ടി വി ഷോയിലെ അശ്ലീല പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍. രാഹുലിനും സസ്‌പെന്‍ഷന്‍; വിലക്കിയത് രണ്ട് മത്സരങ്ങളില്‍ നിന്ന്

സ്പോര്‍ട്സ് ഡസ്ക്
Thursday, January 10, 2019

ന്യൂഡല്‍ഹി: ടി വി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്. ഹാര്‍ദിക് പാണ്ഡ്യ മാപ്പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ബിസിസിഐ ഇത് തളളുകയായിരുന്നു.

കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് പാണ്ഡ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം ശക്തമായതോടെ ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെ സി.ഒ.എ തലവന്‍ വിനോദ് റായ് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ അറിയാതെയായിരുന്നു ആ പരാമര്‍ശങ്ങള്‍. സംഭവിച്ച് പോയതില്‍ അതിയായ കുറ്റബോധമുണ്ട്. ആ പ്രതികരണങ്ങള്‍ ഏതെങ്കിലും വിഭാഗത്തെ മനപ്പൂര്‍വം മോശമാക്കാനായിരുന്നില്ലെന്നും പാണ്ഡ്യ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ബിസിസിഐ പാണ്ഡ്യയുടെ മാപ്പപേക്ഷ അംഗീകരിക്കാന്‍ തയ്യാറായില്ല.

×