Advertisment

കത്തിക്കാളി കൊണ്ടിരുന്ന സ്വർണകള്ളക്കടത്തും ലൈഫ് മിഷൻ കുംഭകോണവും തൽക്കാലത്തേക്കെങ്കിലും മാധ്യമ ശ്രദ്ധയിൽ നിന്ന് മാറിപ്പോയി; വനിതാ ഡബ്ബിങ് ആർടിസ്റ്റ് വാർത്താതാരമായി മാറി; കേരളം കലങ്ങി മറിയുമ്പോഴും 'കമ' എന്ന് മിണ്ടാതിരുന്ന സാംസ്കാരികനായികയും നായകനും പെട്ടെന്ന് വാചാലരായി; ഹരി എസ് കർത്താ എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

യുട്യൂബര്‍ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിച്ച സംഭവത്തോടെ കേരളത്തിലെ സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ ആരോപണങ്ങളും മുങ്ങിപ്പോയെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി മാധ്യമ ഉപദേഷ്ടാവ് ഹരി എസ് കര്‍ത്ത.

Advertisment

publive-image

കുറിപ്പ് വായിക്കാം..

ചരിത്രത്തിൽ മധ്യകാലഘട്ടത്ത് യൂറോപ്പിലെ കാർണിവലുകളെപ്പറ്റി പരാമർശം ഉണ്ട്. നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനും, അങ്ങനെ അവരുടെ പ്രതിഷേധാഗ്നിയിൽ നിന്ന് ഭരണകൂടത്തെ രക്ഷിക്കാനുമാണ് ഇത്തരം ഉത്സവങ്ങൾ അന്ന് ഭരണകൂടങ്ങൾ ഇടയ്ക്കിടെ സംഘട്ടിപ്പിച്ചിരുന്നതത്രേ. നമ്മുടെ സംസ്ഥാനത്തും സർക്കാർ ആഭിമുഖ്യത്തിൽ ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ച് ഇത്തരം മാമാങ്കങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇപ്പോൾ കോവിഡ് കാലമായത് കൊണ്ട് മാത്രം അത്തരം ആഘോഷങ്ങൾക്കൊക്കെ നിർബന്ധിത അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭരണകൂടങ്ങൾ മാത്രമല്ല, മാധ്യമങ്ങളും ഇടയ്ക്കിടെ ഇങ്ങനെ ആഘോഷിക്കാറുണ്ട്. ചില തരം സംഭവങ്ങൾ വാർത്താ വിസ്ഫോടനമാക്കികൊണ്ടാണ് ഈ മാധ്യമ മാമാങ്കങ്ങൾ ആഘോഷിക്കപ്പെടുന്നത്. വലിയൊരളവ് വരെ താത്കാലികമായെങ്കിലും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനും ഇത്തരം മീഡിയ കാർണിവൽ സഹായകമാവുന്നു.

ഇപ്പോൾ നാം കേരളത്തിൽ സാക്ഷ്യം വഹിക്കുന്നത് ഒരു മീഡിയ കാർണിവലിനാണ്. മൂല്യാധിഷ്ഠിതവും പ്രത്യയശാസ്ത്ര പ്രേരിതവുമായ മാധ്യമപ്രവർത്തനം നടത്തുന്നു എന്ന് അവകാശപ്പെടുന്നവർ പോലും ഈ ആഘോഷത്തിലേക്ക് അറിഞ്ഞോ അറിയാതെയോ വഴുതി വീണു പോവുകയാണ്.

എത്ര പെട്ടെന്നാണ് ഇവിടെ മാധ്യമങ്ങളുടെ ഫോക്കസ് മാറിയത് എന്ന് ശ്രദ്ധിക്കുക, പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങളുടെ. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഒരു ഡബ്ബിങ് ആർട്ടിസ്റ്റിന്റെ നേതൃത്വത്തിൽ ഏതാനും ഫെമിനിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവർ ഞരമ്പ് രോഗിയെന്ന്‌ സംശയിക്കാവുന്ന ഒരു പുരുഷന് നേരെ നടത്തിയ ആക്രമണവും അനുബന്ധ സംഭവങ്ങളുമാണ്.

