ഒരു ഹർത്താൽ മൂലം കേരളത്തിനുണ്ടാകുന്നത് ആയിരം കോടിയുടെ നഷ്ട൦. കഴിഞ്ഞവർഷം അദ്ധ്യയനം നടന്നത് 133 ദിവസങ്ങൾ. ദേശീയ പണിമുടക്ക് മറ്റു സംസ്ഥാനങ്ങള്‍ തള്ളിക്കളയുമ്പോള്‍ കേരളത്തിൽ മാത്രം പൂർണ്ണഹർത്താൽ

പ്രകാശ് നായര്‍ മേലില
Tuesday, January 8, 2019

ദേശീയ പണിമുടക്കിന്‌ ദേശവ്യാപകമായി വലിയ പ്രതികരണമൊന്നും കിട്ടിയില്ലെങ്കിലും കേരളത്തിൽ പൂർണ്ണഹർത്താൽ.

കഴിഞ്ഞവർഷം കേരളത്തിൽ 97 ഹർത്താൽ നടത്തിയതിൽ അമ്പരന്ന ഹൈക്കോടതിക്ക് ഈ വര്ഷം ചിലപ്പോൾ ഞെട്ടേണ്ടിവന്നേക്കാം. ഇപ്പോൾ ഇതുവരെ 8 ദിവസത്തിനുള്ളിൽ രണ്ടര ദിവസം കഴിഞ്ഞു. നാളെ അത് മൂന്നരയാകും.

കടകൾ നിർബന്ധിതമായി അടപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പുനൽകിയിട്ടും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് കടകളെല്ലാം ഇന്ന് അടപ്പിച്ചത്.

റോഡുവക്കുകളിൽ കസേരകൾ നിരത്തി താൽക്കാലിക ടെന്റ് കെട്ടി വിരലിലെണ്ണാവുന്ന നേതാക്കൾ നിരന്നിരുന്നു. ഓരോരുത്തരായി മൈക്കിനുമുന്നിൽ വന്നുനിന്ന് കാലിയായ റോഡിനെയും ശൂന്യാകാശ ത്തെയും നോക്കി ഘോരാഘോരം പ്രസംഗിക്കുന്നു..”തൊഴിലാളികളെ തൊട്ടുകളിച്ചാൽ ഇവിടെ ചോരപ്പുഴ യൊഴുകും”. കേൾവിക്കാരായി രണ്ടേരണ്ടു പോലീസുകാർ മാത്രം. കഷ്ടം, ആ പാവങ്ങളുടെ വിധി ?

കഴിഞ്ഞവർഷം അദ്ധ്യയനം നടന്നത് 133 ദിവസങ്ങൾ മാത്രം. നമ്മുടെ കുട്ടികളുടെ ഭാവി എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഹർത്താൽ ദിവസം ഒരു സർക്കാർ ജോലിക്കാരനോ രാഷ്ട്രീയക്കാരനോ ഒരു നഷ്ടവുമില്ല.

നഷ്‍ടം കച്ചവടക്കാർക്കും അവിടുത്തെ തൊഴിലാളികൾക്കും , കൂലിപ്പണിക്കാർക്കും, മത്സ്യത്തൊഴിലാളി കൾക്കും , ആട്ടോ, ലോറി, ടാക്സി ഡ്രൈവർമാർക്കും , സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും സാധാരണ ജനങ്ങൾക്കും മാത്രം .

ഒരു ഹർത്താൽ മൂലം ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടാകുന്നത്. അതായത് കഴിഞ്ഞവർഷം ഉണ്ടായ നഷ്ടം ഏകദേശം ഒരു ലക്ഷം കോടിയുടേതാണ്.

ഇത് നമ്മുടെ വാർഷിക ബജറ്റി ന്റെ മൂന്നിൽ രണ്ടു വരുന്ന തുകയാണിതെന്നറിയുമ്പോഴാണ് നമ്മൾ മൂക്കത്തു വിരൽ വയ്ക്കുക. പ്രളയദുരന്തത്തി ൽ തകർന്നുപോയ കേരളത്തിന്റെ അസ്ഥിവാരം തോണ്ടുന്ന പണിയാണ് ഹർത്താലെന്ന് അറിയാവുന്നവർ തന്നെയാണ് ഇതിനാഹ്വാനം ചെയ്യുന്നതും.

പൗരാവകാശ ലംഘനങ്ങളും, സഞ്ചാരസ്വാതന്ത്ര്യം തടയലും,സൈരമായി ജീവിക്കാനുള്ള ഭരണഘടനാ പരമായ അവകാശങ്ങളുടെ നിഷേധവുമാണ് ഹർത്താലുകൾ ജനങ്ങൾക്ക് സമ്മാനിക്കുന്നത്. നിത്യരോഗികൾ, ഉദ്യോഗാർത്ഥികൾ ,കൂലിപ്പണിക്കാർ, ഗൾഫിലേക്ക് അവധികഴിഞ്ഞു പോകേണ്ടവർ പലരും ഹർത്താലുകളുടെ ബലിയാടുകളാണ്.

ജനങ്ങളെ പോലീസ് സംരക്ഷിക്കുമെന്ന വലിയ പ്രതീക്ഷയൊന്നും ആർക്കും വേണ്ട. കാരണം അവരിലും ക്രിമിനലുകളും,പാർട്ടി അനുഭാവികളുമുണ്ട്. ആകെ പ്രതീക്ഷ ഇനി കോടതികളിലാണ്.അതും ആസ്ഥാനത്തായാൽ ?

നമ്മുടെ ജനാധിപത്യത്തിന്റെ ഈ പോക്ക് ജീർണ്ണതയിലേക്കാണോ ? രാഷ്ട്രീയനേതാക്കൾ ജനങ്ങൾക്ക്‌ ബാദ്ധ്യതയായി മാറുകയാണോ?

×