Advertisment

ആഷിക്ക്, ഇത് തലമുറയോട് ചെയ്യുന്ന അനീതി: മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കാതിരുന്നത് ചരിത്ര നിഷേധമാണ് ; വൈറസിനെ വിമർശിച്ച് ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

നിപ്പയുടെ ചരിത്രം പ്രമേയമാക്കിയ സിനിമയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കാതിരുന്നത് ചരിത്രനിഷേധമാണെന്ന് ഹരീഷ് പേരടി. സിനിമയിലെ കഥാപാത്രങ്ങളെ യഥാർഥ ജീവിതത്തിൽ നിന്നും കടമെടുത്തിട്ടും ഒരാളെ മാത്രം എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്നും ഹരീഷ് ചോദിക്കുന്നു.

publive-image

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ‘എല്ലാ കഥാപാത്രങ്ങളും ഒറിജിനലായിട്ടും ശരിക്കും ഒറിജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല .... ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നിപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്... വരും തലമുറയോട് ചെയ്യുന്ന അനീതിയാണ്. പ്രത്യേകിച്ചും സിനിമ എന്ന മാധ്യമം ഒരുപാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും ....ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടുതന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതയ്ക്ക് ഒരു നിപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ല...മഹാരാജാസിലെ എസ്എഫ്ഐക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക....’–ഹരീഷ് പേരടി കുറിച്ചു.

കേരളത്തെ ആകെ ഭീതിയിലേക്ക് തള്ളിവിട്ട നിപ്പ കാലമാണ് സംവിധായകൻ ആഷിഖ് അബു വൈറസ് എന്ന സിനിമയിലൂടെ ദൃശ്യവത്കരിക്കുന്നത്. നിപ്പയ്ക്കെതിരെ പോരാടി മരണംവരിച്ചവരും അതിനെ തരണം ചെയ്തവരുമായ സാധാരണക്കാര്‍ തുടങ്ങി രാഷ്ട്രീയ–സാമൂഹ്യരംഗത്തും വൈദ്യരംഗത്തും നിർണായകപങ്കുവഹിച്ച ആളുകൾ ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. മന്ത്രി കെ.കെ. ശൈലജ ടീച്ചറായി എത്തിയത് രേവതിയാണ്. നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം വന്ന് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയായി റിമ എത്തുന്നു.

കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമലസ്, ആസിഫ് അലി, രമ്യ നമ്പീശൻ , സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു തുടങ്ങി നിരവധി മുൻനിര താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരൻ. വസ്ത്രാലങ്കാരം സമീറ സനീഷ്.

Advertisment