Advertisment

സ്വർണക്കടത്തിലെ ഓഫീസ് ബന്ധം: ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണം - വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് പാഴ്സൽ വഴി സ്വർണ്ണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Advertisment

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കരനെ മാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിക്കലാണ്.

മുഖ്യസൂത്രധാരയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിൽ നിയമനം നേടിയത് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത ബന്ധം ഉപയോഗിച്ചാണ്. കള്ളകടത്ത് സംഘങ്ങളും - രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടത്തിലെ ഉന്നതൻമാരും ഉൾകൊള്ളുന്ന അവിശുദ്ധ സഖ്യമാണ് സ്വർണക്കടത്ത് കേസിലൂടെ വെളിവായിരിക്കുന്നത്. കളളക്കടത്ത് സംഘാംഗം തന്നെ മുഖ്യമന്ത്രിയുടെ വകുപ്പിൽ ജീവനക്കാരിയായത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. ഇത്തരം ഒരു സ്ഥിതി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

നിരവധി അന്താരാഷ്ട്ര കൺസൽട്ടൻസികളുമായി കോവിഡ് കാലം മറയാക്കി ഐ.ടി വകുപ്പ് കരാറുകളിലേർപ്പെട്ടിട്ടുണ്ട്. സ്പ്രിഗ്ലര്‍ വിഷയത്തിലും ഇതേ സെക്രട്ടറി തന്നെ ആയിരുന്നു ഇടനിലക്കാരൻ. പത്രസമ്മേളനത്തിനും ഘടകകക്ഷി നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇദ്ദേഹത്തെ ആണ് മുഖ്യമന്ത്രി നിയോഗിച്ചിരുന്നത്.

കള്ളക്കടത്തിൽ സൂത്രധാരകയായ വ്യക്തിക്ക് ഐ.ടി സെക്രട്ടറിയുമായുള്ള ബന്ധം സംശയാസ്പദമാണ്. തട്ടിപ്പ് കേസിൽ പ്രതിയായ ആൾ ഉന്നത തസ്ഥികയിൽ നിയമനം നേടിയത് ഈ ബന്ധങ്ങളിലൂടെയാണ്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ലെങ്കിൽ പിന്നെന്തിനാണ് അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത്.

തന്റെ നിയന്ത്രണത്തിലുള്ള വകുപ്പിൽ നടന്ന ക്രിമിനൽ ഗൂഢാലോചനയുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായി വിജയന് ഒഴിഞ്ഞ് മാറാനാവില്ല. ഇത്തരം ആരോപണങ്ങൾ ഉയർന്ന മുൻ ഘട്ടങ്ങളിൽ സ്വീകരിച്ച നിലപാടിന്റെ ഭാഗമായി പിണറായിയോട് രാജി വെക്കാൻ സി.പി.എം ദേശീയ നേതൃത്വം ആവശ്യപ്പെടണം. കോണസുലേറ്റിനെ മറയാക്കി ഡിപ്ലോമാറ്റിക് പാഴ്സൽ വഴിയുള്ള സ്വർണ്ണക്കള്ളക്കടത്ത് അന്താരാഷ്ട്ര മാനങ്ങളുള്ള ക്രിമനൽ പ്രവർത്തനമാണ്.

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളിൽ സ്വാധീനമുള്ളവർ ഈ അച്ചുതണ്ടിന്റെ ഭാഗമായുണ്ടാകും. കേരള പോലീസിന്റെ പരിധിയിൽ നിൽക്കുന്ന വിഷയമല്ല ഇത്. അതുകൊണ്ട് കേന്ദ്ര ഏജൻസിയായ CBI യുടെ നേതൃത്വത്തിൽ സുതാര്യമായ അന്വേഷണം അനിവാര്യമാണ്. മുഖ്യമന്ത്രി രാജിവെയ്ക്കണെമെന്നും സ്വർണ്ണക്കടത്ത് കേസ് CBI അന്വേഷിക്കണം എന്നാവശ്യപ്പെട്ടും പഞ്ചായത്ത് തലങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

gold case3
Advertisment