ഹജ്ജ് വളണ്ടിയര്‍ സേവനം പ്രവാസ ജീവിതത്തിലെ പുണ്യം: അബ്ദുസ്സമദ് പൂക്കോട്ടൂര്‍  

അക്ബര്‍ പൊന്നാനി
Thursday, August 9, 2018

ജിദ്ദ: പ്രവാസ ജീവിതത്തില്‍ ഹാജിമാര്‍ക്ക് വേണ്ടി സേവനം ചെയ്ത് പുണ്യം നേടാനുള്ള സൗഭാഗ്യം ഒരു പുരുഷായുസ്സില്‍ ആത്മനിര്‍വൃതിയടയാനുള്ള ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണെന്ന് പ്രമുഖ വാഗ്മിയും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

മലപ്പുറം ജില്ലാ കെ.എം.സി.സി വളണ്ടിയര്‍ ക്യാമ്പില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിക്കുന്നു.

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴിൽ ഹജ്ജ് സേവനത്തിന് തയ്യാറായ വോളണ്ടിയർമാരുടെ സംഗമത്തിലും അവർക്കുള്ള പരിശീലന ക്യാമ്പിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ഏതൊരു വിശ്വാസിക്കും അതീവ ഹൃദ്യവും അവിസ്മരണീയവുമായ അനുഭവവുമായിരിക്കുമെന്നും, സേവനപാതയില്‍ ആത്മസായൂജ്യം കൊള്ളുന്ന കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അസുലഭ നിമിഷങ്ങളാണ് ഹജ്ജ് വളണ്ടിയര്‍ സേവനമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് വി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴില്‍ ഹജ്ജ് സേവനത്തിന് തയ്യാറായ അറനൂറിൽപരം വോളണ്ടിയര്‍മാര്‍ക്ക് ക്യാമ്പില്‍ പരിശീലനം നല്‍കി. മിർഷാദ് യമാനി ചാലിയം വളണ്ടിയർ ട്രെയിനിങിന് നേതൃത്വം നല്‍കി. വളണ്ടിയർ ക്യാപ്റ്റന്‍ വി.പി.ഉനൈസ് വളണ്ടിയർമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും നിസാർ മടവൂർ മാപ്പ് റീഡിങും നടത്തി.

ക്യാമ്പിൽ ഹജ്ജ് സെല്ലിലേക്ക് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റി സംഭാവന നൽകിയ 20 വീൽചെയറുകൾ ജില്ലാ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡണ്ട് ഗഫൂർ പട്ടിക്കാട് ഏറ്റുവാങ്ങി.

കെ.എം.സി.സി നാഷണൽ ഹജ്ജ് സെൽ ഭാരവാഹികളും നേതാക്കളുമായ അഷ്‌റഫ് വേങ്ങാട്, ജമാൽ വട്ടപ്പൊയിൽ, അബൂബക്കര്‍ അരിമ്പ്ര, സി.കെ.റസാഖ് മാസ്റ്റർ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഗഫൂർ പട്ടിക്കാട്, പി.സി.എ റഹ്മാന്‍ ഇണ്ണി, നാസര്‍ മച്ചിങ്ങൽ,അബൂബക്കര്‍ അരീക്കോട്, ജില്ലാ വളണ്ടിയർ കോർഡിനേറ്റർ മജീദ് അരിമ്പ്ര, മുസ്തഫ ചെമ്പൻ എന്നിവർ സംസാരിച്ചു.ജില്ലാ ആക്ടിങ് സെക്രട്ടറി ഇല്യാസ് കല്ലിങ്ങല്‍ സ്വാഗതവും സെക്രട്ടറി ജലാല്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു. അനസ് മലപ്പുറം ഖിറാഅത്ത് നടത്തി.

×