ആരോഗ്യ ജാഗ്രത

Thursday, August 2, 2018

– ബഷീര്‍ ഫൈസി ദേശമംഗലം

രോഗ്യമുള്ള ഒരു ജനതക്കെ സമാധാന പൂർണ്ണമായ ജീവിതം സാധ്യമാകുകയുള്ളൂ. നമ്മളിന്നും പല രോഗങ്ങളില്‍നിന്നും മുക്തരല്ല. തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്‍റെ മുഖമുദ്രകളായി മാറി. അറിവില്ലായ്മകൊണ്ടും അഹങ്കാരം കൊണ്ടും നമ്മള്‍ രോഗത്തെ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യന്നത്.

ആഹാരം, വ്യായാമം തുടങ്ങി ആരോഗ്യം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങളില്‍ ഒരു ചിട്ട വരുത്താനോ കൃത്യമായ ദിനചര്യയില്‍ മുന്നോട്ടുപോകാനോ ആരും ശ്രമിക്കുന്നില്ല. മഹാമാരികളില്‍നിന്ന് മുക്തി നേടിയെങ്കിലും ജീവിതത്തിലെ മാറ്റംമൂലം പല ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും നമ്മളെ അലട്ടുന്നു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിതാന്തജാഗ്രത പുലര്‍ത്തണം.

എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനികള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായതു നമ്മുടെ ആരോഗ്യ സമീപനത്തിന്റെ ഉൽകാഴ്ചക്കുറവ് കൊണ്ടു കൂടിയാണ്. സമൂഹത്തിന്റെ ശുചിത്വ ബോധം കുറെ കൂടി ഉയർന്നാൽ നിയന്ത്രിക്കാനാവുന്നതാണ് ഇത്തരം പകര്‍ച്ചപ്പനികള്‍.

മാലിന്യനിര്‍മാര്‍ജനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത കാണിക്കുകയും കൃത്യസമയത്ത് വിദഗ്ധചികിത്സ തേടുകയും വേണം. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനം എന്ന നിലക്ക് SKSSF ഓഗസ്റ്റ് 2 മുതൽ 31 വരെ ‘ആരോഗ്യ ജാഗ്രത’ക്യാംപെയ്ൻ ആചരിക്കുകയാണ്.

പരിസരശുചിത്വം സ്വന്തം ഉത്തരവാദിത്തമാക്കി പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് ക്യാമ്പയിൻ ക്രമീകരിച്ചിട്ടുള്ളത്. ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളെ ജാഗരൂകരാക്കി, പെരുമാറ്റത്തില്‍ ആരോഗ്യകരമായ മാറ്റം വരുത്തി, പരിസരശുചീകരണം ശീലമാക്കാന്‍ സമൂഹത്തെ സജ്ജമാക്കുക എന്ന വലിയ ദൌത്യമാണ് ഈ ക്യാമ്പൈനിലൂടെ ലക്ഷ്യം വെക്കുന്നത്.

യൂണിറ്റ് തലങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഈ പ്രചാരണ പരിപാടി പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. ശുചിത്വത്തിനെ വിശ്വാസവുമായി ബന്ധപ്പെടുത്തിയ സർവ്വതല സ്പർശിയായ ഒരു മഹാശയത്തിന്റെ പ്രതിനിധികൾ എന്ന നിലക്ക് ഇതൊരു ഇബാദത്തായി പ്രവർത്തകർ ഏറ്റെടുക്കണം.

വ്യക്തിശുചിത്വം പോലെതന്നെ പ്രധാനമാണ് പരിസരശുചിത്വവും. വീടിനുള്ളിലും പുറത്തും താല്‍ക്കാലികമായി വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകിന്റെ വംശവര്‍ധനയ്ക്ക് കാരണമാകുന്നു. എട്ടുമുതല്‍ പത്തുദിവസത്തിനുള്ളില്‍ ഇവയെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയ കൊതുകാകും. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, മന്ത്, ജപ്പാന്‍ജ്വരം തുടങ്ങിയവയെല്ലാം കൊതുകുജന്യരോഗങ്ങളാണ്.

‘കെട്ടി നിൽക്കുന്നതും കുറഞ്ഞൊലിക്കുന്നതുമായ ജലാശയങ്ങളിൽ പ്രാഥമിക കർത്തവ്യങ്ങൾ നിർവ്വഹിക്കരുത്’ എന്ന പ്രവചകധ്യാപനം ഇവിടെ ഓർക്കുക. എലിമൂത്രത്താല്‍ മലിനമായ വെള്ളവും ഭക്ഷണവും എലിപ്പനി ഉണ്ടാക്കും. ഈച്ചകള്‍ വന്നിരുന്ന് മലിനമായ ഭക്ഷണം വയറിളക്കരോഗങ്ങളും ടൈഫോയിഡും മഞ്ഞപ്പിത്തവും പടര്‍ത്തുന്നു.

‘പാത്രങ്ങളുടെ വായകൾ നിങ്ങൾ മൂടി വെക്കണം’ എന്നു പതിനാലു നൂറ്റാണ്ടു മുമ്പ് പ്രവാചകൻ അരുൾ ചെയ്തിട്ടുണ്ട്. രോഗികള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവില്‍ക്കൂടി പകരുന്നതാണ് വൈറല്‍പനി, എച്ച്1 എന്‍1 പനി എന്നിവ. തുമ്മുബോൾ,കോട്ടു വായ ഇടുമ്പോൾ ഇടതു കൈ കൊണ്ട് പൊത്തിപ്പിടിക്കണം എന്ന ഇസ്ലാമികാദ്ധ്യാപനം എത്രമേൽ പ്രസക്തമാണ് എന്നോർക്കുക.

‘നിങ്ങൾ മാലിന്യങ്ങൾ ഒരു ഭാഗത്തു കൂട്ടിയിടരുത് അവിടെ പിശാചിന്റെ വാസ കേന്ദ്രമാക്കും’ എന്ന പ്രവാചക വചനം മനുഷ്യൻ മറന്നു പോകരുത്. വീടുകളില്‍ ആരോഗ്യ ജാഗ്രത സജീവമാക്കുക എന്നത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.

×