Advertisment

സ്വീഡനെ തകര്‍ത്ത് ജര്‍മനി; ഇഞ്ചുറിടൈമില്‍ ക്രൂസിന്‍റെ മഴവില്‍

New Update

Advertisment

സോചി: ലോകകപ്പില്‍ ടോണി ക്രൂസിന്‍റെ ഫ്രീകിക്ക് വളഞ്ഞുപുളഞ്ഞ് വലക്കണ്ണികളെ ചുമ്പിച്ചപ്പോള്‍ ജര്‍മനിക്ക് ലഭിച്ചത് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ. ഇഞ്ചുറിടൈമില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തളച്ച് മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനി ആയുസ് നീട്ടി. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ നില്‍ക്കവേ 95-ാം മിനുറ്റിലായിരുന്നു ക്രൂസിന്‍റെ മഴവില്ലഴക്. ജര്‍മനിക്കായി റൂയിസും സ്വീഡനായി ടോയ്‌വനെനുമാണ് മറ്റ് ഗോളുകള്‍ നേടിയത്.

tony-kroos-celebration

മത്സരത്തിന്‍റെ മൂന്നാം മിനുറ്റില്‍ ജര്‍മന്‍ താരം ഡാക്‌സ്ലറിന്‍റെ ഗോള്‍ ശ്രമം വിഫലമായി. ആറാം മിനുറ്റിലാണ് ആദ്യ സ്വീഡീഷ് ആക്രമമുണ്ടായത്. എന്നാല്‍ ജര്‍മന്‍ ബോക്സില്‍ പ്രതിരോധതാരങ്ങള്‍ ആ ശ്രമം തടഞ്ഞു. എട്ടാം മിനുറ്റില്‍ ജര്‍മനി നടത്തിയ മിന്നും മുന്നേറ്റം വെര്‍ണര്‍ ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. 12-ാം മിനുറ്റില്‍ വീണ്ടുമൊരു സ്വീഡന്‍ തിരിച്ചടിയും പാളി. പിന്നിടങ്ങോട്ട് അടിയും തിരിച്ചടിയുമായി ടീമുകള്‍ പോരാടിയെങ്കിലും ഗോള്‍ മാറിനിന്നു.

പരിക്കേറ്റ് മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന ജര്‍മന്‍ താരം റൂഡിക്ക് ഇതിനിടെ കളിക്കളം വിടേണ്ടിവന്നു. എന്നാല്‍ 32-ാം മിനുറ്റില്‍ ജര്‍മനിക്ക് സ്വീഡന്‍ ആദ്യ ഷോക്ക് നല്‍കി. ജര്‍മന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഓല ടോയ്‌വനെന്‍ സ്വീഡനായി വലകുലുക്കി. ക്ലാസന്‍ നല്‍കിയ തന്ത്രപരമായ പാസ് ടോയ്‌വനെന്‍ നീന്തിത്തുടിച്ച് ഗോള്‍കീപ്പര്‍ ന്യൂയര്‍ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഇടവേളയ്ക്ക് പിരിഞ്ഞു.

View image on Twitter

രണ്ടാം പകുതിയില്‍ ജര്‍മനി അഴിച്ചുവിട്ടത് അതിവേഗ നീക്കങ്ങള്‍. 48-ാം മിനുറ്റില്‍ തന്നെ റൂയിസിലൂടെ ജര്‍മനി സമനില പിടിച്ചു. വെര്‍ണറിന്‍റെ ക്രോസ് മരിയോ ഗോമസിന്‍റെ കാലില്‍ തട്ടിയെത്തിയത് റൂയിസിന്‍റെ മുന്നില്‍. സ്വീഡീഷ് പ്രതിരോധതാരം അഗസ്റ്റിന്‍സിന് ഇടംകൊടുക്കാതെ കാല്‍മുട്ടുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടു. പിന്നാലെ നിരവധി തവണ സ്വീഡിഷ് ഗോള്‍മുഖത്ത് ജര്‍മനി പന്തുമായെത്തിയെങ്കിലും വലയില്‍ പ്രവേശിക്കാനായില്ല.

View image on Twitter

സംഭവബഹുലമായിരുന്നു 82-ാം മിനുറ്റ്. ബെര്‍ഗിനെ പിന്നില്‍നിന്ന് വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ബോട്ടെങ് പുറത്തായി. പന്ത് പേരുമായി ചുരുങ്ങിയെങ്കലും ജര്‍മനി തളര്‍ന്നില്ല. 87-ാം മിനുറ്റില്‍ തകര്‍പ്പനടി സ്വീഡിഷ് ഗോള്‍കീപ്പര്‍ റോബിന്‍ ഓള്‍സണ്‍ സാഹസികമായി രക്ഷപെടുത്തി. പിന്നാലെ ഗോമസിന്‍റെ മറ്റൊരു മിന്നല്‍പ്പിണറിന് ബാറില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഇഞ്ചുറിടൈമിലെ ഫ്രീകിക്കില്‍ റൂയിസ് തലോടിവിട്ട പന്തിനെ ക്രൂസ് ജര്‍മനിയുടെ ലൈഫ്‌ലൈനാക്കി.

Advertisment