Advertisment

ബിജെപിക്ക് ആശ്വാസമായി ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ അന്വേഷണ റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ബിജെപി നേതൃത്വത്തിന് ആശ്വാസം. ജസ്റ്റിസ് എച്ച് എസ് ബേദിയുടെ അന്വേഷണ റിപ്പോർട്ടിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് പരാമർശമില്ല. മൂന്ന് ഏറ്റുമുട്ടലും വ്യാജമെന്ന് കണ്ടെത്തിയ കമ്മീഷൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശിച്ചു.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആദ്യ അഞ്ചു വർഷ കാലത്ത് ഗുജറാത്തിൽ നടന്ന 18 ഏറ്റുമുട്ടലുകളാണ് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എച്ച് എസ് ബേദി അന്വേഷിച്ചത്. സുപ്രീംകോടതി നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം. ഗുജറാത്ത് സർക്കാരിന്‍റെ കടുത്ത എതിർപ്പ് മറികടന്ന് അന്വേഷണ റിപ്പോർട്ട് കോടതി ഹർജിക്കാർക്ക് നല്കി.

ആകെയുള്ള 18 ഏറ്റുമുട്ടൽ കേസുകളിൽ പതിനഞ്ചും റിപ്പോർട്ട് യഥാർത്ഥമെന്ന് കണ്ടെത്തി. മൂന്ന് ഏറ്റുമുട്ടലുകൾ മാത്രം വ്യാജമെന്ന് കമ്മീഷൻ പറയുന്നു. അഹമ്മദാബാദിൽ സമീർ ഖാനെ വധിച്ച ഏറ്റുമുട്ടലും വ്യാജമാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ തെഹൽക്കയുടെ കണ്ടെത്തലുകൾ അംഗീകരിച്ചു.

മാധ്യമ റിപ്പോർട്ടുകളിൽ അധികാര സ്ഥാനത്തിരിക്കുന്നവരുടെ പേരുകൾ പറയുന്നുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. എന്നാൽ, ആരെയും പരാമർശിക്കുന്നില്ല. 2005ൽ ഹാജി ഇസ്മയിൽ, 2006ൽ കാസിം ജാഫർ എന്നിവർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

മൂന്ന് ഇൻസ്പെക്ടർമാർക്കും, നാല് സബ് ഇൻസ്പെക്ടർമാർക്കും ഒരു കോൺസ്റ്റബിളിനും എതിരെ നടപടി എടുക്കാനാണ് കമ്മീഷൻ ശുപാർശ. റിപ്പോർട്ട് തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുമ്പോൾ ഉന്നത നേതാക്കളെക്കുറിച്ച് കമ്മീഷൻ മൗനം പാലിക്കുന്നത് ബിജെപിക്ക് ആശ്വാസമായി.

 

Advertisment