Advertisment

പള്ളിയ്ക്ക് മുൻപിൽ ബൈബിളുമേന്തി ട്രംപിൻ്റെ ഫോട്ടോഷൂട്ട്; പ്രതിഷേധത്തിനിടയിലും രാഷ്ട്രീയം കളിച്ച് പ്രസിഡന്റ്; ട്രംപിന് പള്ളിയിലേക്ക് നടന്നു പോകാൻ സൗകര്യമൊരുക്കിയത് വൈറ്റ് ഹൗസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ചിരുന്നവരെ റബർ ബുള്ളറ്റും ടിയർ ഗ്യാസും ഉപയോഗിച്ചു വഴിയിൽ നിന്നും മാറ്റി

New Update

അമേരിക്കയിൽ ജോര്‍ജ് ഫ്‌ളോയിഡിനെ കാൽമുട്ടിനടിയിൽ ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം അലയടിക്കുമ്പോഴും രാഷ്ട്രീയം കളിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപത്തെ സെന്റ് ജോൺസ് പള്ളിയ്ക്ക് മുൻപിൽ കയ്യിൽ ബൈബിളുമേന്തി ഫോട്ടോയ്ക്ക് പോസ് ചെയ്തായിരുന്നു ട്രംപിൻ്റെ തന്ത്രപരമായ നീക്കം.

Advertisment

publive-image

വൈറ്റ് ഹൗസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ചിരുന്നവരെ റബർ ബുള്ളറ്റും ടിയർ ഗ്യാസും ഉപയോഗിച്ചു വഴിയിൽ നിന്നും മാറ്റിയാണ് ട്രംപിന് പള്ളിയിലേക്ക് നടന്നു പോകാൻ സൗകര്യമൊരുക്കിയത്. ട്രംപിനോടൊപ്പം മകൾ ഇവാങ്കയും അറ്റോർണി ജനറൽ വില്യം ബാറും ഫോട്ടോയ്ക്ക് പോസ് ചെയ്തു. അമേരിക്കയിൽ വർണവെറിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിലും പള്ളിയിൽ ഫോട്ടോഷൂട്ട് നടത്തിയ ട്രംപിനെതിരെ നിശിത വിമർശനമുയരുന്നുണ്ട്.

ട്രംപ് രാഷ്ട്രീയ മുതലെടുപ്പിനായി പള്ളി ഉപയോഗിച്ചതിനെതിരെ വാഷിംഗ്ടണിലെ എപ്പിസ്കോപ്പൽ രൂപതയുടെ ബിഷപ്പ് മൈക്കൽ രംഗത്തെത്തിയിട്ടുണ്ട്. പള്ളി കെട്ടിടവും ബൈബിളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ട്രംപ് ഉപയോഗിച്ചുവെന്ന് ബിഷപ്പ് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

കറുത്ത വർഗക്കാരൻ്റെ കൊലപാതകത്തിൽ അമേരിക്കയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. 140 നഗരങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ കൊള്ളയും തീവെപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇതിൽ പകുതിയോളം ഇടങ്ങളിൽ ദേശീയ സുരക്ഷാ സേനയും രംഗത്തുണ്ട്. പ്രതിഷേധത്തെ അടിച്ചർത്താൻ പട്ടാളത്തെ ഇറക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

മെയ് 25 നാണ് മിനിയപ്പൊലിസില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടിനടിയിൽ ഞെരിച്ചു കൊന്നത്. 46 കാരനായ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ കൊല്ലപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ നഗരങ്ങളിൽ കനത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. നേരത്തെ വൈറ്റ് ഹൗസിന് മുന്നിൽ നൂറു കണക്കിന് പ്രതിഷേധക്കാർ കൂട്ടം കൂടിയതോടെ ട്രംപിനെ ഭൂഗർഭ അറയിലേക്ക് കുറച്ചു സമയം മാറ്റിയിരുന്നു.

donald trump
Advertisment