Advertisment

പുന്നമട അഭിലാഷ് കൊല്ലപ്പെട്ടത് താൻ പ്രതിയായ കൊലപാതക കേസിന്റെ വിസ്താരം കോടതിയിൽ തുടരുമ്പോള്‍; പ്രതിയെ കണ്ടെത്താൻ പൊലീസിനു വഴിയൊരുക്കിയത് 7 വയസ്സുകാരി ലിഡോ !

New Update

ആലപ്പുഴ : താൻ പ്രതിയായ കൊലപാതക കേസിന്റെ വിസ്താരം കോടതിയിൽ തുടരുമ്പോഴാണു പുന്നമട അഭിലാഷ് കൊല്ലപ്പെട്ടത്. 4 മാസമായി നടക്കുന്ന വിസ്താരത്തിൽ ഹാജരാകാൻ ഒരു മാസം മുൻപ് അഭിലാഷ് ജില്ലാ അഡീഷനൽ സെഷൻസ് കോടതി(ഒന്ന്)യിൽ എത്തിയിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണിത്. മറ്റൊരു കൊലക്കേസിൽ വിചാരണ പൂർത്തിയായി.

Advertisment

publive-image

സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ നെഹ്‌റു ട്രോഫി ബ്രാഞ്ച് സെക്രട്ടറിയുമായ രാജേഷ് ചന്ദ്രനെ (23) വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയതാണ് നോർത്ത് സ്റ്റേഷനിലെ കേസ്. 2006 ഏപ്രിലിൽ ആയിരുന്നു സംഭവം.

17 പ്രതികളുള്ള കേസിൽ അഭിലാഷ് മൂന്നാം പ്രതിയാണ്. വാറ്റുചാരായത്തിനും കഞ്ചാവു വിൽപനയ്ക്കും എതിരെ ഡിവൈഎഫ്ഐ ബോധവൽക്കരണം നടത്തിയതാണ് ശത്രുതയ്ക്കു കാരണം. സംഭവ ദിവസം രാജേഷിന്റെ ബന്ധുവീടുകളും അയൽവീടുകളും ആക്രമിക്കപ്പെട്ടു.

വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികൾ എത്തിയതെന്നു നാട്ടുകാർ ഓർക്കുന്നു. പാടത്ത് കൊയ്ത്തു കഴിഞ്ഞു കുടുംബവീട്ടിൽ ഉറങ്ങിക്കിടന്ന രാജേഷിനെ വിളിച്ചുണർത്തിയാണ് ആക്രമിച്ചത്. രാജേഷിന്റെ പിതൃസഹോദരന്റെ വീട് പ്രതികൾ തകർത്തു. 2 മക്കളെയും ആക്രമിച്ചു. പലരുടെയും കെട്ടിയിട്ട വള്ളങ്ങളും ആക്രമിക്കപ്പെട്ടു.

2014 മാർച്ച് 29നു കൈനകരിയിൽ കൈനകരി പഞ്ചായത്ത് 11–ാം വാർഡ് തയ്യിൽ രാജുവിന്റെയും ലളിതയുടെയും മകൻ ജയേഷിനെ (അനിയൻ–23) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് പൂർത്തിയായത്.

അഭിലാഷിന്റെ സംഘത്തിലുണ്ടായിരുന്ന ജയേഷ് പിന്നീട് തെറ്റിപ്പിരിഞ്ഞെന്നും ഇതിന്റെ വിരോധത്തിൽ അഭിലാഷിന്റെ നേതൃത്വത്തിൽ ജയേഷിനെ വീടുകയറി ആക്രമിക്കുകയും രക്ഷപ്പെടാൻ പാടവരമ്പത്തുകൂടി ഓടിയ ജയേഷിനെ പിന്തുടർന്നു വെട്ടി കൊലപ്പെടുത്തിയെന്നുമാണ് കേസെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ സൗത്ത്, നെടുമുടി, പുളിങ്കുന്ന് സ്റ്റേഷനുകളിലായി 25 കേസുകൾ അഭിലാഷിനെതിരെയുണ്ടെന്നും മോഷണം, അടിപിടി, പിടിച്ചുപറി, സംഘം ചേർന്നുള്ള അക്രമം, ലഹരികടത്ത് തുടങ്ങിയ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം 2 തവണ ജയിലിൽ ആയിരുന്നു.

പല സ്റ്റേഷനിലും ഒന്നിലേറെ കേസുകൾ: 2011 മേയ് 23 (നെടുമുടി), 2012 ജൂൺ 9 (ആലപ്പുഴ നോർത്ത്), 2013 മാർച്ച് 16 (പുളിങ്കുന്ന്), 2013 ഒക്ടോബർ 25 (ആലപ്പുഴ നോർത്ത്), 2013 മാർച്ച് 29 (നെടുമുടി), 2015 ജനുവരി 24 (നെടുമുടി), ഫെബ്രുവരി 25 (ആലപ്പുഴ സൗത്ത്), ഓഗസ്റ്റ് 20 (നെടുമുടി), 2016 ജനുവരി 1, ഏപ്രിൽ 9 (നെടുമുടി), 2017 ഡിസംബർ 10, 29 (നെടുമുടി), 2019 ജൂൺ 26 (പുളിങ്കുന്ന്), ജൂൺ 28 (നെടുമുടി) 2020 മാർച്ച് 6, ഒക്ടോബർ 25, ഡിസംബർ 25 (നെടുമുടി).

അഭിലാഷ് കൊലക്കേസിലെ പ്രതിയെ കണ്ടെത്താൻ പൊലീസിനു വഴിയൊരുക്കിയത് ഏകദേശം 1.5 കിലോമീറ്റർ മണം പിടച്ച് ഓടിയ ആലപ്പുഴ ഡോഗ് സ്ക്വാഡ് ട്രാക്കർ 7 വയസ്സുകാരിയായ ലിഡോ. സംഭവം നടന്ന സ്ഥലത്തുകണ്ട മുണ്ടിൽനിന്നു മണം പിടിച്ചാണ് ലിഡോ ഓടിയത്. വയലിലൂടെ ഓടിയെത്തിയത് പ്രതികൾ കൂട്ടമായിരുന്നു മദ്യപിച്ചെന്നു കരുതുന്ന സ്ഥലത്ത്. പിന്നെ, പ്രതി മജുവിന്റെ വീട്ടിലേക്ക്. മജുവിന്റെ മുറിയിൽ കയറിയാണ് ലിഡോ നിന്നത്.

സിപിഒമാരായ പി.എച്ച്.ഹരീഷ്, ഹരികുമാർ, തോമസ് ആന്റണി എന്നിവർ നേതൃത്വം നൽകി. കരുവാറ്റ ബാങ്ക് കവർച്ച കേസിൽ, പ്രതികൾ കുഴിച്ചുമൂടിയ രേഖകൾ കണ്ടെത്തിയതും ലിഡോ ആയിരുന്നു.

murder case
Advertisment