Advertisment

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ ആപ്പ് അപ്രത്യക്ഷമായിട്ട് 48 മണിക്കൂറില്‍ ഏറെയായിട്ടും തിരിച്ചെത്തിയില്ല

New Update

publive-image

Advertisment

ദില്ലി: ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ ആപ്പ് അപ്രത്യക്ഷമായിട്ട് 48 മണിക്കൂറില്‍ ഏറെയായിട്ടും തിരിച്ചെത്തിയില്ല. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും കഴിഞ്ഞ ആഗസ്റ്റിലും ഇത്തരത്തില്‍ ഗൂഗിള്‍ പേ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തിയിരുന്നു. പക്ഷെ ഇത്തവണ ഉടന്‍ തിരിച്ചെത്തും എന്ന് ഗൂഗിള്‍ അറിയിപ്പ് ഉണ്ടായിട്ടും ഇതുവരെ ആപ്പ് തിരിച്ചെത്തിയിട്ടില്ല.

അതേ സമയം കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങളോട് സംസാരിച്ച ഗൂഗിള്‍ വക്താവ് ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ ഗൂഗിള്‍ പേ ഇല്ലാത്തത് സംബന്ധിച്ച് ഗൂഗിളിന്‍റെ ഭാഗം വിശദീകരിച്ചിരുന്നു. ആപ്പ് സ്റ്റോറിലെ ആപ്പിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താല്‍ക്കാലികമായി ആപ്പ് പിന്‍വലിച്ചുവെന്നാണ് ഗൂഗിള്‍ പറയുന്നത്. ആന്‍ഡ്രോയ്ഡ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തടസ്സമില്ലാതെ ഡൌണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.

നിലവില്‍ ഐഒഎസ് ഉപകരണങ്ങളില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് കുറച്ചു സമയത്തേക്ക് പേമെന്‍റ് നടത്താനും തടസം സംഭവിച്ചേക്കും എന്നാണ് ഗൂഗിള്‍ വക്താവ് അറിയിക്കുന്നത്. ഗൂഗിള്‍ പേ വീണ്ടും ആപ്പ് സ്റ്റോറില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും ഗൂഗിള്‍ വക്താവ് അറിയിക്കുന്നു. തടസ്സം നേരിട്ട ഉപയോക്താക്കളുടെ പ്രയാസത്തില്‍ ഖേദിക്കുന്നുവെന്നും ഗൂഗിള്‍ വ്യക്തമക്കി.

Advertisment