Advertisment

ജഡ്ജിയുടെ ഭാര്യയെയും മകനെയും ഗണ്‍മാന്‍ കൊലപ്പെടുത്തിയത് രോഗിയായ മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അവധി അനുവധിക്കാത്തതിനെന്ന്‍ ബന്ധുവിന്‍റെ വെളിപ്പെടുത്തല്‍

New Update

publive-image

Advertisment

ഗുരുഗ്രാം ∙ രോഗിയായ മകളെ ആശുപത്രിയിൽ കൊണ്ടുപോകാന്‍ അവധി അനുവദിക്കാത്തതാവാം ജഡ്ജിയുടെ ഭാര്യ റിതുവിനും മകൻ ദ്രുവിനും നേരെ വെടിയുതിർക്കാൻ ഗൺമാൻ മഹിപാലിനെ പ്രേരിപ്പിച്ചതെന്ന് ബന്ധു.

ഗുരുതര 'രോഗബാധിതയായിരുന്ന മഹിപാലിന്റെ ഏഴു വയസു പ്രായമായ മകൾക്ക് അടിയന്തര ചികിത്സ ആവശ്യമായിരുന്നു. മകളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് എത്രയും വേഗം വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സംഭവദിവസം മഹിപാലിനു ഫോൺ ചെയ്തിരുന്നു. ഇതേത്തുടർന്ന് നേരത്തെ വീട്ടിൽ പോകാൻ അവധി നൽകണമെന്നു പല തവണ അപേക്ഷിച്ചിട്ടും നിരസിച്ച ജഡ്ജി, മാർക്കറ്റിൽ പോകുന്ന ഭാര്യയെയും മകനെയും അനുഗമിക്കാൻ നിർദേശിച്ചതാവാം വെടിവയ്പിലേക്കു നയിച്ചതെന്നു മഹിപാലിന്റെ അമ്മാവൻ ധ്യാൻ സിങ് ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഹിപാലിന്റെ പ്രവർത്തിയെ ന്യായീകരിക്കാനാവില്ല. എന്നാൽ സംഭവത്തിനിടയാക്കിയ സാഹചര്യം കൂടി അന്വേഷണ സംഘം പരിഗണിക്കണമെന്നും ധ്യാൻ സിങ് അഭ്യർഥിച്ചു. മഹിപാലിന്റെ കുടുംബാംഗങ്ങളെ പൊലീസ് കൊണ്ടുപോയെന്നും അവരെവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാൽ വെടിവയ്പിലേക്കു നയിച്ച യഥാർഥ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഗുരുഗ്രാം എസിപി ധർണ യാദവ് പറഞ്ഞു. എട്ടു പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടും മഹിപാൽ മറുപടി നൽകിയില്ലെന്നും പലപ്പോഴും ഉറക്കെ ചിരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുഗ്രാം അഡീഷനൽ സെഷൻസ് ജഡ്ജി കിഷൻ കാന്ത് ശർമയുടെ ഭാര്യ റിതു(38)വിനും മകൻ ദ്രുവി(18)നുമാണ് ശനിയാഴ്ച വൈകിട്ട് അർക്കാഡിയ മാർക്കറ്റിൽവച്ച് ഗൺമാൻ മഹിപാൽ സിങ്ങിന്റെ വെടിയേറ്റത്. റിതുവിന്റെ നെഞ്ചിലും ധ്രുവിന്റെ തലയ്ക്കുമാണു വെടിയേറ്റത്. വെടിയേറ്റു വഴിയിൽ കിടന്ന ധ്രുവിനെ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മഹിപാൽ സ്ഥലത്തു നിന്നു കടന്നുകളഞ്ഞു. തുടർന്ന് ഇരുവരെയും വെടിവച്ച വിവരം കിഷൻ കാന്ത് ശർമയെ ഫോണിൽ വിളിച്ചറിയിച്ചു.

വെടിവച്ച ശേഷം സുഹൃത്തുകളുടെ അടുത്തേക്കാണ് മഹിപാൽ പോയത്. അവിടെ നിന്ന് സുഹൃത്തുകൾക്കൊപ്പമാണ് ഫരീദാബാദിലേക്കു യാത്ര ചെയ്തത്. ഇതിനിടെ അവർ സഞ്ചരിച്ച വാഹനം രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ചതോടെ സുഹൃത്തുകൾ മഹിപാലിനെ ഉപേക്ഷിച്ചു രക്ഷപെട്ടു. വൈകാതെ ഗുരുഗ്രാം–ഫരീദാബാദ് റോഡിൽനിന്ന് ഇയാൾ പൊലീസിന്റെ പിടിയിലുമായി. ചികിത്സയിലായിരുന്ന റിതു ഞാറാഴ്ച രാവിലെ മരണത്തിനു കീഴടങ്ങി. പിന്നാലെ ധ്രുവിന്റെ മസ്തിഷ്ക മരണവും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

delhi
Advertisment