ഹരിയാനയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ശ്രീദേവി മോഡല്‍ മരണം. മരിച്ചത് യുകെയിലെ പ്രവാസി യുവതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 27, 2018

ഫരിദാബാദ്∙ ഹരിയാനയിൽ പ്രവാസി യുവതിയ്ക്ക് ശ്രീദേവി മോഡല്‍ മരണം. പഞ്ചനക്ഷത്ര ഹോട്ടലിലെ ബാത്ത് ടബിലാണ് പ്രവാസി വനിതയെ മരിച്ച നിലയിൽ കണ്ടെത്തിയത് .

ലണ്ടനിൽ താമസമാക്കിയ ഇന്ത്യക്കാരി റിതു കുമാറി(40)നെയാണ് വെള്ളിയാഴ്ച രാവിലെ സ്വന്തം മുറിയിലെ ബാത്ത് ടബില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏപ്രിൽ 22 മുതൽ ഈ ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ കുടുംബാംഗങ്ങൾ ഫോണിൽ വിളിച്ചിരുന്നെങ്കിലും മറുപടിയില്ലായിരുന്നു. ഒരു ദിവസം മുഴുവൻ വിളിച്ചിട്ടും മറുപടി ലഭിക്കാതായതോടെ ബന്ധുക്കളിലൊരാൾ വിവരം പൊലീസിൽ അറിയിച്ചു.

പൊലീസെത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണു ബാത്ത് ടബിൽ മൃതദേഹം കണ്ടെത്തിയത്. മുറിയിലേക്ക് ആരെയും കടത്തിവിടരുതെന്നും ഫോൺ കോളുകളൊന്നും അനുവദിക്കരുതെന്നും റിതു ആവശ്യപ്പെട്ടിരുന്നതായി ഹോട്ടൽ അധികൃതർ പറഞ്ഞു. ഹോട്ടൽ സര്‍വീസിനു പോലും ആരെയും മുറിയിലേക്ക് അയച്ചിരുന്നില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടനിൽ നിന്നു റിതുവിന്റെ ഭർത്താവും ഫരിദാബാദിലെത്തിയിട്ടുണ്ട്.

ഭർത്താവിന് അവിടെ ബിസിനസാണ്. ഇരുവരും നാളുകളായി അകന്നു താമസിക്കുകയായിരുന്നുവെന്നാണു വിവരം. ഡൽഹിയിലാണു റിതുവിന്റെ കുടുംബം

×