Advertisment

കരുവാറ്റ സഹകരണ ബാങ്ക് കവർച്ച: വാടകവീട്ടിലെ ചെടിച്ചട്ടിയുടെ അടിയിൽ പ്ലാസ്റ്റിക് കവറിൽ 8 സ്വർണവളകൾ, പരിസരം കുഴിച്ച് നാട്ടുകാർ, 69 ഗ്രാം സ്വർണാഭരണം കണ്ടെടുത്തു

New Update

ഹരിപ്പാട് :കരുവാറ്റ സഹകരണ ബാങ്ക് കവർച്ചക്കേസിലെ രണ്ടാം പ്രതി ഷൈബുവിന്റ ഹരിപ്പാട്ടെ വാടക വീട്ടിൽ കുഴിച്ചിട്ടിരുന്ന 69 ഗ്രാം സ്വർണാഭരണം പൊലീസ് കണ്ടെടുത്തു. ചെടിച്ചട്ടിയുടെ അടിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് 8 വളകളാണ് കുഴിച്ചിട്ടിരുന്നത്. മകൾ നൃത്ത പരിപാടിക്ക് ഉപയോഗിക്കുന്ന വളകളാണെന്നും സ്വർണമല്ലെന്നും ഷൈബു പൊലീസിനോടു പറഞ്ഞു.

Advertisment

publive-image

പൊലീസ് ഇതു പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പാക്കി. കവർച്ച ചെയ്യപ്പെട്ടവരിൽ നിന്നു ലഭിച്ച സ്വർണത്തിന്റെ അളവും ബാങ്ക് രേഖകൾ പ്രകാരം നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവും തമ്മിൽ 1.3 കിലോഗ്രാം വ്യത്യാസം വന്നതിനെ തുടർന്നാണ് ഷൈബുവിന്റെ വാടക വീട്ടിൽ കൂടുതൽ പരിശോധന നടത്തിയത്.

ഷൈബുവിന്റെ പക്കൽ നിന്നു പൊലീസ് പിടിച്ചെടുത്തതിൽ കൂടുതൽ സ്വർണം, മോഷണത്തിന്റെ പങ്കായി ഷൈബുവിന് നൽകിയിട്ടുണ്ടെന്ന് ഒന്നാം പ്രതി ആൽബിൻ‍ രാജ് മൊഴി നൽകിയിട്ടുണ്ട്.

ഷൈബുവിന്റെ വാടക വീട് പൊലീസ് വിശദമായി പരിശോധിച്ചു. പാത്രങ്ങൾ, കിടപ്പുമുറി, സ്വീകരണ മുറി എന്നിവിടങ്ങിലെല്ലാം വിശദമായി പരിശോധിച്ചു. മണ്ണ് ഇളകിക്കിടന്നിരുന്ന ഭാഗത്തെ ചെടിച്ചട്ടികൾ മാറ്റി അതിനിടയിൽ കുഴിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഷൈബു കൂടുതൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വീട്ടിലെ കിണർ വറ്റിച്ചു പരിശോധന നടത്തുമെന്നു സിഐ ആർ.ഫയാസ് പറഞ്ഞു. ഷൈബുവിന്റെ ഭാര്യയെ ചോദ്യം ചെയ്യും.

ആൽബിൻ രാജിനെ കഴിഞ്ഞ ദിവസം കാട്ടാക്കടയിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തി സ്വർണം കണ്ടെത്തിയതോടെ നാട്ടുകാരിൽ ചിലർ വീടിന്റെ പരിസരം കുഴിച്ചു നോക്കിയതായി പൊലീസിനു വിവരം.

മോഷ്ടിച്ച സ്വർണം ആൽബിൻ എവിടെയെങ്കിലും കുഴിച്ചിട്ടിട്ടുണ്ടാകുമെന്ന സംശയത്തിലായിരുന്നു തിരച്ചിൽ. പുരയിടത്തിലെ കൃഷികൾ പലതും പിഴുതിട്ട നിലയിലാണെന്നും പൊലീസിന് വിവരം കിട്ടി.

gold robbery
Advertisment