ദില്ലി: കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് വകുപ്പിൽ നിന്ന് 15 ഉന്നത ഉദ്യോഗസ്ഥരെ കൂടി കേന്ദ്ര സ‍ര്‍ക്കാര്‍ നി‍ര്‍ബന്ധിത വിരമിക്കൽ നൽകി പറഞ്ഞുവിട്ടു. ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രിൻസിപ്പൽ കമ്മിഷണര്‍ അടക്കം 15 പേരെ വിരമിക്കൽ നൽകി വിട്ടയച്ചിരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു.

publive-image

കേന്ദ്ര സ‍ര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സാമ്പത്തിക ചട്ടം 56 (j) വകുപ്പനുസരിച്ചാണ് സ‍ര്‍ക്കാരിന്റെ നടപടി. പ്രിൻസിപ്പൽ കമ്മിഷണര്‍ ഡോ അനുപ് ശ്രീവാസ്തവ, കമ്മിഷണര്‍മാരായ അതുൽ ദിക്ഷിത്, സൻസര്‍ ചന്ദ്, ജി ശ്രീഹര്‍ഷ, വിനയ് ബ്രിജ് സിങ്, അഡിഷണൽ കമ്മിഷണര്‍മാരായ അശോക് ആര്‍ മഹിദ,രാജു ശേഖര്‍,  വിരേന്ദ്രകര്‍ അഗര്‍വാൾ, ഡപ്യൂട്ടി കമ്മിഷണര്‍മാരായ അശോക് കെആര്‍ അശ്വൽ, അംമ്രേഷ് ജയിൻ, ജോയിന്റ് കമ്മിഷണര്‍ നളിൻ കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍മാരായ എസ്എസ് പബന, എസ്എസ് ബിഷ്റ്റ്, വിനോദ് കെആര്‍ സംഗ, മുഹമ്മദ് അൽതാഫ് എന്നിവരെയാണ് വിരമിക്കൽ നൽകിയിരിക്കുന്നത്.

പൊതുജന താത്പര്യാര്‍ത്ഥം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വ്വീസിൽ നിന്ന് നിര്‍ബന്ധിതമായി വിരമിക്കൽ നൽകാനുള്ളതാണ് 56 (j) വകുപ്പ്. വളരെ കാലമായി ഈ വകുപ്പ് നിലവിലുണ്ടെങ്കിലും അത്യപൂര്‍വ്വമായി മാത്രമാണ് ഈ വകുപ്പ് ഉപയോഗിച്ചിരുന്നത്.