Advertisment

ഗോവയിൽ സിനിമാ പൂരം ഇന്ന് മുതൽ;അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 68 രാജ്യങ്ങൾ,212 സിനിമകൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

നാല്‍പത്തിയൊന്‍പതാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും. ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ജൂലിയന്‍ ലാന്‍ഡെയ്‌സ സംവിധാനം ചെയ്ത 'ദി ആസ്‌പേണ്‍ പേപ്പേഴ്‌സ' ആണ് ഉദ്ഘാടന ചിത്രം.

Image result for goa film fest crowd

വൈകീട്ട് 4:30 ന് ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സുദിന്‍ മാധവ് ധവാലിക്കര്‍, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ ഈ വര്‍ഷം വിട പറഞ്ഞ ചലച്ചിത്ര പ്രതിഭകളായ ശ്രീദേവി, വിനോദ് ഖന്ന, ശശി കപൂര്‍, കരുണാനിധി, കല്‍പന ലാജ്മി എന്നിവരെ അനുസ്മരിക്കും. ഇവരുടെ തിരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Image result for goa film fest crowd

നവംബര്‍ 28നാണ് മേള കൊടിയിറങ്ങുന്നത്. ജര്‍മന്‍ ചിത്രമായ സീല്‍ഡ് ലിപ്സാണ് സമാപന ചിത്രം. ഓസ്‌ക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 16 വിദേശ ഭാഷാ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഷാജി എന്‍ കരുണിന്റെ ഓള് ആണ് ഉദ്ഘാടന ചിത്രം. ഭയാനകം, ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്റെ പൂമരം, റഹീം ഖാദറിന്റെ മക്കന എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തമിഴില്‍ നിന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

Image result for goa film fest crowd

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും മൂന്ന് സിനിമകളാണ് തെരഞ്ഞെടുത്തത്. രമ്യ രാജിന്റെ 'മിഡ് നൈറ്റ് റണ്‍', വിനോദ് മങ്കടയുടെ 'ലാസ്യം', ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സ്വോഡ് ഓഫ് ലിബര്‍ട്ടി' എന്നിവയാണ് അത്. മറാത്തിയില്‍ നിന്നുള്ള 'ഖര്‍വാസ്' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.

Image result for goa film fest crowd

മലയാളി സംവിധായകന്‍ എബ്രിഡ് ഷൈന്റെ രണ്ട് ചിത്രങ്ങള്‍ ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കും. പൂമരത്തിനൊപ്പം ഇന്ത്യയില്‍ നിന്നുള്ള കായികസിനിമകളുടെ പ്രത്യേകവിഭാഗത്തില്‍ 1983യും പ്രദര്‍ശിപ്പിക്കും.ഖേലോ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായിട്ടാണ് കായിക സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

Advertisment