Advertisment

കിറ്റു കിട്ടുന്നുണ്ടല്ലോ ; പിന്നെ എന്ത് കോവിഡ് അടിയന്തരം ! കോവിഡ് വന്നതുതന്നെ ഇവിടുത്തെ പാവപ്പെട്ടവന്റെ കുറ്റം തന്നെ ! ഇടത്തേക്കൈ കൊണ്ട് ഭീമന്‍ പിഴ വാങ്ങി വലത്തേക്കൈകൊണ്ട് ചെറിയ കിറ്റ് നല്‍കുന്ന സര്‍ക്കാരെന്ന് കുഞ്ഞാലിക്കുട്ടി. പാവപ്പെട്ടവന് നേരിട്ടു പണം നല്‍കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം. കുറ്റം മാത്രം പറയുമ്പോ ഇടയ്ക്ക് നല്ലതുകൂടി കാണണമെന്ന് ധനമന്ത്രി. പ്രതിപക്ഷത്തിന് പ്രതിബദ്ധതയില്ലെന്ന് കണ്ടുപിടിച്ച് മുഖ്യമന്ത്രി ! കേന്ദ്രത്തിനും മുഖ്യമന്ത്രിയുടെ കുത്ത്. കോവാക്‌സിന് അംഗീകാരമില്ലെന്നു എതിരില്ലാതെ എല്ലാവരും പറഞ്ഞതോടെ അതു എടുത്തവന്റെ മാത്രം കുറ്റമാണോ അതെന്നും സംശയം. സോഷ്യല്‍ മീഡിയയിലെ കയ്യടിക്കായി നിയമസഭയിലെ പ്രസംഗങ്ങള്‍ മാറുന്നുവോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് അത്ര അടിയന്തരമാണോ ? ഇന്നു നിയമസഭയില്‍ കണ്ടതൊക്കെ വച്ചു നോക്കിയാല്‍ സത്യത്തില്‍ കോവിഡ് വന്നതുതന്നെ ഇവിടുത്തെ പാവപ്പെട്ടവന്റെ കുറ്റംകൊണ്ടാണെന്ന് ആരെങ്കിലും ധരിച്ചാല്‍ കുറ്റം പറയാനാവില്ല. ഇനി കോവിഡും അടച്ചു പൂട്ടലുമൊക്കെയായി വീട്ടിലിരുപ്പുണ്ടേല്‍ കിറ്റു തരുന്നുണ്ടല്ലോ; പിന്നെന്തിനു ചര്‍ച്ച വേണം എന്നും തോന്നാം.

രാവിലെ സഭയില്‍ അടിയന്തര പ്രമേയമായി വന്നതു തന്നെ കോവിഡും ലോക്ഡൗണും പ്രതിസന്ധിയുമൊക്കെതന്നെ. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനുള്ള പ്രതിസന്ധിയൊന്നുമില്ലെന്ന് ആദ്യം തന്നെ മുഖ്യന്‍ പറഞ്ഞതോടെ സംഗതി ജോര്‍ ! സംസ്ഥാനത്ത് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നായിരുന്നു പ്രമേയാവതാരകന്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു വച്ചത്.

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നത്. പക്ഷേ സംഗതിയെല്ലാം പഴയപടി തന്നെ. കാര്യമായ ഒരു മാറ്റവും കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിലുണ്ടായിരുന്നില്ല.

വ്യാപാരികള്‍, കൂലിവേലക്കാര്‍, ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ എന്നുവേണ്ട എല്ലാവരും ദുരിതത്തിലെന്നാണ് അദ്ദേഹം സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചത്. പാവപ്പെട്ടവന് പണം നേരിട്ട് നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആളൊന്നിന് അയ്യായിരം രൂപ വീതം നല്‍കണമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും ഇടയ്ക്കു കൂടി.

കുറ്റം മാത്രം പറയുമ്പോ ഇടയ്ക്ക് ഇവിടുത്തെ നല്ലതു കൂടി കാണണമെന്ന് കുഞ്ഞാലിക്കുട്ടിക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ കൗണ്ടര്‍. സര്‍ക്കാര്‍ ചെയ്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ധനമന്ത്രി എണ്ണിയെണ്ണി പറഞ്ഞു. ധനമന്ത്രിക്കു പിന്നാലെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചു.

നാട് എങ്ങോട്ടോ പൊയ്ക്കോട്ടെ, സര്‍ക്കാരിനെ കുറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം. കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

പത്തുലക്ഷം ഡോസ് വാക്സിന്‍ കേരളത്തില്‍ കെട്ടിക്കിടക്കുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞദിവസം സംസ്ഥാനത്ത് അഞ്ചുലക്ഷം ഡോസ് വാക്സിന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് വാക്സിന്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്. അതാണ് വസ്തുത. ഏറ്റവും മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്തിയ സംസ്ഥാനമാണ് കേരളം എന്ന കാര്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

ചര്‍ച്ചയ്ക്ക് അനുമതി സ്പീക്കര്‍ നിഷേധിച്ചത്തോടെ എല്ലാം പഴയപടി. പതിവുപോലെ സോഷ്യല്‍ മീഡിയയ്ക്കുവേണ്ടി പ്രതിപക്ഷനേതാവിന്റെ കയ്യടി പ്രസംഗം. ഇത്തവണ കോവിഡ് മരണനിരക്കിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന വിവരാവകാശ രേഖയും വിഡി സതീശന്‍ സഭയില്‍ പറഞ്ഞു.

എന്തായാലും സഭയില്‍ എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. കോവാക്‌സിന്റെ കാര്യം. ഇതിനു ഒരിടത്തും അംഗീകാരമില്ലെങ്കില്‍ പിന്നെ എന്തിന് ഇതു സര്‍ക്കാരും വിതരണം ചെയ്യുന്നു എന്നാണ് തിരിച്ച് സാധാരണക്കാരന്റെ ചോദ്യം.

ചോദ്യോത്തര വേളയില്‍ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വൈഷമ്യം എന്ന സംശയം എന്തായാലും പ്രതിപക്ഷ നേതാവ് തീര്‍ത്തുകൊടുത്തിട്ടുണ്ട്. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കൊക്കെ ഇത്തിരി ഗ്രാഹ്യകുറവുണ്ട് എന്നു നാട്ടുകാര്‍ക്കു കൂടി ബോധ്യമായി.

pinarayi vijayan Kunhalikutty PK Kunhalikutty
Advertisment