ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്

ടെക് ഡസ്ക്
Sunday, June 9, 2019

ദില്ലി: ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഗൂഗിള്‍ ഒന്നാം സ്ഥാനത്ത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. ഐപോസ് നടത്തിയ സര്‍വെയിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ജിയോയുടെ എതിരാളികളായ എയര്‍ടെല്‍ എട്ടാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്. ആമസോണ്‍, പേടിഎം, സാംസങ് തുടങ്ങി ആദ്യ 10 സ്ഥാനങ്ങളില്‍ എത്തിയ ബ്രാന്‍ഡുകള്‍ ഐടി, ടെക്നോളജി, ടെലികോം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണെന്നതും ശ്രദ്ധേയമാണ്.

പ്രാദേശിക ബ്രാന്‍ഡുകളെ സംബന്ധിച്ചിടത്തോളം ആദ്യ 10 സ്ഥാനങ്ങളില്‍ എത്തുക എന്നതും അത് നിലനിര്‍ത്തുക എന്നതും ശ്രമകരമാണെന്നാണ് ഐപോസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ വിവേക് ഗുപ്ത പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ ഗൂഗിളിനും ആമസോണിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് ജിയോ ഉണ്ടായിരുന്നത്. 4 ആഭ്യന്തര ബ്രാന്‍ഡുകളാണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളത്. ജിയോ, പേടിഎം, എയര്‍ടെല്‍ എന്നിവയ്ക്കു പുറമേ ഫ്‌ളിപ്കാര്‍ട്ടാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്.

ഫ്‌ളിപ്കാര്‍ട്ട് ഒമ്പതാം സ്ഥാനത്താണ്. വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേടിഎമ്മാണ് പട്ടികയിലെ മൂന്നാംസ്ഥാനത്ത് ഇത്തവണ എത്തിയിട്ടുള്ളത്. ജെഫ് ബെസാസിന്‍റെ ആമസോണ്‍ ഇത്തവണ അഞ്ചാം സ്ഥാനത്താണ്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് നാലാം സ്ഥാനത്താണ് ഉള്ളത്. സാംസംഗും ഫ്‌ളിപ്കാര്‍ട്ടും ആപ്പിളിനെ മറികടന്നാണ് മുന്നേറിയത്. സാംസങ് ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്ത് മൈക്രോസോഫ്റ്റാണ്.

×