മെല്‍ബണ്‍ മലയാളികള്‍ക്കിടയിലെ ചേരിപ്പോര് – കൊച്ചിന്‍ കലാഭവന്റെ ഓസ്ട്രേലിയന്‍ പര്യടനം വിവാദമായി. ആരോപണങ്ങള്‍ നിക്ഷേധിച്ച് സ്പോണ്‍സര്‍മാരായ ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ രംഗത്ത്

ന്യൂസ് ബ്യൂറോ, ഓസ്ട്രേലിയ
Tuesday, February 13, 2018

മെല്‍ബണ്‍ : കൊച്ചിന്‍ കലാഭവന്റെ ഓസ്ട്രേലിയന്‍ പര്യടനം സംബന്ധിച്ച വിവാദം ഓസ്ട്രേലിയയില്‍ കൊഴുക്കുന്നു.  കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്റെ മരണത്തോടെ രണ്ടായി മാറിയ കലാഭവനിലെ ഒരു വിഭാഗത്തെ ഓസ്ട്രേലിയയിലേയ്ക്ക് പരിപാടിയ്ക്കായി ക്ഷണിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.

കലാഭവന്റെ ഗ്രൂപ്പ് പോരില്‍ ഇതിനിടെ സംഭവിച്ച ചില സാങ്കേതിക തടസങ്ങളുടെ പേരില്‍ അപമാനിതരായത് നിരപരാധികളായ ഓസ്ട്രേലിയന്‍ മലയാളികളാണ്.  വര്‍ഷങ്ങളായി ഓസ്ട്രേലിയയില്‍ മാതൃകാപരമായ രീതിയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരെ വിവാദത്തില്‍ അകപ്പെടുത്തിയിരിക്കുകയാണ് ഒരു വിഭാഗം.

കഴിഞ്ഞ പത്ത് വര്‍ഷമായി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഗവണ്മെന്റിന്റെ രെജിസ്ട്രേഷനോടുകൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി സംഘടനയായ  ഗ്ലോബല്‍ മലയാളി കൌണ്‍സിലാണ് കലാഭവന്‍ പരിപാടി ബുക്ക് ചെയ്തത്.

കൊച്ചിന്‍ കലാഭവന്റെ പരിപാടിക്ക് ഇവര്‍ എഗ്രിമെന്റില്‍ ഒപ്പ് വച്ച സോബി ജോര്‍ജ്ജ് 35 വര്‍ഷക്കാലം കലാഭവന്റെ സ്ഥാപകന്‍ ഫാ. ആബേല്‍ അച്ചന്റെ സന്തത സഹചാരിയായിരുന്ന വ്യക്തി ആയിരുന്നു .

സി എം എ സഭയിലെ മുതിര്‍ന്ന വൈദികനും  ദീപികയുടെ ഡയറക്ടറുമായ ഫാ. ജെയിംസ് എര്‍ത്തയിലിന്‍റെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് സോബി ജോര്‍ജ്ജിനെ കമ്മിറ്റിക്കാര്‍ നിശ്ചയിക്കുന്നത് .

അത് അനുസരിച്ച് സിഡ്നിയിലും ടൌണ്‍സ്വിഡയിലും പ്രോഗ്രാം നടത്തുവാന്‍ തീരുമാനിച്ചു.  കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഇത് പോലുള്ള പരിപാടികള്‍ക്ക് വിസയ്ക്കുള്ള പേപ്പറുകള്‍ തയാറാക്കി കൊടുക്കുന്ന  വ്യക്തിയെ വിസ കാര്യങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു.

പരിപാടി അവതരിപ്പിക്കേണ്ട രണ്ടു സ്ഥലങ്ങളില്‍ നിന്നും വെറും ടോക്കണ്‍ അഡ്വാന്‍സും സ്വാഭാവികമായും ഇവര്‍ വാങ്ങി . എന്നാല്‍ വിസ സംബന്ധമായ പ്രശ്നം ഉടലെടുത്തതോടെ  പരിപാടി മാറ്റി വയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി .

അപ്പോള്‍ തന്നെ ടോക്കണ്‍ അഡ്വാന്‍സ് വാങ്ങിയത് കമ്മറ്റിക്കാര്‍ മടക്കി നല്‍കുകയും ചെയ്തു . എന്നാല്‍ ഇത് പിന്നീട് വന്‍ തട്ടിപ്പായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു .  പരിപാടിക്കായി വന്‍തോതില്‍ പിരിവ് നടത്തി തട്ടിപ്പ് എന്ന നിലയിലായിരുന്നു പ്രചാരണം.

പ്രോഗ്രാം ഏറ്റിരുന്ന കലാഭവന്‍ സോബി ജോര്‍ജ് മുന്‍പ് ഒരു വിസ ഇടപാടില്‍ അറസ്റ്റിലായ സംഭവം ഉയര്‍ത്തിക്കാട്ടിയായിരുന്നു വിവാദം . സദുദ്ദേശപരമായി ഇദ്ദേഹം നടത്തിയ ഒരു സാമ്പത്തിക ഇടപാട് സാങ്കേതിക പ്രശ്നങ്ങളില്‍ അകപ്പെട്ടപ്പോള്‍ കേസായി മാറുകയും അറസ്റ്റ് ഉണ്ടാകുകയും ചെയ്തിരുന്നു .

എന്നാല്‍ ആ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പണം മടക്കി നല്‍കി ഇദ്ദേഹം വീണ്ടും പതിറ്റാണ്ടുകളായി കൊച്ചിന്‍ കലാഭവനുമായി കലാ രംഗത്ത് തുടരുന്നുണ്ട്. മുതിര്‍ന്ന വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ സോബിനെ കലാരംഗത്ത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ നടത്തിയ കലാസന്ധ്യയില്‍ കോട്ടയത്തെ നവജീവന്‍ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ പി യു തോമസിനെ മെല്‍ബണില്‍ കൊണ്ടുവന്ന് ആദരിക്കുകയും നവജീവന് ചാരിറ്റി ഫണ്ട് നല്‍കുകയും ചെയ്തിരുന്നു . സംഘടനക്കെതിരായ ആരോപണങ്ങള്‍ നിക്ഷേധിച്ച്  ഗ്ലോബല്‍ മലയാളി കൌണ്‍സില്‍ വാര്‍ത്താകുറിപ്പും നല്‍കിയിട്ടുണ്ട്.

×