് ഇടയ്ക്കയുടെ താളവുമായി സോപാന സംഗീതം… ഒരു പുരുഷായുസിൽ ഇതിലും വിപുലമായ മേഖലകളിൽ വിഹരിച്ച മനുഷ്യരുണ്ടാവുമോ അറിയില്ല.

ബാലറാം വിട വാങ്ങി കാൽ നൂറ്റാണ്ടിനു ശേഷമാണ് ആ ഓർമകൾ രേഖപ്പെടുത്താൻ ഒരു ശ്രമം നടക്കുന്നത്. “സാരമില്ല, ഷേക്സ്പിയർ അന്തരിച്ച് 200 വർഷം കഴിഞ്ഞല്ലേ അദ്ദേഹത്തെ ലോകമറിഞ്ഞതും അംഗീകരിച്ചതും.” ഗീത നസീർ ആശ്വാസം കൊള്ളുന്നു.

Advertisment