Advertisment

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്ന് ; ഔദ്യോഗിക തെളിവായി ഫോറന്‍സിക് റിപ്പോര്‍ട്ട്

New Update

ബെംഗളൂരു: കര്‍ണാടകയില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ അവരുടെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Advertisment

publive-image

രണ്ടുവര്‍ഷം മുമ്പ് 2015 ആഗസ്ത് 30നാണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയിരുന്നത്. രണ്ടുപേരുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യം വ്യക്തമാക്കുന്ന ഔദ്യോഗിക തെളിവ് ഇപ്പോഴാണ് ലഭിച്ചത്.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കെ.ടി നവീന്‍കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളെല്ലാം സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ്.

പുണെയില്‍ 2013 ആഗസ്തില്‍ യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ദാബോല്‍ക്കറും 2015 ഫെബ്രുവരിയില്‍ കോലാപ്പൂരില്‍ ഇടതു ചിന്തകനും പണ്ഡിതനുമായ ഗോവിന്ദ് പന്‍സാരെയും ഭാര്യയും 7.65 എംഎം വെടിയുണ്ടയേറ്റാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഇരുവരുടെയും മരണം ഒരേ തോക്കില്‍ നിന്ന് വെടിയേറ്റാണ് എന്നായിരുന്നു നിഗമനം.

Advertisment