Advertisment

ഖഷോഗിയുടെ കൊലയാളി പ്രിൻസ് സൽമാൻ തന്നെ - ആരോപണം ആവര്‍ത്തിച്ച് സിഐഎ. സൗദി - അമേരിക്കൻ ബന്ധത്തിൽ വിള്ളലുകൾക്ക് സാധ്യത

New Update

അമേരിക്കയുടെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയായ സി.ഐ .എ സമർപ്പിച്ച റിപ്പോർട്ടിൽ അസന്നിഗ്ദ്ധമായി അവർ വ്യക്തമാക്കിയിരിക്കുന്നത് പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയെ കൊല്ലാൻ ഉത്തരവിട്ടത് സൗദി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ തന്നെയെന്നാണ്.

Advertisment

റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ് :-

" പ്രിൻസ് സൽമാന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ സഹോദരനും അമേരിക്കയിലെ സൗദി സ്ഥാനപതി യുമായ ഖാലിദ് ബിൻ സൽമാനാണ് ഖാഷോഗിക്കു ഫോൺ ചെയ്‌ത്‌, തുർക്കിയുടെ തലസ്ഥാനമായ ഇസ്‌താം ബൂളിലുള്ള സൗദി എംബസിയിൽ ചെല്ലാനും അവിടെനിന്നും ഖഷോഗിയുടെ വിവാഹസംബന്ധമായ പേപ്പറുകൾ ഒപ്പിടാനും കൈപ്പറ്റാനും നിർദ്ദേശിക്കുന്നത്.

publive-image

തന്റെ സുരക്ഷയെപ്പറ്റിയുള്ള ഖാഷോഗിയുടെ ആശങ്കകൾക്കു മറുപടിയായി ഖാലിദ് ബിൻ സൽമാൻ അദ്ദേഹത്തിന് പൂർണ്ണ സുരക്ഷ ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഖാഷോഗിയെ വിശ്വാസത്തിലെടുക്കുന്നതിൽ ഖാലിദ് ബിൻ സൽമാൻ പൂർണ്ണമായും വിജയിച്ചു.

അതു വിശ്വസിച്ച അദ്ദേഹം തന്റെ മരണം ഇസ്‌താംബുൽ എംബസ്സിയിൽ ഉറപ്പിച്ചുകഴിഞ്ഞു എന്ന സത്യമറിയാതെ നിർഭയനായി അവിടേക്ക് നടന്നു ചെല്ലുകയായിരുന്നു. അവിടെ എംബസിയിൽ ഖാഷോഗിയുടെ വരവും കാത്തുനിന്നിരുന്ന 15 സൗദി സർക്കാർ ഏജന്റുമാർ ചേർന്ന് അദ്ദേഹത്തെ നിഷ്ടുരമായി കൊലപ്പെടുത്തുകയും ചെയ്തു. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുതന്നെ നടന്നു.

ഇതെല്ലാം തുടക്കം മുതൽ ഒടുക്കം വരെ സൗദി യുവരാജാവ് മുഹമ്മദ് ബിൻ സൽമാന്റെ നിർദ്ദേശപ്രകാരമാണ് നടന്നത്."

ഇതാണ് സി.ഐ .എ റിപ്പോർട്ടിന്റെ സാരം. ഖാലിദ് ബിൻ സൽമാനും ഖാഷോഗിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ അവർ ഇപ്പോഴും ശേഖരിക്കുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഖാഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 17 സൗദി അറേബ്യൻ പൗരന്മാർക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തുകയുണ്ടായി.

സിഐഎ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് വരും ദിവസങ്ങളിൽ സൗദി - അമേരിക്കൻ ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അങ്ങനെ വന്നാൽ രാജ്യത്തിനുള്ളിൽത്തന്നെ ഏറെ എതിർപ്പുകൾ നേരിടുന്ന പ്രിൻസ് സൽമാന്റെ സിംഹാസനത്തിനുതന്നെ അത് ഭീഷണിയുമാകും.

saudi news
Advertisment