Advertisment

നാലാമത് ക്രീപ ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ 2019 നവംബര്‍ ഒന്നു മുതല്‍ കൊച്ചിയില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കേരളത്തിലെ പാരമ്പര്യേതര ഊര്‍ജമേഖലയിലെ സംരംഭകരുടെയും പ്രമോട്ടര്‍മാരുടെയും അസോസിയേഷന്‍ ക്രീപ സംഘടിപ്പിക്കുന്ന നാലാമത് ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ 2019-ന് നവംബര്‍ ഒന്നു മുതല്‍ ബോള്‍ഗാട്ടി ഈവന്‍റ് സെന്‍ററില്‍ തുടക്കമാകും.

Advertisment

publive-image

കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം, കേന്ദ്ര ചെറുകിട-ഇടത്തര സംരംഭ മന്ത്രാലയം, എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍, അനെര്‍ട്ട് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സ്‌പോ രാവിലെ 10.30-ന് ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അനര്‍ട്ട് ഡയറക്ടര്‍ അമിത് മീണ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.

എറണാകുളം പോലീസ് കമ്മിഷണറും ഐജിയുമായ വിജയ് സാക്കറെ, എംഎസ്എംഇ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പളനിവേല്‍ എം, അനര്‍ട്ട് ജനറല്‍ മാനേജര്‍ പി. ചന്ദ്രശേഖരന്‍, ശുചിത്വ മിഷന്‍ ജില്ലാ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ പി.എച്ച്. ഷൈന്‍ തുടങ്ങിയവര്‍ സംസാരിക്കും.

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 10-ന് സ്‌കില്‍ ബില്‍ഡ് പ്രോഗ്രാം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തും.

ഇഎംസി ഡയറക്ടര്‍ കെ.എം. ദരേസന്‍ ഉണ്ണിത്താന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജി, അനര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ ജോസഫ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ കെഎസ്ഇആര്‍സി ചെയര്‍മാന്‍ പ്രേമന്‍ ദിനരാജന്‍ മുഖ്യാതിഥിയായിരിക്കും.

പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയിലെ സാങ്കേതിക- ഉപയോഗ സാധ്യതകള്‍ കൂടുതല്‍ ആളുകളിലെത്തിച്ച് ഊര്‍ജ ഉപയോഗത്തില്‍ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തോടൊപ്പം പാരമ്പര്യേതര ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വിദഗ്ധരുടെ സെഷനുകളും നടക്കും. ഇലക്ട്രോണിക് വാഹനങ്ങള്‍ ഉള്‍പ്പെടെ സൗരോര്‍ജ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും പ്രദര്‍ശനത്തിലുണ്ടാകും.

ഹരിത ഊര്‍ജം, ഊര്‍ജ്ജ കാര്യക്ഷമത, പ്രകൃതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും റിന്യുവബിള്‍ എനര്‍ജി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെയും കമ്പനികളെയും പ്രദര്‍ശനത്തിലൂടെ ഒരു കുടക്കീഴിലെത്തിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്രീപ പ്രസിഡന്റും കണ്‍വീനറുമായ ജോസ് കല്ലൂക്കാരന്‍ പറഞ്ഞു.

ക്രീപ സെക്രട്ടറിയും എക്‌സ്‌പോ കോഡിനേറ്ററുമായ സി.എം വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് കെ. എന്‍. അയ്യര്‍, ജോയിന്റ് സെക്രട്ടറി ശിവരാമകൃഷ്ണന്‍, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം വി.കെ. മാത്യു, ട്രഷറര്‍ മുഹമ്മദ് ഷഫീഖ് തുടങ്ങി മറ്റ് ഭാരവാഹികളും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment