ഇടയ്ക്കിടെ മുഖം കഴുകണോ ? മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍ …

ഹെല്‍ത്ത് ഡസ്ക്
Saturday, February 2, 2019

മുഖം ഇടയ്ക്കിടെ കഴുകുന്നവരാണ് ഏറെയും.  എന്നാല്‍ ഇത് ചര്‍മ്മത്തിന് നല്ലതല്ല.   ഇടവിട്ട് മുഖം കഴുകുന്നതു മൂലം ചര്‍മ്മത്തിലെ എണ്ണമയം നഷ്ടമാവുകയും ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. ഇതു മൂലം എണ്ണ കൂടുതലായി ഉത്പാദിപ്പിക്കുന്നതിനും കാരണമായേക്കാം.

മുഖം കഴുകാന്‍ ഉപയോഗിക്കുന്ന ക്‌ളെന്‍സര്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവത്തിന് (വരണ്ടത്, എണ്ണമയമുള്ളത്) യോജിച്ചതാവണം. ക്ലെന്സര്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് പ്രത്യേകം ശ്രദ്ധിക്കണം. കൈകള്‍ നന്നായി വൃത്തിയാക്കിയതിന് ശേഷമേ ക്ലെന്‍സിംഗ് ചെയ്യാവൂ.

ക്‌ളെന്‍സര്‍ ഉപയോഗിച്ച ശേഷം അത് വൃത്തിയായി കഴുകിക്കളയണം. വൃത്തിയായി കഴുകാതിരിക്കുന്നത് അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നതിനും ചര്‍മ്മത്തിലെ ചെറു സുഷിരങ്ങള്‍ അടയുന്നതിനും കാരണമായേക്കാം.

മുഖം കഴുകിയ ശേഷം ടവല്‍ ഉപയോഗിച്ച് മുഖം അമര്‍ത്തി തുടയ്ക്കരുത്. ടവല്‍ ഉപയോഗിച്ച് മുഖത്ത് അമര്‍ത്തി ഉരസുന്നത് ഇലാസ്റ്റിന് തകരാറുപറ്റാന്‍ കാരണമായേക്കാം. മൃദുവായി വെള്ളം ഒപ്പിയെടുക്കാം.

അപ്പോള്‍ തന്നെ മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പൂര്‍ണമായും ഈര്‍പ്പരഹിതമായ ചര്‍മ്മത്തില്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിലെ ആക്ടീവ് ചേരുവകള്‍ക്ക് ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും.

×