Advertisment

നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദിലീപിനെ പുറത്താക്കിയത്! അയാൾ തെറ്റുകാരനല്ല എന്ന് പൂർണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക, അല്ലെങ്കിൽ കൂറ് മാറിയവർ രാജിവെച്ച് പുറത്ത് പോവണം: അഭിപ്രായത്തിന്റെ പേരിൽ തന്നെ ആർക്കും വിലക്കാൻ പറ്റില്ലെന്നും ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
Updated On
New Update

നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയുടെ നേതൃത്വത്തിലുളളവര്‍ തന്നെ മൊഴി തിരുത്തിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദിലീപിനെ പുറത്താക്കിയതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

Advertisment

ഒന്നുകിൽ നേതൃത്വത്തിന് അയാൾ തെറ്റുകാരനല്ല എന്ന് പൂർണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക. അല്ലെങ്കിൽ കൂറ് മാറിയവർ രാജിവെച്ച് പുറത്ത് പോവണമെന്നും ഹരീഷ് പേരടി ഫേസ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

അന്തരിച്ച മുരളി ചേട്ടനാണ് അമ്മ എന്ന പേര് ഈ സംഘടനക്ക് ഇട്ടത്. അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടൻമാരോടുള്ള ഉത്തരവാദിത്വമാണ്. തീരുമാനം തന്നെ അറിയിക്കണ്ട. പൊതുസമൂഹത്തെ അറിയിക്കുക. എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങൾക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാൻ. കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ എന്നും ഹരീഷ് പേരടി വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ആരോപണ വിധേയനായ നടൻ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിയമമാണ്.. അതിന് വിധി പ്രസ്താവിക്കാൻ ഞാനാരുമല്ല.. പക്ഷെ സംഘടനാ തലപ്പത്തിരിക്കുന്നവർ തന്നെ അവർ പോലീസിന് കൊടുത്ത മൊഴി തിരുത്തി ഇങ്ങിനെ കൂറ് മാറി കളിക്കുമ്പോൾ സ്വഭാവികമായും ഒരു ചോദ്യം ഉയർന്ന് വരുന്നു. അയാൾ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കിൽ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്?..

ഒന്നുകിൽ നേതൃത്വത്തിന് അയാൾ തെറ്റുകാരനല്ല എന്ന് പൂർണ്ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക. അല്ലെങ്കിൽ കൂറ് മാറിയവർ രാജിവെച്ച് പുറത്ത് പോവുക. കാരണം ഒരമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് മാത്രം പുറത്ത് വന്ന ഒരു പാട് പാവപ്പെട്ട അംഗങ്ങൾ അമ്മയിലുണ്ട്. അവരുടെ മാനത്തിനും വിലയുണ്ട്. അന്തരിച്ച മുരളിചേട്ടനാണ് അമ്മ എന്ന പേര് ഈ സംഘടനക്ക് ഇട്ടത് എന്നാണ് ഞാൻ കേട്ടത്.

അതുകൊണ്ട് തന്നെ അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടൻമാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാൻ വിശ്വസിക്കുന്നു. തീരുമാനം എന്നെ അറിയിക്കണ്ട. പൊതു സമൂഹത്തെ അറിയിക്കുക. എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങൾക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാൻ (കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ)...

അടികുറിപ്പ്- ഈ അഭിപ്രായത്തിന്റെ പേരിൽ എന്നെ ആർക്കും വിലക്കാൻ പറ്റില്ല... ലോകം പഴയ കോടമ്പാക്കമല്ല.. വിശാലമാണ്.. നിരവധി വാതിലുകൾ തുറന്ന് കിടക്കുന്നുണ്ട്.. ഏത് വാതിലിലൂടെ പോകണമെന്ന് പോകാൻ തയ്യാറായവന്റെ തീരുമാനമാണ്... നല്ല തീരുമാനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചുകൊണ്ട്- ഹരീഷ് പേരടി

 

https://www.facebook.com/hareesh.peradi.98/posts/823479304859087

hareesh paradi
Advertisment