ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി, കൂടുതല്‍ കരുത്തോടെ തിരിച്ചു വരും’; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 10, 2018

കേപ്പ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങിയത് ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമായിരുന്നു. പന്തുകൊണ്ടും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത പാണ്ഡ്യ താനൊരു മുതല്‍ക്കൂട്ടാണെന്ന് തെളിയിക്കുകയായിരുന്നു. ഓള്‍ റൗണ്ട് മികവ് വ്യക്തമാക്കിയ താരത്തെ പ്രശംസിച്ച് മുന്‍ താരങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ ഇന്നിംഗ്‌സ് അഞ്ചിന് 76 എന്ന നിലയില്‍ പരുങ്ങുമ്പോഴായിരുന്നു പാണ്ഡ്യ ബാറ്റിംഗിന് എത്തുന്നത്. അവിടെ നിന്നും വാലറ്റത്തെ കൂട്ടു പിടിച്ച് സെഞ്ച്വറിയ്ക്ക് എഴ് റണ്‍സകലെ പുറത്തായി മടങ്ങുമ്പോഴേക്കും സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എറ്റവും വലിയ ഹീറോയിസങ്ങളിലൊന്നായിരുന്നു പാണ്ഡ്യ കാണിച്ചു തന്നത്.

പാണ്ഡ്യയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യ മാന്യമായൊരു സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അല്ലായിരുന്നുവെങ്കില്‍ തോല്‍വി നാണം കെട്ടതാകുമായിരുന്നു. മത്സര ശേഷം താരത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇപ്പോഴിതാ ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് പാണ്ഡ്യ എത്തിയിരിക്കുകയാണ്.

‘ആശംസകള്‍ക്കും മത്സരത്തിലുടനീളം തന്ന പിന്തുണയ്ക്കും നന്ദി. വീണു പോയതില്‍ അതിയായ വിഷമമുണ്ട്. പക്ഷെ ഞങ്ങള്‍ കൂടുതല്‍ കരുത്തോടെ തന്നെ തിരിച്ചുവരും.’ എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. സെഞ്ചൂറിയനിലാണ് അടുത്ത ടെസ്റ്റ്.

×