Advertisment

സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം:മുല്ലപ്പള്ളി

New Update

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യകണ്ണി മുഖ്യമന്ത്രിയാണെന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവുന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പീക്കപ്പ് കേരള ക്യാമ്പയിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

Advertisment

publive-image

മുഖ്യമന്ത്രിക്കെതിരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വിശ്വസനീയമായ ഉറവിടത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണം.അല്ലെങ്കില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ദേശദ്രോഹ തെളിവുകളുണ്ടായിട്ടും നടപടിയെടുക്കാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ തയ്യാറാകുന്നില്ല. ഡല്‍ഹിയില്‍ വി.മുരളീധരന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസും. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഒരുവാക്കു പറയുന്നതിന് പകരം പന്ത്രണ്ട് മണിക്കൂര്‍ ഡല്‍ഹിയില്‍ പ്രഹസന നിരാഹാരസമരം നടത്തിയ കേന്ദ്രമന്ത്രി വി.മുരളീധരന്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ്.ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ ഭാഗമാണ് ഈ ഒളിച്ചുകളിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തിന് ബാധ്യതയാണ്. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അന്താരാഷ്ട്രമാനങ്ങളുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ കള്ളക്കടത്തില്‍ വ്യക്തമായ പങ്കുണ്ട്.ദേശവിരുദ്ധ ശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ വിജിലന്‍സ് ഉദ്യോഗസ്ഥരെ കൊണ്ട് ഈ കേസ് അന്വേഷിച്ചാല്‍ അഴിമതിയുടെ ചുരുള്‍ ഒരിക്കലും അഴിയില്ല.

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തുന്നത്.ഈ കേസിലെ ഉന്നതങ്ങളിലെ അഴിമതി സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ പുറത്തുവരുകയുള്ളു.അന്താരാഷ്ട്ര മാനങ്ങളുള്ളതിനാല്‍ റോയും അന്വേഷിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തില്‍ സമസ്തജനങ്ങളും യുവതീ-യുവാക്കളും ക്ഷുഭിതരാണ്.നിയമനനിരോധനം നടപ്പാക്കുന്നതോടൊപ്പം ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പുറംവാതില്‍ വഴി ആയിരക്കണക്കിന് നിയമനങ്ങള്‍ നല്‍കുകയും ചെയ്തു. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചു.

തട്ടിപ്പുകാരും കള്ളക്കടത്ത് സംഘങ്ങളുമായി ഉന്നത സി.പി.എം നേതാക്കളുടെ ബന്ധം തെളിയിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്ത് വരുന്നത്. ജയ്ഹിന്ദ് ചാനല്‍ പുറത്ത് വിട്ട ഗുഡ് വിന്‍ നിക്ഷേപ തട്ടിപ്പുസംഘവുമായി മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കുമുള്ള ബന്ധം അന്വേഷിക്കണം. കര്‍ഷകരും മത്സ്യത്തൊഴിലാളികളും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ദരിദ്രവിഭാഗം ജനങ്ങളും പട്ടിണിയിലും പരിഭ്രാന്തിയിലുമാണ്. ഈ സര്‍ക്കാരിന്റെ ദുര്‍ഭരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവക്കല്ലറയിലെ സ്മാരക കല്ലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരന്‍,മണ്‍വിള രാധാകൃഷ്ണന്‍,ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, പാലോട് രവി, മണക്കാട് സുരേഷ്, പഴകുളം മധു തുടങ്ങിയവരും കെ.പി.സി.സി പ്രസിഡന്റിനോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

gold suggling case
Advertisment