Advertisment

കായിക താരങ്ങളുടെ വരുമാനത്തിന്റെ 33% സര്‍ക്കാരിന്; ഹരിയാന സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍

New Update

ഛണ്ഡീഗഡ്: കായികതാരങ്ങളുടെ പരസ്യ വരുമാനത്തിന്റെയും കായിക മത്സരങ്ങളുടേയും വരുമാനത്തിന്റേയും 33% സര്‍ക്കാരിന് നല്‍കണമെന്ന് ഹരിയാന ഗവണ്‍മെന്റ്. ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കിയ കായിക താരങ്ങള്‍ക്കാണ് ഉത്തരവ് ബാധകമാകുക. കായിക മത്സരങ്ങളില്‍ പങ്കെടുക്കേണ്ടപ്പോഴും പരസ്യ ചിത്രങ്ങളുടെ ചിത്രീകരണ സമയത്തും ശമ്പളരഹിത അവധിക്ക് കായിക താരങ്ങള്‍ അപേക്ഷിക്കേണ്ടതാണ്. അവധി ദിനങ്ങള്‍ ഡ്യൂട്ടിയായി പരിഗണിക്കണമെങ്കില്‍ ലഭിക്കുന്ന പ്രതിഫലം മുഴുവന്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടതാണ്.

Advertisment

publive-image

ഒളിംപിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗ്, ഹോക്കി താരം സര്‍ദാര സിംഗ്, റസ്ലിംഗ് താരം ഗീത ഫോഗട്ട് തുടങ്ങിയവര്‍ക്ക് വന്‍ തിരിച്ചടിയാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. വിജേന്ദര്‍ ഹരിയാന പോലീസ് ഉദ്യോഗസ്ഥനാണ്. സര്‍ദാരയും ഗീതയും സര്‍ക്കാര്‍ സര്‍വീസിലുണ്ട്. വിജേന്ദറിന്റേയും സര്‍ദാരയുടേയും പ്രതികരണം ലഭ്യമായിട്ടില്ല. കായിക താരങ്ങളുടെ വരുമാനത്തിന്റെ 33 ശതമാനം വിഹിതം പിരിച്ച് സംസ്ഥാനത്തിന്റെ കായിക വികസനത്തിന് ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

ഉത്തരവിനോട് യോജിപ്പില്ലെന്ന് ഗീത പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ വര്‍ഷങ്ങളുടെ പരിശ്രമവും പണച്ചെലവുമുണ്ട്. ആദ്യകാലത്ത് സര്‍ക്കാരിന്റെ സാമ്പത്തിക സഹായമൊന്നും കായിക താരങ്ങള്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിക്കഴിഞ്ഞാല്‍ പരസ്യം അടക്കമുള്ള മാര്‍ഗങ്ങളിലൂടെ പണം നേടുന്നതില്‍ എന്താണ് തെറ്റെന്ന് ഹരിയാന പോലീസില്‍ ഉദ്യോഗസ്ഥയായ ഗീത ചോദിച്ചു. ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ഗീത ആവശ്യപ്പെട്ടു.

ഉത്തരവ് പുനപരിശോധിക്കണമെന്ന് ഒളിംപിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു നയം രൂപീകരിക്കുന്നതിന് മുന്‍പ് മുതിര്‍ന്ന കായിക താരങ്ങള്‍ അടങ്ങുന്ന ഒരു സമിതി രൂപീകരിച്ച് വിദഗ്ധാഭിപ്രായം തേടേണ്ടതായിരുന്നെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. ഗീതയുടെ സഹോദരിയും കായികതാരവുമായ ബബിത ഫോഗട്ടും വിയോജിപ്പ് രേഖപ്പെടുത്തി. മത്സരങ്ങളുടെ പ്രതിഫലമായും പരസ്യ വരുമാനത്തിന്റേയും ഒരു നിശ്ചിത തുക നികുതിയായി നല്‍കുന്നുണ്ട്. ഇതിന് പുറമെ 33 ശതമാനം കൂടി നല്‍കണമെന്ന ഉത്തരവിനോട് യോജിക്കാനാകില്ലെന്ന് ബബിത പറഞ്ഞു.

Advertisment