കേരളത്തിൽ ഒന്നിന് പിറകെ ഒന്നായി വമ്പിച്ച ക്രമക്കേടുകൾ പുറത്ത് വരികയും ദേശീയ അന്വേഷണ ഏജൻസി കളാകെ സംസ്ഥാന ത്ത് തമ്പടിക്കുകയും അവയെ കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തി വരികയും ചെയ്യുമ്പോഴാണ് ഈ ആക്രമണത്തെ തുടർന്നുള്ള മാധ്യമ മാൻഗം. അതോടെ കത്തിക്കാളി കൊണ്ടിരുന്ന സ്വർണകള്ളക്കടത്തും ലൈഫ് മിഷൻ കുംഭകോണവും മറ്റും താൽക്കാലത്തേക്കെങ്കിലും മാധ്യമശ്രദ്ധയിൽ നിന്ന് മാറിപ്പോയി.

വനിതാ ഡബ്ബിങ് ആർടിസ്റ്റ് വാർത്താതാരമായി മാറി. അവരുടെ പ്രസ്ഥാവനകൾക്കും പ്രവൃത്തികൾക്കും പിന്നിലായി വാർത്താ ചാനലുകൾ. ചാനൽ ചർച്ചകൾ ഫെമിനിസ്റ്റ് ആക്രമണത്തെപ്പറ്റിയായി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ പിന്തുണയും പ്രതികരണവുമായി രംഗത്ത് വന്നു. കേരളം കലങ്ങി മറിയുമ്പോഴും 'കമ' എന്ന് മിണ്ടാതിരുന്ന സാംസ്കാരികനായികയും നായകനും പെട്ടെന്ന് വാചാലരായി.മാമാങ്കം പൊടി പൊടിക്കുകയാണ്.

സാമൂഹ്യ മാധ്യമങ്ങളുടെതാണല്ലോ കാലം. വാർത്താ ചാനലുകളുടെയും പത്രങ്ങളുടെയും 'അജണ്ട' നിർണയിക്കുന്നത് ഒരു പരിധി വരെ സാമൂഹ്യ മാധ്യമങ്ങളായി മാറിയിട്ടുണ്ട്. ഇന്നത്തെ വാർത്താ മാമാങ്കത്തിനും തിരി കൊളുത്തിയത് സാമൂഹ്യ മാധ്യമങ്ങൾ തന്നെ. ചിലപ്പോഴൊക്കെ സൈബർ മാധ്യമങ്ങൾ സാമൂഹ്യ വിരുദ്ധ മാധ്യമമായി ഫലത്തിൽ മാറുന്നില്ലേ എന്നതാണ് സംശയം.

സാമൂഹ്യ മാധ്യമങ്ങളിലെ സാമൂഹ്യ വിരുദ്ധ പ്രവണതയാണ് ഫെമിനിസ്റ്റ് എന്ന് അവകാശപ്പെടുന്ന ചിലരെ അവഹേളിക്കാൻ പ്രേരണയായത്. മറു വശത്ത് അങ്ങനെ അവഹേളിച്ചയാളിനോട് പ്രതികാരം വീട്ടുന്നത് മാലോകരെ അറിയിക്കാൻ സാമൂഹ്യ മാധ്യമത്തെ ഉപയോഗിച്ചതും സാമൂഹ്യ വിരുദ്ധ പ്രവണത തന്നെയാണ്. ഉടാത്തവും ഉന്നതവുമായ സംഭാവന സാമൂഹ്യ മാധ്യമങ്ങൾ നൽകുന്നു എന്നത് നിഷേധിക്കുന്നില്ല.

മുഖ്യധാരാ മാധ്യമങ്ങൾ അറിയാത്തതും, അറിഞ്ഞാൽ പോലും അറിഞ്ഞില്ലെന്നു നടിക്കുന്നതും ചികഞ്ഞെടുത്ത് സമൂഹമദ്ധ്യത്തിൽ അനാവരണം ചെയ്യുന്നത് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളാണ്. എന്നിരുന്നാലും വ്യക്തിഹത്യക്ക് ഈ നവ മാധ്യമങ്ങൾ വ്യാപകമായി വിനിയോഗിക്കപ്പെടുന്നു എന്നത് നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.

അതിന് നമ്മുടെ നിയമങ്ങളുടെ അപര്യാപ്തതയോ അതോ നിയമപാലക്കാരുടെ അലംഭാവമോ തടസ്സം സൃഷ്ടിക്കുന്നത്? ആ ചോദ്യം ഉയർത്തുന്നതോടൊപ്പം ജനശ്രദ്ധ താൽക്കാലത്തേക്ക് തിരിച്ചു വിടുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ കാരണമായ മസ്തിഷ്കത്തെ അഭിനന്ദിക്കാതെ വയ്യ.

 

hari s kartha
Advertisment